ADVERTISEMENT

പൗർണമിയും വെള്ളിയാഴ്ചകളും ലക്ഷ്മീ ദേവിയ്ക്ക് പ്രധാനമാണ് . ഇതനുസരിച്ചു  മിഥുനമാസത്തിലെ മുപ്പെട്ടു വെള്ളിയും പൗർണമിയും ചേർന്നു വരുന്ന സവിശേഷദിനമാണ് 2024 ജൂൺ 21 വെള്ളിയാഴ്ച്ച. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും 

ഏതൊരു വ്യക്തിയുടെയും സ്വൈര്യ ജീവിതത്തിനു അനിവാര്യമായ ഒരു കാര്യമാണ് ധനം. ധനസമൃദ്ധിയുണ്ടെങ്കിൽ ജീവിതത്തിലെ ഒരുവിധപ്പെട്ട പ്രശ്‌നങ്ങൾക്കെല്ലാം തന്നെ പരിഹാരം കാണാൻ സാധിക്കും. ഇതിനു സഹായിക്കുന്ന ഒന്നാണ് ഹൈന്ദവാചാരപ്രകാരം അനുഷ്ഠിക്കുന്ന മുപ്പെട്ടു വെള്ളി വ്രതം. ലക്ഷ്മീ പ്രാധാന്യമുള്ള ദിനമാണിത് . ഇന്നേ ദിനം ലക്ഷ്മി ദേവിയെയും ഗണപതിയേയും പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ ധനാപരമായും സാമ്പത്തികപരമായും ഉയർച്ചയുണ്ടാകും. 

ഓരോ മലയാള മാസത്തിലും ആദ്യം വരുന്ന ആഴ്ചദിനങ്ങളെ മുപ്പെട്ട് ഞായർ‍, മുപ്പെട്ട് തിങ്കൾ, മുപ്പെട്ട് ചൊവ്വ, മുപ്പെട്ട് ബുധൻ, മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്നു വിളിക്കുന്നു. 

ഇത്തരത്തിൽ മുപ്പെട്ട് വെള്ളിയാഴ്ചകളിൽ ആചാരശുദ്ധിയോടെ വ്രതം ആചരിക്കുന്നത് ദുരിതങ്ങളിൽ നിന്ന് കരകയറുന്നതിനും ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിനും സഹായിക്കുന്നു. ലളിതാസഹസ്രനാമം, മഹാലക്ഷ്മീ അഷ്ടകം എന്നിവ ജപിക്കുന്നതും ഗണേശ അഷ്ടോത്തര ശതനാമാവലി ജപിക്കുന്നതും ഈ ദിവസം ഉത്തമമായി കണക്കാക്കപ്പെടുന്നു. കടങ്ങള്‍ ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാർഥിക്കുന്നതും ഉത്തമമാണ്.

ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ മഹാലക്ഷ്മ്യഷ്ടകജപം നടത്തുന്നത് സാമ്പത്തികമായ എല്ലാവിധ ദുരിതങ്ങളെയും അകറ്റുന്നു. മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള വീടുകളിൽ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു. അല്ലാത്തപക്ഷം കുടുംബത്തിൽ വഴക്ക്, അനൈക്യം, കോപം എന്നിവ ഫലമായി വരുന്നു. 

മുപ്പെട്ട് വെള്ളി വ്രതം എങ്ങനെ ?

മുപ്പെട്ട് വെള്ളി വ്രതം ആചരിക്കുന്നതിനായി അതിരാവിലെ തന്നെ കുളിച്ചു പൂജാമുറിയിൽ ലക്ഷ്മി രൂപത്തിന് മുന്നിൽ  നിലവിളക്ക് തെളിച്ചു പ്രാർഥിക്കണം. രാവിലെയും വൈകിട്ടും ശരീരം, മനസ് എന്നിവ ശുദ്ധമാക്കി മേൽപ്പറഞ്ഞ മന്ത്രങ്ങളും മഹാലക്ഷ്മ്യഷ്ടകവും ചൊല്ലാം. ഉച്ചക്ക് അരിയാഹാരം കഴിക്കാവുന്നതാണ്. എന്നാൽ മറ്റ് രണ്ട് നേരങ്ങളിൽ ധാന്യഭക്ഷണങ്ങൾ കഴിക്കണം.  ഇന്നേ ദിവസം അഗതികൾക്ക് ധാന്യം, ആഹാരം എന്നിവ ദാനം ചെയ്യുന്നത് ഉത്തമമാണ്.

തുളസിയിലയിട്ട വെള്ളം കുടിക്കുന്നതും പക്ഷിമൃഗാദികൾക്ക് അന്നം നൽകുന്നതും ഈശ്വര സേവാ നടത്തുന്നതും ഇന്നേ ദിവസം ഗുണകരമായി കണക്കാക്കുന്നു. തുടർച്ചയായ് 12  മുപ്പെട്ട് വെള്ളി വ്രതങ്ങൾ അനുഷ്ഠിക്കുന്നത്  ആജീവനാന്ത സാമ്പത്തിക ഉയർച്ചക്ക് കാരണമാകുന്നു. 

മഹാലക്ഷ്മ്യാഷ്ടകം

‘നമസ്‌തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്‌തേ മഹാലക്ഷ്മി നമോസ്തുതേ!’

‘നമസ്‌തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി

സര്‍വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!’

‘സര്‍വജ്ഞേ സര്‍വവരദേ, സര്‍വദുഷ്ടഭയങ്കരീ

സര്‍വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ’

‘സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ’

‘ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ

യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ’

‘സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ’

‘പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ’

‘ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാതര്‍ മഹാലക്ഷ്മീ നമോസ്തുതേ’

English Summary:

Significance of Muppettu Velli and Pournami in Midhunam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com