വളയനാട് ദേവീ ക്ഷേത്രത്തിൽ ചാന്താട്ടം ബുധനാഴ്ച; ഒപ്പം, വിശേഷാൽ പൂജകളും മട്ടന്നൂരിന്റെ തായമ്പകയും
Mail This Article
വളയനാട് ദേവീ ക്ഷേത്രത്തിൽ ബുധനാഴ്ച (ജൂലൈ 31) സപ്തമാതൃക്കൾക്കും, ദേവിക്കും ചൈതന്യ വർധനവിനും നാടിന്റെ ഐശ്വര്യത്തിനുമായി അനുഷ്ഠാന വിധികളോടെ ‘ചാന്താട്ട’ അഭിഷേകം നടത്തുന്നു. ഇതിന്റെ ഭാഗമായി നിത്യപൂജകൾക്ക് പുറമേ വിശേഷാൽ പരിപാടികൾ സംഘടിപ്പിക്കുന്നു.
രാവിലെ 8.30ന് ശേഷം വട്ടോളി ഇല്ലത്ത് കൃഷ്ണൻ മൂസതിന്റെയും കുഞ്ഞിശങ്കരൻ മൂസതിന്റെയും നടുവിൽപാട്ട് ഇല്ലത്ത് കേശവൻ മൂസതിന്റെയും (ഊഴം മേൽശാന്തി) കാർമ്മികത്വത്തിൽ ചാന്ത് പൂജ, കലശപൂജ, പാണി, ഉച്ചപൂജ എന്നിവ നടക്കും. ഉച്ചപൂജയ്ക്ക് ശേഷം പ്രസാദ ഊട്ട്. വൈകിട്ട് അഞ്ചിന് കാഴ്ചശീവേലി. ചാന്താട്ടത്തിന് ആവശ്യമായ ഒരു ടിൻ ചാന്തിന് 18750 രൂപയും ഒരു കിലോയ്ക്ക് 1250 രൂപയുമാണ് നിരക്ക്.
വൈകിട്ട് 6.30ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ നേതൃത്വം നൽകുന്ന ത്രിപിൾ തായമ്പക അരങ്ങേറും. രാത്രി ഒൻപതിന് വാദ്യത്തോടുകൂടി കുറുപ്പിന്റെ ഈടും കൂറും, നൃത്തവും, കൽപനയും കഴിഞ്ഞ് നാന്തകം അകത്തേക്ക് എഴുന്നള്ളിക്കൽ. ഭക്തജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.