ADVERTISEMENT

തുളസിച്ചെടി നട്ട് പരിപാലിക്കാത്ത ഹൈന്ദവഗൃഹങ്ങൾ ശുഷ്കമാണ്. വിശേഷപ്പെട്ട ഒരു സസ്യമായാണ് തുളസിയെ കാണുന്നത്. മഹാവിഷ്ണുവിന്റെ പത്‌നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടി എന്നാണ് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ പറയുന്നത്. അതിനാൽ തന്നെ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ് തുളസിച്ചെടിയെ ആരാധിക്കുന്നത്. ലക്ഷ്മീദേവി തുളസി ചെടിയായി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്.

ഒരിക്കൽ ലക്ഷ്മീദേവിയും സരസ്വതീദേവിയും തമ്മിൽ വാഗ്‌വാദം ഉണ്ടായി. അനന്തരം ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെയെന്ന് ഒരിക്കൽ സരസ്വതി ശപിച്ചു. എന്നാൽ ലക്ഷ്മീദേവിക്ക് കിട്ടിയ ശാപത്തിൽ ഗംഗാദേവിക്ക് അതൃപ്തി ഉണ്ടാകുകയും ഗംഗ സരസ്വതിയെ ശപിച്ച് നദിയാക്കുകയും ചെയ്തു. തന്നെ ശപിച്ച ഗംഗയെ സരസ്വതി തിരികെ ശപിച്ചു. ദേവനദിയായ ഗംഗ ഭൂമിയിൽ ഒഴുക്കട്ടെ എന്നാണ് സരസ്വതി ശപിച്ചത്.

ശാപം ലഭിച്ച ലക്ഷ്മീദേവിയെ മഹാവിഷ്ണു അടുത്തെത്തി ആശ്വസിപ്പിക്കുകയും ഭൂമിയിൽ പോയി ധർമ്മധ്വജന്റെ ഗൃഹത്തിൽ ജനിച്ച് ഉത്തമ പുത്രിയായി വളരാൻ ആവശ്യപ്പെട്ടു. അവിടെ വച്ച് മൂന്നു ലോകങ്ങളെയും പരിശുദ്ധമാക്കുന്ന ചെടിയായി ലക്ഷ്മി മാറുമെന്ന് വിഷ്ണു പറഞ്ഞു. അങ്ങനെയാണ് ലക്ഷ്മീ ദേവി ഭൂമിയിൽ തുളസി ചെടിയായി അവതരിക്കുന്നത്. ഉപമയില്ലാത്തവൾ, പകരം വയ്ക്കാൻ ആളില്ലാത്തവൾ എന്നെല്ലാമാണ് തുളസിയുടെ അർഥം.

ഇത്തരത്തിൽ ഭൂമിയിലെത്തിയ ലക്ഷ്മീദേവിയുടെ അവതാരമായ തുളസിയെ ആരാധിക്കുന്നത് ഭൂമിയിൽ മാത്രമല്ല , മൂന്നു ലോകങ്ങളിലും ഐശ്വര്യകരമായി കരുതുന്നു. ദേവീ ഭാഗവതം നവമസ്‌കന്ധത്തിൽ പതിനഞ്ചാം അദ്ധ്യായത്തിൽ തുളസിയുടെ കഥ വ്യക്തമായി പറയുന്നുണ്ട്. ദ്വാദശിക്കും കറുത്തവാവിനും വെളുത്തവാവിനും തുളസീ ദളം പൊട്ടിക്കരുതെന്നാണ് പറയുന്നത്. അത് പോലെ തന്നെ, സന്ധ്യ, രാത്രി നേരങ്ങളിലും തുളസി പറിക്കരുത്. പുലയുള്ളപ്പോഴും വാലായ്മയുള്ളപ്പോഴും ശരീരശുദ്ധി ഇല്ലാതെയും തുളസി പൊട്ടിക്കരുതെന്നാണ് പറയുന്നത്.

എന്നും കുളിച്ചു ശുദ്ധിയോടെ തുളസിനാമാഷ്ടകം ചൊല്ലുന്നത് വീട്ടിൽ അനർഥങ്ങൾ അകറ്റി, ധനധാന്യ സമൃദ്ധി ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. തുളസിയുടെ എട്ടു നാമങ്ങൾ ചേർന്ന നാലുവരിയാണ് തുളസീനാമാഷ്ടകം.

'വൃന്ദ, വൃന്ദാവനീ വിശ്വ-
പൂജിതാ വിശ്വപാവനീ
നാന്ദിനീ പുഷ്പസാരാഖ്യ
തുളസീ കൃഷ്ണ ജീവനി' എന്ന തുളസിനാമാഷ്ടകം ദിനവും ചൊല്ലുന്നത് അത്യന്തം ഗുണകരമായി കണക്കാക്കപ്പെടുന്നു.

തുലാമാസത്തിൽ നടക്കുന്ന തുളസീ പൂജ വളരെ പ്രധാനമാണ്.നവംബർ 13 ബുധനാഴ്ചയാണ് ഇത്തവണത്തെ തുളസിപൂജ അവസാനിക്കുന്ന ദിനം. ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിയും തമ്മിൽ വിവാഹിതരായ ദിനമെന്ന രീതിയിലാണ് കാർത്തിക മാസത്തിലെ ദ്വാദശി ദിനത്തിൽ തുളസി വിവാഹപൂജ നടത്തുന്നത്.

വ്രതശുദ്ധിയോടെ തുളസി വിവാഹപൂജ നടത്തുന്നത് ദാമ്പത്യ ക്ഷേമത്തിനും മംഗല്യ ഭാഗ്യത്തിനും ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്. തുളസിച്ചെടി കണ്ടുകൊണ്ട് ദിനം ആരംഭിക്കുന്നത് അത്യന്തം ക്ഷേമകരമായി കണക്കാക്കപ്പെടുന്നു.

English Summary:

Discover the fascinating story and religious significance of the Tulsi plant in Hinduism. Learn about its connection to Lakshmi Devi, the benefits of worshipping it, and important rituals associated with it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com