ആയിരം പ്രദോഷത്തിനു തുല്യം ഈ അനുഷ്ഠാനം; ശിവരാത്രിയിലെ യാമപൂജ

Mail This Article
ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ്. ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമ പൂജകൾ ആണുള്ളത്. പൊതുവെ രാത്രി എട്ടര, പതിനൊന്ന്, രാവിലെ ഒന്നര, നാല്, ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്. ഈ അഞ്ചു യാമപൂജകളില്‍ പങ്കെടുത്താല്‍ ആയിരം പ്രദോഷം അനുഷ്ഠിക്കുന്നതിനു തുല്യമാണെന്നാണ് വിശ്വാസം.
ഒരു യാമപൂജയെങ്കിലും ദർശിച്ചു പ്രാർഥിക്കുന്നത് അതീവ പുണ്യമാണ്. പൂജയിലുടനീളം പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. ക്ഷിപ്രപ്രസാദിയായ മഹാദേവനെ തികഞ്ഞ ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക് ഫലം ലഭിക്കും എന്നാണ് വിശ്വാസം. ക്ഷേത്ര സന്നിധിയിൽ നിന്നുള്ള ജപം ഇരട്ടി ഫലം നൽകും.
ശിവരാത്രി ദിവസം ശയനപ്രദക്ഷിണം സമർപ്പിക്കുന്നത് നാലിരട്ടി ഫലം നൽകുമെന്നാണ് വിശ്വാസം. അഭീഷ്ടസിദ്ധിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണിത്. ശയനപ്രദക്ഷിണത്തിലൂടെ ശരീരത്തിനു ദിവ്യമായ ചൈതന്യം ലഭിക്കുന്നു. ശരീരത്തിലെ ഊർജം വർധിക്കുന്നു. മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുന്നു. പുരുഷന്മാർ ശയനപ്രദക്ഷിണവും സ്ത്രീകൾ അടി പ്രദക്ഷിണവും നടത്തുന്നതാണ് ഉത്തമം. ശയനപ്രദക്ഷിണത്തിനു തുല്യമായി ഇതു കണക്കാക്കപ്പെടുന്നു.