പ്രസിദ്ധമായ കരിക്കകം പൊങ്കാല ഏപ്രിൽ 9 ന്, ഐതിഹ്യം ഇങ്ങനെ

Mail This Article
കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ 7–ാം ഉത്സവ ദിവസം നടക്കുന്ന അതിപ്രധാനവും അതിവിശിഷ്ടവും ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്നതുമായ ചടങ്ങാണ് പൊങ്കാല. ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളിലാണ് പൊങ്കാല. പണ്ട് ദേവിയെ ഗുരുവും മന്ത്രമൂർത്തിയും ചേർന്ന് കരിക്കകം ദേശത്തേക്ക് കൊണ്ടുവന്ന് തറവാട് മുറ്റത്ത് പച്ചപന്തൽ കെട്ടി പ്രതിഷ്ഠ നടത്തിയ സമയത്ത് സ്ത്രീ ഭക്തജനങ്ങൾ ദേവിക്ക് പന്തൽ മുറ്റത്ത് മൺകലങ്ങളിൽ പായസം തയാറാക്കി നിവേദിക്കുകയുണ്ടായി. പിന്നീട് ക്ഷേത്രങ്ങൾ പണികഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ച വേളയിൽ ‘വച്ചു നിവേദ്യം’ എന്ന പേരിൽ നിവേദ്യമായി ആചരിച്ചു പോന്നു. കാലക്രമേണ അഷ്ടമംഗല ദേവപ്രശ്നത്തിൽ ഈ വിഷയം തെളിയുകയും ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങി വന്ന ശേഷം ദേവി കരിക്കകം ദേശത്ത് വന്നതിന്റെ സ്മരണാർഥം പഴയ കാലത്ത് സ്ത്രീജനങ്ങൾ പൊങ്കാല അർപ്പിച്ച് ദേവിയെ എതിരേറ്റത് പോലെ ആണ്ട് തോറും മീനമാസത്തിലെ മകം നാളിൽ ഭക്തജനങ്ങൾ പൊങ്കാലയിട്ട് ദേവീകടാക്ഷത്തിനായി പ്രാർഥിക്കുകയും ദേവി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. രാവിലെ 9.40 മണിയോടെ ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.15 ന് തർപ്പണത്തോടു കൂടി അവസാനിക്കുന്നു.

ക്ഷേത്രത്തിന്റെ ഐതിഹ്യം
തലമുറക്കാരും ജ്യോതിഷ പണ്ഡിതന്മാരും 600 വർഷത്തിലേറെ പഴക്കം നിർണയിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് അറിയപ്പെടുന്നത്. വനശൈലാദ്രി സ്ഥാനനിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂർവ ഭാഗത്തുനിന്നാണെന്നും വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രാഹ്മണാചാര്യന്റെ ഉപാസനമൂർത്തിയായി പരിലസിച്ചിരുന്ന ആ ദേവിയെ തന്ത്രിവര്യന്റെ സന്തതസഹചാര്യത്വം സിദ്ധിച്ച മടത്തുവീട് തറവാട്ടിലെ കുടുംബകാരണവരായ യോഗിവര്യന് ഉപാസിച്ചു കൊള്ളാൻ തന്ത്രി ഉപദേശിച്ചിട്ടുള്ളതും അപ്രകാരം സിദ്ധിച്ച ദേവി ഒരു ബാലികാരൂപത്തിൽ സാന്നിധ്യം ചെയ്ത് ഗുരുവിന്റെയും യോഗീശ്വരന്റെയും കൂടെ പുറപ്പെട്ട് തറവാട്ടിൽ കരിക്കകം ക്ഷേത്രസ്ഥാനത്തു വന്ന് പച്ചപ്പന്തൽ കെട്ടി ദേവിയെ കുടിയിരുത്തുകയും അതിനുശേഷം ക്ഷേത്രം പണികഴിപ്പിച്ച് ഗുരുവിനെ കൊണ്ടു തന്നെ വിധി പ്രകാരം ദേവിയെ പ്രതിഷ്ഠിച്ച് പൂജാദികർമങ്ങൾ നടത്തിയതിൽ ദേവി ആരാധനാ മൂർത്തിയായി സാന്നിധ്യം ചെയ്ത് ത്രിഗുണാത്മികയായും, ഭക്തജനങ്ങൾക്ക് അഭീഷ്ടവരദായിനിയായും പരിലസിച്ചു പോരുന്നു.
മുൻകാലങ്ങളിൽ ദിക്ക്ബലി എന്ന ഒരു ചടങ്ങിന് ദേവി പുറത്തെഴുന്നള്ളുമായിരുന്നു. കോളറ, വസൂരി, തുടങ്ങിയ മാരക രോഗങ്ങൾ നാട്ടിൽ പടർന്നു പിടിക്കുമ്പോൾ നാട്ടുകാരുടെ ആവശ്യ പ്രകാരമാണ് അത്തരത്തിൽ ഒരു ചടങ്ങ് നടത്തിയിരുന്നത്. അതിന് നിർബന്ധമായും പരമ്പരാഗതശൈലിയിലുള്ള വാദ്യമേളങ്ങൾ ഉണ്ടായിരിക്കുകയും അനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്തിരുന്നു. ഉദ്ദേശം 8 കിലോമീറ്റർ ചുറ്റളവിൽ നാലു ദിക്കിലായി ഇതിന്റെ പൂജകളും കുരുതിയും നടത്തിയിരുന്നു. ഇന്ന് അത് ഉത്സവനാളിൽ ദേവിയുടെ പുറത്തെഴുന്നള്ളത്തായി ആചരിച്ചു വരുന്നു.
ദേവീനട
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിൽ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുൻകാലങ്ങളിൽ വെള്ളി മുഖത്തോടുകൂടിയ കലമാൻ കൊമ്പിൽ മൂലസ്ഥാനത്ത് പീഠത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പ്രശ്ന വിധിയിൽ ഭക്തർക്ക് രൂപം കണ്ട് തൊഴുത് പ്രാർഥിക്കാൻ വിഗ്രഹ പ്രതിഷ്ഠ വേണം എന്ന് കണ്ടതിനെ തുടർന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവിൽ അതേ അളവിൽ നിർമിച്ച് ദേവിയെ പഞ്ചലോഹ വിഗ്രഹത്തിൽ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു (1997 മാർച്ച് 21 ന്). നിത്യശാന്തിക്കും മാറാരോഗങ്ങൾ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരക്കണക്കിന് ആളുകൾ ദേവിയെ ദിനംപ്രതി തൊഴുതു മടങ്ങുന്നു. ഭക്തർക്ക് പ്രത്യേകമായി ദേവിക്ക് ഒരു നേരത്തെ പൂജ നടത്താവുന്നതാണ്. ഇത് ദേവിനടയിലെ പൂജ എന്നാണ് അറിയപ്പെടുന്നത്. കഷ്ടതകളും ദുരിതങ്ങളും ദേവീ കടാക്ഷത്താൽ മാറി കിട്ടുന്നതിനാണ് ഈ പൂജ നടത്തുന്നത്. കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. അർച്ചന, രക്തപുഷ്പാർച്ചന, സ്വയംവരാർച്ചന, സഹസ്രനാമാർച്ചന, പാൽപായസം, പഞ്ചമൃതാഭിഷേകം, നെയ് വിളക്ക്, വച്ചുനിവേദ്യം, പൗർണമി പൂജ, സാരിച്ചാർത്ത്, പിടിപ്പണം വാരൽ, ഉടയാടകൾ, നേർച്ച എന്നിവ ഈ നടയിൽ വഴിപാടായി നടത്താവുന്നതാണ്. രാവിലെ നിർമാല്യദർശനം കഴിഞ്ഞാൽ ഉടൻ ദേവിക്ക് നടത്താവുന്ന വഴിപാടാണ് പഞ്ചാമൃതാഭിഷേകം. കാര്യങ്ങൾ താമസം കൂടാതെ നടക്കുന്നതിനും ദോഷങ്ങൾ മാറി കിട്ടുന്നതിനുമായി ദേവിക്ക് തുടർച്ചയായി 13 വെള്ളിയാഴ്ച രക്തപുഷ്പാർച്ചന നടത്തുന്നതും ദേവീദർശനം ചെയ്യുന്നതും വളരെ ഉത്തമമാണ്. അതുകൂടാതെ ദേവി നടയിൽ നിന്നും ദേഹസൗഖ്യത്തിനും ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ട് പേടിക്കാതിരിക്കുന്നതിനും ബാധകൾ കൊണ്ടുള്ള ദോഷങ്ങൾ മാറുന്നതിനും ചരട് ജപിച്ച് കെട്ടുന്നു. തകിടെഴുതി ദേവീ പാദത്തിൽ വെച്ച് 21 ദിവസം പൂജിച്ച് കെട്ടുന്നത് പ്രസവരക്ഷയ്ക്കും ദേഹ രക്ഷയ്ക്കും മറ്റ് ദോഷങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും വളരെ ഉത്തമമാണ്.

രക്തചാമുണ്ഡി നട
ക്ഷിപ്ര പ്രസാദിനിയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയുമായ ശ്രീ. രക്തചാമുണ്ഡി കുടികൊള്ളുന്ന ആലയമാണ്. ഇവിടെ രൗദ്രഭാവത്തിലുള്ള രക്തചാമുണ്ഡി ദേവിയുടെ ചുവർചിത്രമാണ്. പണ്ട് രാജഭരണ കാലത്ത് നീതി നിർവഹണത്തിനു വേണ്ടി ഈ സങ്കേതത്തിൽ വന്ന് സത്യം ചെയ്യുക എന്നത് ഒരു ചടങ്ങായിരുന്നു. കോടതി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിയാത്ത കേസുകൾക്ക് ഈ നടയിൽ വന്ന് സത്യം ചെയ്യുന്നത് നിത്യ സംഭവമാണ്. ഇപ്പോഴും നാടിന്റെ നാനാഭാഗത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും പണമിടപാടുകളിലെ പിശകുകൾക്കും മോഷണങ്ങൾക്കും പിടിച്ചുപറി, തട്ടിപ്പ്, ജോലിസംബന്ധമായ തടസ്സങ്ങൾ, വസ്തു ഇടപാടുകളിലെ തർക്കം, എന്നിവയ്ക്ക് 151 രൂപ പിഴ അടച്ച് നടതുറന്ന് സത്യം ചെയ്യുകയും വിളിച്ചപേക്ഷിക്കുന്നതും തീർപ്പു കൽപ്പിക്കുന്നതും ഇവിടത്തെ നിത്യസംഭവങ്ങളാണ്. ഈ നടയിലെ പ്രധാനപൂജ ശത്രുസംഹാരപൂജയാണ്. വിളിദോഷങ്ങൾ മാറുന്നതിനും ക്ഷുദ്രപ്രയോഗങ്ങൾ, പുതുതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ, കൈവിഷം, ദൃഷ്ടിദോഷം ജാതകദോഷം, ശത്രുക്കൾ മുഖാന്തരം ഉണ്ടാകുന്ന ചതിപ്രയോഗങ്ങൾ എന്നിവയ്ക്ക് മുക്തി ലഭിക്കുന്നതിനുമാണ് പ്രത്യേക പൂജ നടത്തുന്നത്. രക്തചാമുണ്ഡിക്ക് കടുംപായസം, ചുന്ന പട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേർച്ചകളും സ്വർണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും ആയുധങ്ങളും ദേവിക്ക് നടയ്ക്ക് വയ്ക്കാവുന്നതാണ്. ഈ നടയിലെ നടതുറപ്പ് നേർച്ച ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 7.15 മുതൽ 11 മണിവരെയും വൈകുന്നേരം 4.45 മുതൽ 6 മണി വരെയും നടത്താവുന്നതാണ്. ഈ നടയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ നടതുറപ്പ് നേർച്ച നടത്തുന്നതിന് ദിനംപ്രതി അനേകം പേരാണ് വന്നെത്തുന്നത്.
ബാലചാമുണ്ഡി നട
ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീബാലചാമുണ്ഡി ദേവി കുടി കൊള്ളുന്ന ആലയമാണ്. ഇവിടെ സൗമ്യരൂപത്തിലുള്ള ശ്രീബാലചാമുണ്ഡി ദേവിയുടെ ചുവർചിത്രമാണ്. ദേവീനടയ്ക്കും രക്തചാമുണ്ഡിനടയ്ക്കും തൊട്ട് തെക്കുവശത്തായി ചാമുണ്ഡനിഗ്രഹം കഴിഞ്ഞ് കോപമെല്ലാം ശമിച്ച് ശാന്തരൂപത്തില്‍ ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ദേവിയുടെ സൗമ്യരൂപത്തിലുള്ള സങ്കൽപമായതിനാൽ കൂടുതലും കുട്ടികൾക്കുള്ള നേർച്ചയാണ് ഈ നടയിൽ നടത്തപ്പെടുന്നത്. സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് സന്താനഭാഗ്യം സിദ്ധിക്കുന്നതിനും കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ബാലാരിഷ്ടതകൾ മാറുന്നതിനും 151 രൂപ പിഴ അടച്ച് നട തുറന്ന് വിളിച്ച് പ്രാർഥിച്ചാൽ ദേവി അതിനുടനടി അനുഭവം നൽകുമെന്നാണ് വിശ്വാസം. ഇങ്ങനെ നട തുറന്ന് പ്രാർഥിച്ച് കാര്യങ്ങൾ നടക്കുമ്പോൾ ഭക്തജനങ്ങൾ നേർച്ചയായി പ്രത്യേക പൂജ നടത്തുന്നു. കടുംപായസം, പട്ട്, മുല്ല, പിച്ചി എന്നിവയിലുള്ള ഹാരങ്ങള്‍, ഉടയാടകൾ, സ്വർണം, വെള്ളി എന്നിവയിലുള്ള രൂപങ്ങൾ, സന്താനലബ്ധിക്കായി തൊട്ടിലും കുഞ്ഞും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ മറ്റ് സാധനങ്ങൾ, കുഞ്ഞൂണ്, തുലാഭാരം എന്നീ നേർച്ചകൾ നടത്താവുന്നതാണ്. വിദ്യാഭ്യാസം, കലാസാംസ്കാരിക രംഗങ്ങളിൽ ഉയർച്ച ഉണ്ടാകുന്നതിനും മത്സരപരീക്ഷകളിൽ വിജയിക്കുന്നതിനും വേണ്ടി ഇവിടെ നടതുറന്ന് പ്രാർഥിക്കുമ്പോൾ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.