ട്രംപിന്റെ പകരച്ചുങ്കം! പിടിതരാതെ പൊന്ന്; ഒരുമാസത്തിനിടെ കേരളത്തിൽ 3,000 രൂപയിലേറെ കുതിപ്പ്

Mail This Article
കൊച്ചി∙ ഈ മാസം ഇന്നലെവരെ സംസ്ഥാനത്ത് പവന് 3200 രൂപയും ഗ്രാമിന് 400 രൂപയും കൂടി. കഴിഞ്ഞ മൂന്നു മാസത്തിനിടെ വർധിച്ചത് 9520 രൂപ. ഈ മാസം 20ന് രേഖപ്പെടുത്തിയ പവന് 66,480 രൂപയായിരുന്നു ഇതുവരെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇന്നും (മാർച്ച് 29) സ്വർണവില കത്തിക്കയറി പുതിയ ഉയരംതൊട്ടു. വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിൽ ഈ മാസം ഇതുവരെ സ്വർണത്തിന് രാജ്യാന്തര വിപണിയിൽ ഏകദേശം 225 ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ലാഭമെടുപ്പു നടന്നില്ലെങ്കിൽ രാജ്യാന്തരവില ഉടൻ 3100 ഡോളർ എന്ന റെക്കോർഡ് നിരക്കിലേക്ക് എത്തുമെന്നാണു പ്രവചനം.
കേരളത്തിൽ ഇന്നലെ പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ചതോടെ വില 66720 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 105 രൂപ ഉയർന്ന് 8340 രൂപയായി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണമായിരുന്നു ഇന്നലെ.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്നു രാജ്യാന്തര സ്വർണവില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതാണു സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 3080 ഡോളർ എന്ന റെക്കോർഡ് നിരക്കിലാണ്.
ട്രംപിന്റെ പകരച്ചുങ്കം മൂലം യുഎസ് സാമ്പത്തിക വ്യവസ്ഥ സമ്മർദത്തിലാകുമെന്ന വിലയിരുത്തലുകളെ തുടർന്നു സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള വൻകിട നിക്ഷേപകരുടെ സ്വർണം വാങ്ങൽ ഉയർന്നതാണു വില വർധനയ്ക്കു കാരണം.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business