ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിന്റെ പുതിയ സാമ്പത്തികനയങ്ങളുടെ കരുത്തിൽ‌ രാജ്യാന്തര തലത്തിൽ മറ്റു കറൻസികളെ തരിപ്പണമാക്കി ഡോളറിന്റെ മുന്നേറ്റം. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 107.56ൽ നിന്നുയർന്ന് 107.76ൽ എത്തി.

A bank employee fans a bundle of US dollars 06 January during the launch of an army campaign to help stabilize the ailing Thai baht by encouraging Thais to sell their foreign currencies. Thailand's army chief Gen Chettha Thanajaro kicked off the campaign during which people who exchange foreign currencies worth 50 USD will be given a "Helping the Nation" pin. AFP PHOTO/Pornchai KITTIWONGSAKUL (Photo by PORNCHAI KITTIWONGSAKUL / AFP)
Photo by PORNCHAI KITTIWONGSAKUL / AFP

ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ചരിത്രത്തിലാദ്യമായി 87.50നും താഴേക്ക് നിലംപൊത്തി. ഒരുഘട്ടത്തിൽ മൂല്യം ഇന്ന് 87.57 എന്ന സർവകാല താഴ്ചയിലേക്ക് വീണു. ഇന്നലെ രേഖപ്പെടുത്തിയ 87.48 എന്ന റെക്കോർഡാണ് തകർന്നത്. റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ പൊതുമേഖലാ ബാങ്കുകൾ വഴി ഡോളർ വിറ്റഴി‍ച്ച് രൂപയുടെ വീഴ്ചയുടെ ആക്കംകുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്നു രൂപ കൂടുതൽ ഇടിയുമായിരുന്നു.

ശക്തിയാർജിച്ച് ഡോളർ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട വ്യാപാരയുദ്ധമാണ് ഡോളറിന് കരുത്താവുന്നത്. മെക്സിക്കോ, കാനഡ, ചൈന എന്നിവയ്ക്കുമേൽ കനത്ത ഇറക്കുമതി ചുങ്കഭാരം അടിച്ചേൽപ്പിച്ച ട്രംപ്, മെക്സിക്കോയ്ക്കും കാനഡയ്ക്കും ഒരുമാസത്തെ ‘ആശ്വാസം’ സമ്മാനിച്ചെങ്കിലും ചൈനയ്ക്ക് ഈ ആനുകൂല്യം നൽകിയില്ല. യുഎസിനുമേൽ ചൈനയും അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെയാണ് ‘ഔദ്യോഗികമായി’ വ്യാപാരയുദ്ധം തുടങ്ങിയത്.

Indian business man counting newly launched indian five hundred rupees. Money counting background concept with copy space.
Indian rupee

ട്രംപിന്റെ സാമ്പത്തിക നയങ്ങൾ യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികച്ചെലവുകൾ കൂടാനിടയാക്കുന്നതാണ്. ഇതു ഗവൺമെന്റ് കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി യീൽഡ്), ഡോളറിന്റെ മൂല്യം എന്നിവയെ ഉയർത്തും. ഇറക്കുമതി തീരുവ വർധിപ്പിച്ച നടപടി യുഎസിൽ പണപ്പെരുപ്പം കൂടാനും വഴിവയ്ക്കും. ഫലത്തിൽ, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തയാറാവുകയുമില്ല. 

ഇതെല്ലാം ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കുകയാണ്. ഇതാണ് രൂപയടക്കം മറ്റ് കറൻസികളെ വലയ്ക്കുന്നത്. ഇന്ത്യയിൽ ഓഹരി, കടപ്പത്ര വിപണിയിൽ നിന്ന് വിദേശ നിക്ഷേപം ഇടിയുന്നതും എണ്ണക്കമ്പനികൾ അടക്കമുള്ള ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് ഡിമാൻഡ് വർധിച്ചതും രൂപയ്ക്ക് ക്ഷീണമായി. 

കുതിച്ചുയർന്ന് ദിർഹവും

ഡോളർ മുന്നേറിയത് യുഎഇ ദിർഹം ഉൾപ്പെടെയുള്ള ഗൾഫ് കറൻസികളുടെ മൂല്യക്കുതിപ്പിനും വഴിയൊരുക്കി. യുഎഇ ദിർഹം, സൗദി റിയാൽ തുടങ്ങിയ ജിസിസി കറൻസികളുടെ അടിസ്ഥാനം തന്നെ യുഎസ് ഡോളറാണ്. അതായത്, ഡോളർ മുന്നേറുമ്പോൾ ആനുപാതികമായി ഇവയും ഉയരും. നിലവിൽ, രൂപയ്ക്കെതിരെ യുഎഇ ദിർഹം 23.86 എന്ന സർവകാല റെക്കോർഡിൽ എത്തിയിട്ടുണ്ട്.

പ്രവാസികൾക്കും കയറ്റുമതിക്കാർക്കും നേട്ടം

രൂപയുടെ തളർച്ച കൂടുതൽ നേട്ടമാകുന്നത് പ്രവാസികൾക്കും കയറ്റുമതി രംഗത്തുള്ളവർക്കുമാണ്. ഏതാനും മാസം മുമ്പുവരെ ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ കിട്ടിയിരുന്നത് 83 രൂപയായിരുന്നെങ്കിൽ‌ ഇന്ന് 87 രൂപയിലധികം കിട്ടും. ഒരു ദിർഹം നാട്ടിലേക്ക് അയച്ചാൽ കഴിഞ്ഞവർഷം 22 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 23.86 രൂപയായി. 

rupee

രൂപ ദുർബലമാകുന്നത് കയറ്റുമതി വരുമാനം കൂടാൻ സഹായിക്കുമെന്നത് ഐടി, ഫാർമ ഉൾപ്പെടെ ഈ രംഗത്തുള്ളവർക്ക് നേട്ടമാണ്. അതേസമയം, ഇറക്കുമതിച്ചെലവ് കൂടുമെന്നതിനാൽ ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ വില ഉയരും.

ഇറക്കുമതിച്ചെലവ് ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി (ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം), കറന്റ് അക്കൗണ്ട് കമ്മി (വിദേശനാണയ വരുമാനവും ചെലവും തമ്മിലെ അന്തരം) എന്നിവയും കൂടാനിടയാക്കും. ഇത് സർക്കാരിനും റിസർവ് ബാങ്കിനും സമ്മർദ്ദമാകും. സർക്കാർ ഇറക്കുമതി നിയന്ത്രണങ്ങളിലേക്ക് കടന്നേക്കാം. മറ്റൊന്ന് വിദേശയാത്ര, വിദേശപഠനം എന്നിവയ്ക്ക് കൂടുതൽ പണം കണ്ടെത്തേണ്ടിവരുമെന്നതാണ്. ഇത് വിദേശത്ത് പഠിക്കുന്നവർക്കും വിദേശയാത്ര തീരുമാനിച്ചവർക്കും തിരിച്ചടിയാണ്.

റിസർവ് ബാങ്ക് പലിശ കുറച്ചാൽ..?

നാളെ പ്രഖ്യാപിക്കുന്ന പണനയത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) കുറയ്ക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. അങ്ങനെയെങ്കിൽ, 5 വർഷത്തെ ഇടവേളയ്ക്കു ശേഷമാകും റീപ്പോ കുറയുന്നത്. പലിശനിരക്ക് കുറയുമ്പോൾ വായ്പകളുടെ പലിശ, സർക്കാർ‌ കടപ്പത്രങ്ങളുടെ പലിശ (റിട്ടേൺ) എന്നിവയും കുറയും. ഇതു വിദേശനിക്ഷേപം കുറയാനിടവരുത്തുമെന്നത് രൂപയ്ക്ക് ക്ഷീണമാകും. രൂപയ്ക്കു ഡിമാൻഡ് കുറയുന്നത് മൂല്യം കൂടുതൽ ഇടിയാൻ കളമൊരുക്കും.

പലിശ കുറയുമ്പോൾ സ്വാഭാവികമായും ജനങ്ങളുടെ കൈവശം കൂടുതൽ പണമെത്തുകയും അതു ഉപഭോക്തൃവിപണിയിലേക്ക് ഒഴുകുകയും ചെയ്യും. ഇതു പണപ്പെരുപ്പം കൂടാനിടയാക്കും. പണപ്പെരുപ്പം കൂടുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ഫലത്തിൽ, റിസർവ് ബാങ്ക് പലിശ കുറച്ചാൽ രൂപയെ കാത്തിരിക്കുന്നത് കൂടുതൽ വീഴ്ചയായിരിക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business 

English Summary:

Indian rupee plunges to record low against dollar, breaches 87.50 for the first-time.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com