പുതുതായി കിട്ടുന്ന ഇന്‍കം ടാക്‌സ് ലാഭം ഉപയോഗിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാം

Mail This Article
12 ലക്ഷം രൂപവരെ മാത്രം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏപ്രില്‍ മുതല്‍ ലഭിക്കുന്ന ആദായ നികുതി ഇളവ് പാഴാക്കാതെ നിക്ഷേപമാക്കി മാറ്റാന്‍ തയ്യാറുണ്ടോ. അപ്രതീക്ഷിതമായി കിട്ടിയ ഈ ലാഭം വിവിധ മാര്‍ഗങ്ങളടങ്ങിയ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ലോക്ക് ഇന്‍ ചെയ്യാന്‍ തയാറാകുന്ന ഇടത്തരം ശമ്പള വരുമാനക്കാര്‍ക്ക് മുന്നില്‍ ലക്ഷങ്ങളുടെ പണക്കിലുക്കമാണ് കാത്തിരിക്കുന്നത്.
പണം ലാഭിക്കുന്നത് പുതുതായി വരുമാനം ഉണ്ടാക്കുന്നതിന് തുല്യമാണ് എന്നാണല്ലോ പറയാറുള്ളത്. അതുകൊണ്ട് ഇപ്പോഴത്തെ പ്രഖ്യാപനമനുസരിച്ച് ന്യൂ ടാക്‌സ് റെജിം തിരഞ്ഞെടുത്തിരിക്കുന്ന 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള ശമ്പള വരുമാനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ശമ്പളത്തില്‍ നിന്ന് ടിഡിഎസ് അഥവാ ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് പിടുത്തം ഉണ്ടാകില്ല.

അതായത് കഴിഞ്ഞവര്‍ഷം വരെ ടിഡിഎസായി പിടിച്ചിരുന്ന തുക എത്രയാണോ ചുരുങ്ങിയത് അത്രയെങ്കിലും കൂടുതലായി സാലറി അക്കൗണ്ടില്‍ എത്തും. ഈ തുക ഏപ്രില്‍ മുതലേ നിക്ഷേപമാക്കി മാറ്റണം. പുതിയ നിക്ഷേപം ആരംഭിക്കാന്‍ ഡിഎ വര്‍ധനയും ശമ്പള വര്‍ധനയുമൊക്കെ ഉണ്ടാകുന്നതുവരെ കാത്തിരിക്കാന്‍ മനസ് പരുവപ്പെടുത്തിയവര്‍ ഈ ആദായ നികുതി ഇളവിനെ ശമ്പള വര്‍ധനയായി കണക്കാക്കി എത്രയും വേഗം നിക്ഷേപം ആരംഭിക്കുക.
ഇടംവലം നോക്കേണ്ട. മികച്ച നിക്ഷേപ പദ്ധതിക്കായി കാത്തിരിക്കുകയും വേണ്ട. കാത്തിരുന്നാല്‍ രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ ഇത്തരമൊരു വര്‍ധന ഉണ്ടായതായി പോലും നിങ്ങള്‍ ഓര്‍ക്കില്ല. കാര്യങ്ങള്‍ അത്ര വേഗം പഴയ മട്ടിലാകും. അതുകൊണ്ട് ഒട്ടും വൈകാതെ ഏപ്രിലില്‍ തന്നെ നിങ്ങള്‍ക്കിഷ്ടമുള്ള പ്രതിമാസ നിക്ഷേപത്തിലേക്ക് ആ ടിഡിഎസ് തുക മാറ്റൂ.
മുഴുവന്‍ പണവും ഒരിടത്ത് മാത്രം ഇടാതെ നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്നിടത്തെല്ലാം അറഞ്ചം പുറഞ്ചം നിക്ഷേപിക്കൂ. മാസം ഇത്രയും രൂപ അധികമായി കിട്ടുകയല്ലേ എന്നാലൊരു ലോണെടുത്തേക്കാമെന്നൊന്നും വിചാരിക്കേണ്ടേ. ലോണെടുത്ത് എന്തുകാര്യമാണോ സാധിക്കാനിരുന്നത് അത് കുറച്ചുനാളത്തേയ്ക്ക് മാറ്റിവയ്ക്കൂ. എന്നിട്ട് ഈ പണം വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കൂ. നിങ്ങള്‍ നിക്ഷേപിക്കുന്ന മാര്‍ഗങ്ങളില്‍ നിന്ന് തുടര്‍ച്ചയായി പ്രതീക്ഷിക്കുന്ന ലാഭം ലഭിച്ചാല്‍ 10 വര്‍ഷം കൊണ്ട് നാല് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ അനായാസം നിങ്ങള്‍ക്ക് സ്വരുക്കൂട്ടാം.
ഇതിനായി നിങ്ങള്‍ ആകെ ചെയ്യേണ്ടത് ആദായ നികുതിയില്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച് ഇളവ് അനുസരിച്ച് നിങ്ങള്‍ക്ക് എത്ര രൂപ ഇളവ് കിട്ടുമോ ആ തുകമാത്രം വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി. ഇത്തരത്തില്‍ നിക്ഷേപം നടത്തിയാല്‍ വിവിധ മാര്‍ഗങ്ങളില്‍ നിന്ന് കിട്ടാന്‍ സാധ്യതയുള്ള തുക പട്ടികയില്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. നിക്ഷേപ ബോധവല്‍ക്കരണം മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കിയ പട്ടികയാണ് ഇതെന്ന് മറക്കാരതിരിക്കുക.

ആദായ നികുതിയിലെ പ്രതിമാസ ലാഭം
ഓള്‍ഡ് റെജിമില്‍ നികുതി നല്‍കിയിരുന്ന ഒരാള്‍ 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ ന്യൂ റെജിമിലേക്ക് മാറിയാല്‍ കിട്ടുന്ന ആദായ നികുതി ലാഭമാണ് പട്ടിക തയ്യാറാക്കുന്നതില്‍ കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ആറ് ലക്ഷം രൂപ നികുതി വിധേയ വാര്‍ഷിക വരുമാനമുള്ളയാള്‍ക്ക് 2817 രൂപയും 8 ലക്ഷം രൂപ വരുമാനമുള്ളയാള്‍ക്ക് 6284 രൂപയും 10 ലക്ഷം രൂപ വരുമാനമുള്ളയാള്‍ക്ക് 9750 രൂപയും 12 ലക്ഷം രൂപ വരുമാനമുള്ളയാള്‍ക്ക് രൂപയും 14950 പ്രതിമാസം നികുതിയില്‍ ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഈ തുക 10 വര്‍ഷത്തേക്ക് വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചാല്‍ കാലാവധി എത്തുമ്പോള്‍ ലഭിക്കാവുന്ന തുകയാണ് പട്ടികയില്‍ കാണിച്ചിരിക്കുന്നത്. ഇനി ഏതൊക്കെ മാര്‍ഗങ്ങളിലെ നിക്ഷേപമാണ് അഭികാമ്യം എന്ന് നോക്കാം.
പ്രതിവര്‍ഷം 10 ശതമാനം നേട്ടം തരുന്ന നിക്ഷേപ മാര്‍ഗങ്ങള്‍
പ്രതിവര്‍ഷം ഉറപ്പായി നിശ്ചിത പലിശ തരുന്ന നിക്ഷേപ മാര്‍ഗങ്ങളിലാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ 10 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന തുകയും ചെറുതായിരിക്കും. എന്നാല്‍ നിക്ഷേപിക്കുന്ന മുതലിനും ലഭിക്കുന്ന പലിശ വരുമാനത്തിനും ഏറ്റവും വലിയ സുരക്ഷ ആഗ്രഹിക്കുന്ന, റിസ്‌ക് എടുക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഈ മാര്‍ഗത്തില്‍ നിക്ഷേപിക്കാം. ബാങ്ക് റിക്കറിങ് ഡെപ്പോസിറ്റ്, ചിട്ടി, പോസ്റ്റോഫീസ് റിക്കറിങ് ഡെപ്പോസിറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യസമൃദ്ധി, ന്യൂ പെന്‍ഷന്‍ സിസ്റ്റം തുടങ്ങിയ പ്രതിമാസം നിക്ഷേപിക്കാന്‍ സൗകര്യമുള്ള മാര്‍ഗങ്ങളില്‍ ചേരാം.
പ്രതിവര്‍ഷം 10 ശതമാനം മുതല്‍ ലാഭം തരുന്ന നിക്ഷേപ മാര്‍ഗങ്ങള്‍
ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളാണ് 10 ശതമാനത്തിനുമേല്‍ പ്രതിവര്‍ഷം തുടര്‍ച്ചയായി ലാഭം തരാന്‍ ശേഷിയുള്ള ഫണ്ടുകള്‍. എന്നാല്‍ ഇവയ്ക്കും ലാഭം ഉറപ്പുനല്‍കാന്‍ കഴിയില്ല. ഓഹരി വിപണിയുടെ ഗതിവിഗതിക്കനുസരിച്ച് ലാഭ നിരക്കിലും മാറ്റമുണ്ടാകും. എങ്കിലും 10 വര്‍ഷ നിക്ഷേപ കാലയളവില്‍ പൊതുവേ മികച്ച അടിസ്ഥാന ഗുണമുള്ള ഓഹരികളും നല്ല പ്രവര്‍ത്തന പാരമ്പര്യമുള്ള ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളും 15 ശതമാനം ശരാശരി ലാഭം പ്രതിവര്‍ഷം ചുരുങ്ങിയത് നല്‍കിവരുന്നു.

ഇത്രയും ആദായ നികുതി ലാഭം അപ്രതീക്ഷിതമായി ലഭിച്ചതായതിനാല്‍ ഈ തുക അല്‍പ്പം റിസ്‌ക് കൂടിയ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നിക്ഷേപം ചുരുങ്ങിയത് 5 മുതല്‍ 10 വര്‍ഷം വരെ നടത്തിയാലേ ഉദ്ദേശിക്കുന്ന നേട്ടം ലഭിക്കൂ.
ഏപ്രിലില്‍ ചെയ്യേണ്ടത്
ഏതു നിക്ഷേപ മാര്‍ഗം തിരഞ്ഞെടുക്കണം എന്നതില്‍ സംശയവും ആശയക്കുഴപ്പവും ഉള്ളവര്‍ അത് മാറുന്നതുവരെ കാത്തിരിക്കരുത്. സാലറി അക്കൗണ്ട് ഉള്ള ബാങ്കില്‍ ഏപ്രിലില്‍ തന്നെ ഒരു റിക്കറിങ് ഡിപ്പോസിറ്റ് 10 വര്‍ഷത്തേക്ക് തുടങ്ങി നികുതി ലാഭമായി കിട്ടുന്ന തുക അതിലേക്ക് മാറ്റണം. നികുതി ഇളവായി കിട്ടുന്ന ആ തുക ഓട്ടോമാറ്റിക്കായി റിക്കറിങ് ഡിപ്പോസിറ്റിലേക്ക് മാറിക്കൊള്ളം.
അങ്ങനെ ചെയ്തില്ലെങ്കില്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഈ തുക കൂടി അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് നമ്മള്‍ ഉപയോഗിച്ച് ശീലമാക്കും. ഏതു നിക്ഷേപം ആരംഭിക്കണം എന്ന കാര്യത്തില്‍ ആശയ വ്യക്തത വന്നശേഷം വേണമെങ്കില്‍ റിക്കറിങ് ഡിപ്പോസിറ്റ് അവസാനിപ്പിച്ച് ആ തുക പുതിയ നിക്ഷേപത്തിലേക്ക് മാറ്റാം. ( പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും ഒന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇമെയ്ല്‍ jayakumarkk8@gmail.com)