സെർവർ പണിമുടക്കി; താറുമാറായി യുപിഐ, പണമിടപാടുകൾ നിശ്ചലം

Mail This Article
രാജ്യമാകെ യുപിഐ സേവനം നിലച്ചതോടെ പേയ്ടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ നടത്താനാവാതെ വലഞ്ഞ് ഉപഭോക്താക്കൾ. സാങ്കേതിക പ്രശ്നമാണ് കാരണമെന്നും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ട്വീറ്റ് ചെയ്തു.
യുപിഐ പണിമുടക്കിയത് വാണിജ്യ മേഖലയെയും സാരമായി ബാധിച്ചു. ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലെല്ലാം കറൻസി പണമിടപാടുകൾ നടത്തേണ്ട സ്ഥിതിയാണുള്ളത്. യുപിഐ വഴി പണം അയ്ക്കാൻ ശ്രമിക്കുമ്പോൾ ‘പേയ്മെന്റ് സെർവർ ഈസ് ബിസി’ എന്ന സന്ദേശമാണ് പലർക്കും ലഭിക്കുന്നത്.
എക്സ് ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ യുപിഐ പ്രവർത്തനരഹിതമായത് സംബന്ധിച്ച് പരാതികൾ പ്രവഹിക്കുകയാണ്. രാവിലെ 11.30ഓടെയാണ് യുപിഐ സേവനം മുടങ്ങുന്നത് സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ എത്തിയത്. ഉച്ചയോടെയും പരിഹരിച്ചിട്ടില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ 6-ാം തവണയും ഒരുമാസത്തിനിടെ മൂന്നാംതവണയുമാണ് യുപിഐ സേവനം തടസ്സപ്പെടുന്നത്.
ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമാണ് യുപിഐ അഥവാ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്. ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 24.77 ലക്ഷം കോടി രൂപ മതിക്കുന്ന 1,830 കോടി യുപിഐ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്. ഇതു റെക്കോർഡാണ്.