സ്വന്തമായി ജോലി ചെയ്ത് സമ്പാദിച്ച് രുദ്രൻ: മകനെ സമ്പാദ്യശീലം പഠിപ്പിച്ച് കൈലാസ് മേനോൻ
Mail This Article
നമ്മളൊക്കെ സ്വന്തമായി അദ്ധ്വാനിച്ച് ഒരു പത്തുരൂപ ഉണ്ടാക്കിയത് എന്നാണെന്ന് ഓർമയുണ്ടോ? പത്തു രൂപയെന്ന് പറഞ്ഞാൽ 10,000 രൂപയെന്നല്ല ഉദ്ദേശിച്ചത്. വെറും പത്തു രൂപ തന്നെ. ഏതായാലും മേശ തുടച്ചു കൊടുത്തോ, ജനാല വൃത്തിയാക്കിയോ, തുണി മടക്കി വെച്ചോ, അടുക്കളയിൽ അമ്മയെ സഹായിച്ചോ ഒക്കെ ആ പത്തുരൂപ സമ്പാദിച്ചത്. ഇവിടെ ഒരു മൂന്നര വയസുകാരൻ ഇതാ കാർ കഴുകി കൊടുത്ത് പത്തുരൂപ സമ്പാദിച്ചിരിക്കുന്നു.
മൂന്നര വയസുള്ള ഈ കുഞ്ഞുമിടുക്കൻ സോഷ്യൽ മീഡിയയിലെ താരമാണ്. സംഗീത സംവിധായകൻ കൈലാസ് മേനോന്റെയും അഭിഭാഷകയായ അന്നപൂർണയുടെയും മകനായ സമന്യു രുദ്രയാണ് ഈ മിടുക്കൻ. കൈലാസ് മേനോൻ തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മകൻ കാർ തുടയ്ക്കുന്നതും ആ ജോലി ചെയ്തതിനുള്ള ശമ്പളമായി പത്തു രൂപ കൊടുക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. ഇത്രയും കഷ്ടപ്പെട്ടിട്ട് പണിയെടുത്തിട്ട് പത്തുരൂപ കുറഞ്ഞു പോയെന്ന് കമന്റ് ബോക്സിൽ ആക്ഷേപവും ഉണ്ട്.
അച്ഛൻ പൈപ്പ് ഉപയോഗിച്ച് കാറിലേക്ക് വെള്ളം ഒഴിക്കുന്നിടത്താണ് വിഡിയോ തുടങ്ങുന്നത്. നന്നായിട്ട് തുടയ്ക്കാൻ മകന് നിർദ്ദേശവും നൽകുന്നുണ്ട്. ജോലി ചെയ്തു കൊണ്ടു തന്നെ 'തുടയ്ക്കുകയാണ്' എന്ന മറുപടി കുഞ്ഞ് രുദ്രൻ നൽകുന്നു. തുടയ്ക്കുന്ന സമയത്ത് ഒരു ചെറിയ പൊടി കണ്ടെന്ന് തോന്നുന്നു. ഇവിടെ കൂടെ ഒന്നുകഴുകുമോയെന്ന് അച്ഛനോട് ചോദിക്കുന്നു കൊച്ചുമിടുക്കൻ. അച്ഛനും മകനും ഉഷാറായി കാറ് കഴുകി മുന്നേറുമ്പോൾ 'രണ്ടു പേരും കൂടി കാറ് നന്നായി കഴുകിക്കോണം. അമ്മയ്ക്ക് പുറത്തു പോകാനുള്ളതാണ്' എന്ന് അമ്മ പറയുന്നുണ്ട്. അമ്മ പറഞ്ഞതിന് മറുപടിയായി 'എവിടെ പോകുവാ' എന്നാണ് കുഞ്ഞ് രുദ്രന്റെ ചോദ്യം. ഏതായാലും കാർ നല്ല വൃത്തിയായി തുടച്ച രുദ്രനെ അച്ഛൻ നിരാശനാക്കിയില്ല.
കാർ തുടച്ചതിന്റെ ശമ്പളമായി പത്തുരൂപ കുഞ്ഞിന് നൽകുകയും ചെയ്തു. അതിനു ശേഷം കുടുക്കയിൽ സമ്പാദ്യമായി ഈ പത്തുരൂപ നിക്ഷേപിക്കാനും രുദ്രനോട് പറഞ്ഞു. കുടുക്കയിൽ പൈസ ഇടാൻ എത്തിയപ്പോഴാണ് ഇത് എന്തിന്റെ പൈസയാണെന്ന ചോദ്യവുമായി അമ്മ എത്തുന്നത്. 'ഞാൻ കാർ കഴുകിയതിന്റെ' എന്ന് തെല്ലഭിമാനത്തോടെയാണ് കുഞ്ഞ് പറയുന്നത്. അച്ഛന്റെ നിർദ്ദേശം അനുസരിച്ച്, അച്ഛന്റെ സഹായത്തോടെ കുടുക്കയിൽ പൈസ നിക്ഷേപിച്ചതിനു ശേഷം അഭിമാനത്തോടെയുള്ള ആശാന്റെ ഒരു ചിരിയുണ്ട്. അതിലാണ് നമ്മള് ഫ്ലാറ്റ് ആയി പോകുന്നത്.
'ആ പൈസയതിലിട്ടപ്പോൾ അവന്റെ മുഖത്തുണ്ടായ അഭിമാനവും ആത്മവിശ്വാസവും നിറഞ്ഞ പുഞ്ചിരി കണ്ടോ', 'രുദ്രപ്പൻ ജോലി ചെയ്യാറായോ ?', 'ഞങ്ങൾ നല്ല കുട്ടികൾ ഇങ്ങനെയൊക്കെയാണ്....ബട്ട് വക്കീലമ്മ അറിയണ്ട ചിലപ്പോ ഒരു കേസ് വരാൻ ഇതുമതി', 'പത്ത് പക്ഷേ കുറഞ്ഞുപോയി' ഇങ്ങനെ പോകുന്നു കമന്റുകൾ. 2020 ഓഗസ്റ്റ് 17ന് ആയിരുന്നു കൈലാസ് മേനോനും ഭാര്യ അന്നപൂർണയ്ക്കും കുഞ്ഞ് രുദ്രൻ പിറന്നത്. അതിനു ശേഷം ഇടയ്ക്കിടെ രുദ്രന്റെ വിശേഷങ്ങൾ കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്