ADVERTISEMENT

2022 പടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പുതുവർ‍ഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഡിസംബർ 31 ശനി രാത്രി 12 ആകുന്നതോടെ പുതിയ വർഷത്തിലേക്ക് നാം കടക്കും. ലോകത്തെ എല്ലാവരും ഒരുപോലെ  പങ്കെടുക്കുന്ന ഇതുപോലൊരു ആഘോഷം വേറെയുണ്ടാകില്ല. പുതുവർഷവുമായി ബന്ധപ്പെട്ട രസകരമായ ചില വിശേഷങ്ങൾ നോക്കിയാലോ ഇത്തവണ.

 

പുതുവർഷം ആദ്യമെത്തുന്നത്

 

ഓരോ രാജ്യങ്ങളിലും ഓരോ സമയത്താണ് പുതുവർഷം കടന്നുവരുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ സമയമേഖലകൾ വ്യത്യസ്തമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുതുവർഷം ആദ്യം ഈ ലോകത്തു കാണാനെത്തുന്നത് മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കിരിബതി ദ്വീപിനെയാണ്. ഇന്ത്യൻ സമയം ശനി ഉച്ചയ്ക്ക് 3:30 ആകുന്നതോടെ കിരിബതിയിൽ 2023 ആകും. പിന്നീട് പുതുവർഷം ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കു കടക്കും. ശേഷം ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2023 ജനുവരി 01 പിറക്കുക.

 

അവസാനം 2023ൽ പ്രവേശിക്കുന്നവർ

 

ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2023 അവസാനമായെത്തുക. ഇന്ത്യൻ സമയം ഞായർ വൈകിട്ട് 5:30ന് ആണ് ഇവിടെ പുതുവർഷം തുടങ്ങുന്നത്. എന്നാൽ ആളുകൾ വസിക്കുന്ന ഇടങ്ങളെടുത്താൽ യുഎസിലെ തന്നെ സമോവയാണ് അവസാനം പുതുവർഷം ആഘോഷിക്കുന്ന നാട്. ഞായർ വൈകിട്ട് 4:30നാണ് സമോവയിൽ 2023 . യുഎസിനു 11 സമയമേഖലകളുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

 

 

2023 യുഎൻ വർഷം

2023 ചെറുധാന്യങ്ങളുടെ വർഷമായാണ് യുഎൻ ആചരിക്കുന്നത്. ഇന്ത്യ മുൻകൈ എടുത്താണ് ചെറുധാന്യ വർഷമായി ആചരിക്കാൻ തീരുമാനിച്ചത്. സമാധാന സംരക്ഷണത്തിനു വേണ്ടിയുള്ള സംവാദത്തിന്റെ വർഷമായും 2023നെ കണക്കാക്കുന്നു.

 

2023ന്റെ നിറം

 

വിവ മജന്തയാണ് 2022ന്റെ നിറമായി പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ചൈതന്യവും വീര്യവും ചേർന്നു പ്രകമ്പനം കൊള്ളുന്ന നിറം എന്നാണ് വിവ മജന്തക്കു പാന്റോൺ നൽകിയ വിശേഷണം.

 

ഒരു ദിനം, വ്യത്യസ്ത ആഘോഷം

 

വൈവിധ്യം നിറഞ്ഞു നിൽക്കുന്ന ഈ ലോകത്ത് രസകരവും കൗതുകമുണർത്തുന്നതുമായ ഒട്ടേറെ പുതുവർഷ ആഘോഷ രീതികൾ നമുക്കു കാണാം.

∙ ജപ്പാനിലെ ബുദ്ധമത കേന്ദ്രങ്ങളിൽ പുതുവത്സര രാവിൽ 108 തവണ മണിയടിക്കും. ജോയ നാ കാനേ എന്നറിയപ്പെടുന്ന ഈ ആചാരം മനുഷ്യന്റെ മനസ്സിലെ 108 ദുരാഗ്രഹങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ്. 

∙പുതിയ വർഷത്തിലെ 12 മാസങ്ങളും ഐശ്വര്യമുള്ളതാകാൻ ക്ലോക്കിലെ ഓരോ മണിയടി ശബ്ദത്തിനൊപ്പവും ഓരോ മുന്തിരികൾ കഴിച്ചാണ് സ്പെയിൻകാർ പുതുവർഷത്തെ വരവേൽക്കുന്നത്. 

∙ചിലിയിൽ പുതുവത്സരം പള്ളികളിലല്ല. സെമിത്തേരികളിൽ മരിച്ചു പോയവരുടെ കൂടെ സമയം ചെലവഴിച്ചാണ് ആഘോഷിക്കുന്നത്. 

∙തങ്ങളുടെ ആഗ്രഹങ്ങൾ പേപ്പറുകളിലെഴുതി കത്തിച്ച് അതിന്റെ ചാരം ഷാംപെയ്നിൽ ചേർത്തു കുടിക്കുന്ന ആചാരമാണ് റഷ്യയിലുള്ളത്. 

∙തുർക്കിയിൽ പുതുവർഷം പിറക്കുന്നതോടെ വാതിൽപ്പടിയിൽ ഉപ്പ് വിതറുന്നത് ഭാഗ്യമായി കണക്കാക്കുന്നു.

 

Content Summary : New Year's Traditions From Cultures 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com