പരീക്ഷ സിംപിളാണ്, നമ്മൾ പവർഫുള്ളും

Mail This Article
ആലപ്പുഴ ∙ പരീക്ഷയെക്കുറിച്ച് ടെൻഷൻ വേണ്ട, അതിനെ ശത്രുവായും കാണരുത്. പേടിയോടെ പരീക്ഷയെ സമീപിച്ചാൽ പഠിച്ചതും മറക്കും– കോട്ടയം അസി. കലക്ടർ ശിഖ സുരേന്ദ്രൻ പറയുന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കായി മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ശിഖ.
ഒട്ടേറെ വിദ്യാർഥികളാണ് പരീക്ഷാ സംശയങ്ങളുമായി ശിഖയോട് സംസാരിച്ചത്.
ചോദ്യപേപ്പർ കയ്യിൽ കിട്ടിയാൽ മനസ്സ് കാലിയാകും. മോഡൽ പരീക്ഷയുടെ സമയത്തും ഇതേ പ്രശ്നമുണ്ടായി. എന്തു ചെയ്യണം?
(അനുപമ സന്തോഷ് (ടിഡിഎച്ച്എസ്എസ് തുറവൂർ), ഗൗരിനന്ദന (എംഎഎച്ച്എസ്എസ് പൂങ്കാവ്), അനശ്വര (സെന്റ് ആൻസ് എച്ച്എസ്എസ് ചേർത്തല), ഗോപിക (ലൂർദ് മാതാ എച്ച്എസ്എസ് പച്ച), എസ്.അതുല്യ (എൻഎസ്എസ് എച്ച്എസ്എസ് കാവാലം)
∙ പേടിയാണ് അടിസ്ഥാന കാരണം. മനസ്സ് ശാന്തമാക്കുകയാണു പ്രധാനം. എത്ര പഠിച്ചാലും എഴുതാൻ കഴിയാത്ത ഉത്തരങ്ങൾ ഉണ്ടാകാം. പക്ഷേ പേടിച്ചിട്ടു കാര്യമില്ല. അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതണം. പിന്നീട് വേണം സംശയമുള്ള ചോദ്യങ്ങളിലേക്കു കടക്കാൻ. നല്ല കാര്യങ്ങളും സന്തോഷമുള്ള കാര്യങ്ങളും ഓർമിച്ചു വേണം പരീക്ഷയ്ക്കു കയറാൻ.
പരീക്ഷയ്ക്കു രണ്ടു ദിവസം മുൻപു തന്നെ പരീക്ഷാഹാളിനെക്കുറിച്ച് ചിന്തിക്കുക. അവിടെ നമുക്കു പരിചയമുള്ള ചുറ്റുപാടു മാത്രമേയുള്ളൂ. അവിടെ സ്വസ്ഥമായിരുന്ന് പഠിച്ചതെല്ലാം നന്നായി എഴുതുന്നതായി സങ്കൽപ്പിച്ച് പരീക്ഷയുമായി ഒരു മാനസിക പരിചയമുണ്ടാക്കാം.
കണക്കിന് ഉൾപ്പെടെ സമയം ക്രമീകരിക്കാൻ പറ്റുന്നില്ല. പല ഉത്തരങ്ങളും എഴുതാൻ പോലും സമയം കിട്ടുന്നില്ല.കണക്കിന് മാർക്കു കുറയാതിരിക്കാൻ എന്തു ചെയ്യാം.?
(ഫസാന (ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, പുന്നപ്ര), അഭിഷേക് (ശ്രീശങ്കര വിദ്യാലയം, വൈക്കം), എം.പാർവതി (ദേവമാതാ എച്ച്എസ് ചേന്നംകരി).
∙ പഴയ ചേദ്യപ്പേപ്പറുകൾ നോക്കി ഉത്തരമെഴുതി പഠിക്കുകയാണ് നല്ലവഴി. കണക്ക് വായിച്ചല്ല, എഴുതിത്തന്നെ പഠിക്കണം. മോഡൽ പരീക്ഷയുടെ ചോദ്യങ്ങളിൽ അറിയാത്തവ അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കണം.
ഉത്തരം അറിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് ഓർമിക്കുക. അറിയാത്ത ഉത്തരം തേടി ഭയപ്പെട്ടാൽ അറിയാവുന്ന ഉത്തരവും മറക്കും.
എസ്എസ്എൽസി പരീക്ഷ എങ്ങനെ ആയിരിക്കും?
ആദ്യമായി എഴുതുന്നതു കൊണ്ട് ഒരു ധാരണയുമില്ല.
ആർ.അമൽ (ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, പുന്നപ്ര), അബ്ദുൽ ഖാദർ (ശ്രീ വിഠോബ ഹൈസ്കൂൾ, കായംകുളം)
∙ ഞാൻ എസ്എസ്എൽസി എഴുതിയ സമയത്ത് എനിക്കും ഇതേ തോന്നലുണ്ടായിരുന്നു. പക്ഷേ, എല്ലാവരും ആദ്യമായാണ് ആ പരീക്ഷ എഴുതുന്നത്. രണ്ടാമത് എഴുതുന്നവർ ഒരിക്കൽ എഴുതി തോറ്റുപോയവർ മാത്രമാണ്.
എട്ടിലും ഒൻപതിലും മോഡൽ പരീക്ഷയ്ക്കുമെല്ലാം എഴുതിയ അതേ പരീക്ഷ തന്നെയാണ് ഇനി നടക്കാൻ പോകുന്നതും. അതിനായി പ്രത്യേകം ടെൻഷൻ വേണ്ട. സിവിൽ സർവീസ് പരീക്ഷയ്ക്ക് പേടിയോടെ പോയ ഞാൻ തോറ്റു. രണ്ടാം തവണ പേടി മാറ്റി വച്ച് എഴുതിയപ്പോഴാണ് വിജയിച്ചത്.
കയ്യക്ഷരം മോശമാണ്. പരീക്ഷയ്ക്ക് കിട്ടുന്ന മാർക്കിനെ ബാധിക്കുമോ?
(സച്ചു സന്തോഷ് – സെന്റ് അലോഷ്യസ് എച്ച്എസ്എസ്, എടത്വ)
∙ എല്ലാവരുടെയും കയ്യക്ഷരം നന്നാവണം എന്നില്ല. എഴുതുന്നത് പരമാവധി വൃത്തിയായി എഴുതുക. നല്ല കയ്യക്ഷരത്തിൽ തെറ്റ് എഴുതിയാൽ ജയിക്കില്ല, മോശം കയ്യക്ഷരത്തിൽ ശരി എഴുതിയാൽ തോൽക്കുകയുമില്ല.
പരീക്ഷയെ നേരിടാൻ ഏറ്റവും ഫലപ്രദമായ രീതി?
(പി.എസ്.ആദിത്യ – എസ്എൻഡിപി എച്ച്എസ്എസ് കുട്ടമംഗലം)
∙ പഠിക്കുക, പരിശീലിക്കുക, റിവൈസ് ചെയ്യുക. പഠനം ക്രമേണ നടക്കേണ്ടതാണ്. മോഡൽ പരീക്ഷ പരിശീലനമായി എടുക്കാം. റിവൈസ് ചെയ്ത ശേഷം പഴയ ചോദ്യപ്പേപ്പറുകൾക്കു ഉത്തരമെഴുതി വീണ്ടും പരിശീലിക്കുക.
കുറച്ചേറെ ക്ലാസുകൾ പോയി. നോട്ടുകൾ പോലും സ്വന്തമായി തയാറാക്കിയതാണ്. പഠിച്ച് തീരുന്നില്ല.
(കെ.ജെ.വിഭ, ജിജിഎച്ച്എസ്എസ് അരൂർ)
∙ ഉള്ളത് പഠിച്ച ശേഷം പഴ ചോദ്യ പേപ്പറുകൾക്ക് ഉത്തരമെഴുതി പരിശീലിക്കുക എന്നതാണ് ഏളുപ്പ വഴി. പരമാവധി പഠിക്കുക, അധ്യാപകരുടെ സഹായം തേടുക.
ശിഖയുടെ അനുഭവം
ഒൻപതാം ക്ലാസു വരെ നന്നായി പഠിച്ചു നല്ല മാർക്കു വാങ്ങിയിരുന്ന എനിക്കു പത്താം ക്ലാസ് ആയതോടെ വലിയ ടെൻഷനായി. വീട്ടുകാരും നാട്ടുകാരുമൊക്കെ ഫുൾ എ പ്ലസ് പ്രതീക്ഷിച്ച് സമ്മർദ്ദത്തിലാക്കിയതാണ് കാരണം. മാർക്ക് വാങ്ങിക്കൂട്ടിയാൽ കുട്ടികളുടെ ഭാവി സുരക്ഷിതമായെന്നാണ് പല മാതാപിതാക്കളുടെയും തോന്നൽ.
അതു ശരിയല്ല. മാർക്ക് കുറഞ്ഞാൽ മാതാപിതാക്കളും നാട്ടുകാരും എങ്ങനെ പ്രതികരിക്കുമെന്നാണ് കുട്ടികളുടെ പേടി. ഇതേ കാരണം കൊണ്ടാണ് ഇവർ പരീക്ഷകളെയും പരീക്ഷാ ഹാളുകളെയും പേടിക്കുന്നത്.