പുതിയ കലക്ടറായി എ.അലക്സാണ്ടർ ചുമതലയേറ്റു

Mail This Article
ആലപ്പുഴ ∙ ജില്ലയുടെ 52ാമത് കലക്ടറായി എ.അലക്സാണ്ടർ ചുമതലയേറ്റു. കോവിഡ് പ്രതിരോധമാണു പ്രധാന പരിഗണനയെന്നും അതിന് ഇപ്പോഴുള്ള സംവിധാനം നന്നായി മുന്നോട്ടു കൊണ്ടുപോകുമെന്നും പറഞ്ഞു. 3 മന്ത്രിമാരും പ്രതിപക്ഷ നേതാവുമുള്ള ജില്ലയാണ്. എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കൂട്ടിയിണക്കിയുള്ള പ്രവർത്തനമാകും നടത്തുക.
മഴക്കാലം വരുന്നതിനാൽ അതു സംബന്ധിച്ചും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ചർച്ചകൾ നടത്തേണ്ടതുണ്ട്. പരമ്പരാഗത തൊഴിൽ മേഖലയുടെ പ്രധാന കേന്ദ്രമാണു ജില്ല. തൊഴിൽ വകുപ്പിലെ അനുഭവ സമ്പത്ത് അക്കാര്യത്തിൽ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ കോ ഓപ്പറേറ്റീവ് റജിസ്ട്രാർ ആയി പ്രവർത്തിക്കുകയായിരുന്നു.
ലേബർ കമ്മിഷണറായും കൊല്ലം സബ് കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ടെൽമ അലക്സാണ്ടറാണ് ഭാര്യ. ടോമി അലക്സാണ്ടർ, ആഷ്മി അലക്സാണ്ടർ എന്നിവർ മക്കൾ.എഡിഎമ്മിന്റെ ചുമതലയുള്ള ജെ.മോബിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ പുതിയ കലക്ടറെ സ്വീകരിച്ചു.