പുഴ നികന്നു; ഒഴുകാൻ വേറെ വഴി കണ്ടെത്തി മഴവെള്ളം

Mail This Article
ചെങ്ങന്നൂർ ∙ ഉത്തരപ്പള്ളിയാർ പലയിടത്തും നികന്നപ്പോൾ, മഴക്കാലത്ത് പുഴയായി മാറിയതു പ്രദേശത്തെ റോഡുകളാണ്. ഉത്തരപ്പള്ളിയാറ്റിലേക്കു വെള്ളം ഒഴുകിയെത്തേണ്ട തോടുകൾ പലയിടത്തും നികത്തി. ഇതോടെ മഴക്കാലത്തു വെള്ളം റോഡ് നിറഞ്ഞൊഴുകും.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കുളിക്കാംപാലം–ഷാപ്പുപടി റോഡിൽ മുട്ടറ്റം വെള്ളം ഉയർന്നിരുന്നു. തകർന്ന റോഡിലൂടെ, വെള്ളം ഇല്ലാത്തപ്പോൾ പോലും വഴി നടക്കാൻ പ്രയാസമാണ്.
പുലിയൂർ, ചെറിയനാട് പഞ്ചായത്തുകളിലായി ഉത്തരപ്പള്ളിയാറിന്റെ സമീപപ്രദേശങ്ങളിൽ അൻപതിലേറെ വീടുകളിലും മഴക്കാലത്തു വെള്ളം കയറും. ആറൊഴുകിയിരുന്ന കാലത്ത് ഈ അവസ്ഥ ഉണ്ടായിരുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്.
ഒഴുക്കു നിലച്ചു പായലും മാലിന്യവും നിറഞ്ഞതോടെ ആറ്റിലൂടെ ഒഴുകേണ്ട പെയ്ത്തു വെള്ളം റോഡിലൂടെയും പറമ്പുകളിലൂടെയുമാണ് ഒഴുകുന്നത്. പുഴയുടെയും നീർച്ചാലുകളുടെയും പുനരുജ്ജീവനത്തോടെ സ്ഥിതി മാറുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ.