അനധികൃത നിലംനികത്തൽ: കലക്ടർ സ്ഥലം സന്ദർശിച്ചു

Mail This Article
എടത്വ ∙ അനധികൃതമായി തണ്ണീർത്തടം നികത്തുന്നെന്ന പരാതിയെ തുടർന്ന് കലക്ടർ കൃഷ്ണതേജ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. എടത്വ വില്ലേജിലെ മങ്കോട്ടച്ചിറയിൽ ഏക്കർ കണക്കിനു നിലമാണ് ഒരാഴ്ചകൊണ്ടു നികത്തിയത്. ഇതിനെതിരെ വ്യാപക പരാതി ഉണ്ടായിട്ടും വില്ലേജ് അധികൃതർ നടപടിയെടുത്തില്ല. സ്റ്റോപ് മെമ്മോ നൽകി മൗനാനുവാദം നൽകുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഒട്ടേറെ പരാതികൾ കലക്ടർക്ക് ലഭിച്ചിരുന്നു.
മാങ്കോട്ടച്ചിറയിലെ നീർത്തടം അനധികൃതമായി നികത്തിയതായി പരിശോധനയിൽ കണ്ടെത്തി. ഇവിടെ സ്റ്റോപ് മെമ്മോ നൽകി കർശന നടപടി സ്വീകരിക്കാൻ റവന്യു വകുപ്പ് അധികൃതരോട് കലക്ടർ നിർദേശിച്ചു. ഡപ്യൂട്ടി കലക്ടർ ജെ. മോബി, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, അഡീഷനൽ തഹസിൽദാർ താജുദ്ദീൻ, ഡപ്യൂട്ടി തഹസിൽദാർ എസ്. സുഭാഷ്, എടത്വ വില്ലേജ് ഓഫിസർ സുൽഫിക്കർ എന്നിവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.