വിപണി കീഴടക്കാൻ ‘കുട്ടനാടൻ തണ്ണിമത്തനും’; പാടശേഖരങ്ങളിലും പുഴയുടെ ഓരങ്ങളിലും നന്നായി വളരും
Mail This Article
എടത്വ ∙ കടുത്ത ചൂടിൽ ആശ്വാസം പകരാൻ വിപണിയിലേക്കു കുട്ടനാട്ടിലെ മണ്ണിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും.തലവടി ആനപ്രമ്പാൽ കൊച്ചമ്മനം പുളിമൂട്ടിൽ റെന്നിയുടെ കൃഷിയിടത്തിൽ ആയിരത്തോളം ചുവട് തണ്ണിമത്തനാണ് കായ്ച്ചത്.തലവടി വട്ടക്കാട്ട് പറമ്പിൽ സന്തോഷും ഭാര്യ ശ്രീജയും ചേർന്നു കൃഷി ചെയ്ത തണ്ണിമത്തന്റെ വിളവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ആനപ്രമ്പാൽ തെക്ക് യുപി സ്കൂളിനു സമീപത്ത് ഒരേക്കറോളം സ്ഥലത്താണു റെന്നിയുടെ തണ്ണിമത്തൻ കൃഷി. കഞ്ഞിക്കുഴിയിലുള്ള സുഹൃത്തു നൽകിയ വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. ഹൈബ്രിഡ് ഇനത്തിൽപെട്ട ചെടി സീഡ്‌ലെസ് ഇനത്തിൽ ഷുഗർ ക്വീൻ, മഞ്ഞ, ചുവപ്പ് ഇനങ്ങളിൽ ഉള്ളതാണ്.
80 ദിവസത്തിനകം വിളവെടുക്കാം എന്നതാണു പ്രത്യേകത. ചാണകപ്പൊടി, കോഴിവളം, കംപോസ്റ്റ് വളം എന്നിവ ഉപയോഗിച്ചു പൂർണമായും ജൈവക്കൃഷിയാണു ചെയ്യുന്നത്. വിളവെടുപ്പ് ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണു റെന്നി.രണ്ടാംകൃഷി കഴിഞ്ഞ പാടശേഖരങ്ങളിലും പുഴയുടെ ഓരങ്ങളിലും തണ്ണിമത്തൻ നന്നായി വളരുന്നതാണു കർഷകരെ ആകർഷിക്കുന്നത്. മണൽ കലർന്ന പശ്ചിമരാശി മണ്ണിലും എക്കൽ കലർന്ന മണ്ണിലും യഥേഷ്ടം വളരുമെന്നതിനാൽ കുട്ടനാടിനു യോഗ്യമാണെന്നു കൃഷി വകുപ്പ് പറയുന്നു.