അരൂർ – തുറവൂർ ആകാശപ്പാത നിർമാണം വേഗത്തിലാക്കണം; നിർമാണ പുരോഗതി കലക്ടർ വിലയിരുത്തി

Mail This Article
തുറവൂർ ∙ അരൂർ – തുറവൂർ ആകാശപ്പാതയുടെ (എലിവേറ്റഡ് ഹൈവേ) നിർമാണം വേഗത്തിലാക്കാൻ ജില്ലാ കലക്ടർ ഹരിത വി.കുമാറിന്റെ നിർദേശം. വലിയ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു നിർമാണം നടത്താനുള്ള ക്രമീകരണങ്ങൾ തുടങ്ങാനും ആകാശപ്പാത നിർമാണക്കമ്പനിയായ അശോക ബിൽകോണിനോടു നിർദേശിച്ചു. അരൂർ മുതൽ തുറവൂർ വരെയുള്ള നിർമാണ പുരോഗതി സ്ഥലം സന്ദർശിച്ചു വിലയിരുത്തിയ ശേഷമാണു നിർദേശം നൽകിയത്.
നിലവിൽ മൂന്നു യന്ത്രങ്ങൾ ഉപയോഗിച്ചു ഡ്രില്ലിങ് നടത്തുന്നതിനു പകരം ഈ മാസം അവസാനത്തോടെ കുറഞ്ഞത് 10 യന്ത്രങ്ങളായി വർധിപ്പിക്കണം. ഇത്രയുമിടത്ത് ഒന്നിച്ചു ഡ്രില്ലിങ് നടക്കുമ്പോൾ വലിയ ഗതാഗതക്കുരുക്കുണ്ടാകും. അതിനാൽ ആലപ്പുഴയിൽ നിന്ന് എറണാകുളത്തിനു പോകുന്ന വലിയ വാഹനങ്ങൾ തുറവൂരിൽ നിന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു കുമ്പളങ്ങി വഴി തോപ്പുംപടിയിലെത്തി പോകണം.
എറണാകുളത്തു നിന്ന് ആലപ്പുഴയ്ക്കു പോകുന്ന വലിയ വാഹനങ്ങൾ അരൂർ നിന്നു കിഴക്കോട്ടു തിരിഞ്ഞ് അരൂക്കുറ്റി, പൂച്ചാക്കൽ, മാക്കേക്കടവ് വഴി തുറവൂരെത്തി യാത്ര തുടരണം. ഈ റോഡുകളും കലക്ടർ ഉൾപ്പെടെയുള്ള സംഘം സന്ദർശിച്ചു. ഈ റോഡിൽ ആവശ്യത്തിനുള്ള ദിശാസൂചികകൾ സ്ഥാപിക്കുന്നതിനും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നിർമാണക്കമ്പനി അധികൃതരോടു നിർദേശിച്ചു.
36 മാസമാണ് എലിവേറ്റഡ് ഹൈവേയുടെ നിർമാണ കാലാവധി. ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ സി.പ്രേംജി, പി.വി.സജീവ്, പ്രോജക്ട് മാനേജർ വേണുഗോപാൽ, കരാറുകാരുടെ പ്രതിനിധി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
ആകാശപ്പാത
∙നീളം: 12.75 കിലോമീറ്റർ, പദ്ധതിച്ചെലവ്: 1668.50 കോടി
∙നിർമാണ കാലാവധി: 36 മാസം
∙വാഹനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമുള്ളത്: ചന്തിരൂർ, കുത്തിയതോട് എന്നിവിടങ്ങളിലും അരൂരിൽ തോപ്പുംപടി ഭാഗത്തേക്കും
∙ആകാശപ്പാതയ്ക്കായി പ്രത്യേക ടോൾ ബൂത്ത്: എരമല്ലൂർ