സ്ഥിരം ട്രെയിൻ കിട്ടിയില്ല; യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു
Mail This Article
ആലപ്പുഴ∙ സ്ഥിരം യാത്ര ചെയ്യുന്ന ട്രെയിൻ കിട്ടാതെ വന്നതോടെ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. അരമണിക്കൂറോളം നീണ്ട ഉപരോധം പൊലീസെത്തി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത്. ഇന്നലെ 5.40ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം –ആലപ്പുഴ മെമുവിൽ വന്നിറങ്ങിയ, കൊല്ലം വരെ പോകേണ്ട ഇരുനൂറോളം യാത്രക്കാരാണ് ട്രെയിൻ കിട്ടാതെ വന്നതോടെ പ്രതിഷേധവുമായി രംഗത്ത് വന്നത്. 06015, 06013 എന്നീ നമ്പറുകളിലുള്ള ട്രെയിൻ എറണാകുളം മുതൽ കൊല്ലം വരെ വർഷങ്ങളായി ഒറ്റ ട്രെയിനായാണ് ഓടിക്കൊണ്ടിരുന്നത്.
ആറു മാസമായി ഈ ട്രെയിൻ രണ്ടു വണ്ടികളായാണ് ഓടിക്കുന്നത്. എറണാകുളത്ത് നിന്ന് ആലപ്പുഴ വരെ ഒരു ട്രെയിനും ആലപ്പുഴയിൽ നിന്ന് മറ്റൊരു ട്രെയിനുമായാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് വൈകിട്ട് നാലിന് പുറപ്പെടുന്ന ആദ്യത്തെ ട്രെയിൻ 5.25ന് ആലപ്പുഴയിലെത്തും. രണ്ടാമത്തെ ട്രെയിൻ ആലപ്പുഴയിൽ നിന്ന് 5.30ന് കൊല്ലത്തേക്ക് പുറപ്പെടും. എറണാകുളം– ആലപ്പുഴ മെമുവിൽ വന്നിറങ്ങുന്ന കൊല്ലം വരെയുള്ള യാത്രക്കാർ ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.
സാധാരണ എറണാകുളത്ത് നിന്നുള്ള മെമു ആലപ്പുഴയിൽ എത്തിയ ശേഷമാണ് ആലപ്പുഴ– കൊല്ലം മെമു പുറപ്പെടുന്നത്. എന്നാൽ ഇന്നലെ എറണാകുളത്ത് നിന്നുള്ള മെമു ആലപ്പുഴ സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് കൊല്ലം മെമു സ്റ്റേഷനിൽ നിന്ന് പോയി. രാജധാനി എക്സ്പ്രസ് കടന്നു പോകാനായി അഞ്ചു മിനിറ്റ് മാരാരിക്കുളത്ത് പിടിച്ചിട്ടതിനെ തുടർന്ന് വൈകിയാണ് എറണാകുളം –ആലപ്പുഴ മെമു ആലപ്പുഴ സ്റ്റേഷനിലെത്തിയത്. ഇതോടെയാണ് പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത് വന്നത്.
ഇതിനു മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. രണ്ടാക്കിയ ട്രെയിൻ ഒന്നാക്കണമെന്ന യാത്രക്കാരുടെ അഭ്യർഥന എ.എം.ആരിഫ് എംപി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എറണാകുളം –കൊല്ലം ട്രെയിൻ ഒന്നായി ഓടിക്കുമെന്ന് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടെ ഉറപ്പു നൽകിയിരുന്നു.
English Summary: The passengers besieged the station master after not getting a regular train