പാതി വഴി പിന്നിട്ട് ചെങ്ങന്നൂരിലെ കനാൽ നവീകരണ പദ്ധതി

Mail This Article
ചെങ്ങന്നൂർ ∙ ആറു കോടി രൂപ ചെലവിൽ പിഐപി കനാൽ നവീകരിക്കുന്നു. മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ കനാൽ നവീകരണത്തിനായി 2020–21 വർഷത്തെ ബജറ്റിൽ അനുവദിച്ച പദ്ധതിയാണു പാതി വഴി പിന്നിടുന്നത്. പദ്ധതിയിൽ മൊത്തം 46 പ്രവൃത്തികളാണുള്ളത്. ഇവയിൽ 25 എണ്ണം പൂർത്തിയായതായി അധികൃതർ പറഞ്ഞു. ബാക്കിയുള്ളവ നടന്നു വരികയാണ്. നിലവിൽ പെണ്ണുക്കര കനാൽ ജംക്‌ഷനു സമീപമാണു ജോലികൾ നടക്കുന്നത്. മെയിൻ കനാലിന്റെയും ബ്രാഞ്ച് കനാലുകളുടെയും അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. ചിലയിടങ്ങളിൽ കനാലിനു നീളം കൂട്ടുന്ന ജോലികളും നടത്തുന്നു. കനാൽ കടന്നു പോകുന്ന ചെങ്ങന്നൂർ നഗരസഭയ്ക്കും പഞ്ചായത്തുകൾക്കും പ്രയോജനപ്പെടും. കാഡാ കനാലുകളും നവീകരിക്കുന്നുണ്ട്.
തിരുവൻവണ്ടൂരിൽ 6 കാഡാ കനാലുകൾ നവീകരിക്കും. നദിയുടെ സാമീപ്യമോ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളോ ഇല്ലാത്ത പാടശേഖരങ്ങളിലെ നെൽകൃഷിക്ക് പിഐപി കനാൽ ആണ് ആശ്രയം. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതിരുന്നതും വെള്ളം തുറന്നു വിടാൻ വൈകുന്നതും മൂലം വേനൽക്കാലത്ത് കർഷകർ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. കനാൽ പലയിടത്തും തകർന്നു കിടക്കുന്നതിനാൽ കനാലിന്റെ അവസാനഭാഗമായ തിരുവൻവണ്ടൂരിലെയും മറ്റും പാടങ്ങളിൽ ആവശ്യത്തിനു വെള്ളം കിട്ടാത്ത സ്ഥിതിയുമുണ്ട്. കനാൽ നവീകരണം പൂർത്തിയാകുന്നതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു കർഷകരുടെ പ്രതീക്ഷ.