അരൂർ- തുറവൂർ ഉയരപ്പാത നിർമാണം: ഗതാഗതക്കുരുക്കിന് പരിഹാരമില്ല; കരാർ കമ്പനിയുടെ ഓഫിസിലേക്ക് മാർച്ച്
Mail This Article
തുറവൂർ ∙ അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാർ കമ്പനിയായ അശോക ബിൽകോണിന്റെ തുറവൂർ ഒാഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. തുറവൂരിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകരെ ഒാഫിസിനു നൂറുമീറ്റർ മാറി പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു തുടർന്ന് ബാരിക്കേഡ് ഭേദിച്ച് കയറിയ പ്രവർത്തകരുമായി പൊലീസ് ഉന്തുംതള്ളുമായി, ഇത് സംഘർഷത്തിനിടയാക്കി.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയുടെ കരാർ-നിയമ ലംഘനങ്ങൾ അധികൃതർ പരിശോധിക്കുക, ഉയരപ്പാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധാവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സിപിഐ മണ്ഡലം സെക്രട്ടറി പി.എം.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് അരൂർ മണ്ഡലം പ്രസിഡന്റ് ടി.തിഞ്ചുമോൻ അധ്യക്ഷനായി. സി.അജിത് കുമാർ, എസ്.അശോക് കുമാർ, പി.മനോജ്കുമാർ, എം. പി.ബിജു, വി.എൻ.അൽത്താഫ്, എ.എസ്.നിതിൻ, പി.പ്രമുദ്യ, റെജീന സെൽവി,കെ.എസ്.നീതു, എൻ.കെ.മുരളി, കെ.പി.ദിലീപ് കുമാർ, കെ.ബി.സജീവ് എന്നിവർ നേതൃത്വം നൽകി.