വീസ തട്ടിപ്പുകേസ്: പൊലീസ് രണ്ടാം ദിവസവും തെളിവെടുപ്പു നടത്തി
Mail This Article
മാന്നാർ ∙ വീസ തട്ടിപ്പുകേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി മാന്നാർ കുരട്ടിശേരി പുത്തൂർ ഖദീജ മൻസിലിൽ ഹനീഫുമായി മാന്നാർ പൊലീസ് രണ്ടാം ദിവസവും തെളിവെടുപ്പു നടത്തി. വീസ നൽകാമെന്നു പറഞ്ഞ് ഉദ്യോഗാർഥികളെ കൂടിക്കാഴ്ചകൾക്കായി വിളിച്ചു വരുത്തിയ തിരുവല്ല ടൗണിലുള്ള ക്ലബ് സെവൻ, റാന്നിയിലെ ഹോട്ടൽ റോളക്സ് എന്നിവിടങ്ങളിലാണ് പ്രതിയുമായി മാന്നാർ പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തിയത്. തട്ടിപ്പിൽ ഹനീഫിനൊപ്പം പങ്കുള്ള കൂട്ടാളികളുടെ വിവര ശേഖരണവും അവർക്ക് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.
മാന്നാറിലെ പ്രമുഖരായ ചില നേതാക്കൾക്കു പണം നൽകിയിട്ടുണ്ടെന്ന് പ്രതി ഹനീഫ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പണം കൈപ്പറ്റിയവർ തന്നെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പണം നൽകിയതെന്ന് ചോദ്യം ചെയ്യലിൽ ഹനീഫ് പൊലീസിനോട് പറഞ്ഞു.മാന്നാർ എസ്ഐ സി.എസ്. അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഖത്തർ, ദുബായ് എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിപ്പു നടത്തിയതിനാണ് ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 20 കേസുകളാണ് നിലവിൽ വിവിധയിടങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.