യുവാവ് ഇൻസ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്ന്: തട്ടിക്കൊണ്ടു പോയി മർദിച്ച കേസിലെ 4 പ്രതികൾ പിടികൾ

Mail This Article
ആലപ്പുഴ∙ ഇൻസ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി മർദിച്ചവശനാക്കിയ സംഭവത്തിൽ പ്രതികളായ 4 പേരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലാത്ത് സുമി മൻസിലിൽ സുരാജ് (42), ആലിശ്ശേരി അരയൻ പറമ്പ് എസ്എൻ സദനത്തിൽ അരുൺ (29), ആറാട്ടുവഴി പുതുവൽ പുരയിടത്തിൽ അനീഷ് (32), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവൽ വീട്ടിൽ റിൻഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിലൂടെ സുരാജിന്റെ മകനെ അയൽവാസിയായ അൽത്താഫ് ഭീഷണിപ്പെടുത്തി എന്നായിരുന്നു ആരോപണം. ഇതിൽ ക്ഷുഭിതരായി സുരാജും കൂട്ടുകാരും ചൊവ്വാ വൈകിട്ട് 6.30ന് അൽത്താഫിന്റെ വീട്ടിലെത്തി അമ്മയെയും പെങ്ങളെയും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയ ശേഷം അൽത്താഫിനെ മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി. സുരാജിന്റെ വീട്ടിൽ കൊണ്ടുപോയി അവിടെ വച്ചും അൽത്താഫിനെ മർദിച്ചു. ഇതിനിടെ വീട്ടുകാർ സൗത്ത് പൊലീസിൽ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി അൽത്താഫിനെ രക്ഷപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെ.ശ്രീജിത്ത്, പ്രിൻസിപ്പൽ എസ്ഐ വി.എൽ.ആനന്ദ്, എസ്ഐമാരായ ഉണ്ണിക്കൃഷ്ണൻ നായർ, എം.പി. മനോജ്, പോൾ, ശ്യാംലാൽ, സീനിയർ സിപിഒ ജോസഫ്, സിപിഒ നവീൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.