കണ്ടെയ്നർ ലോറി നീക്കാൻ നടപടിയില്ല

Mail This Article
അരൂർ ∙ അപകടത്തെ തുടർന്ന് പാതയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന കണ്ടെയ്നർ ലോറി നീക്കാൻ നടപടിയായില്ല. വീതികുറഞ്ഞ റോഡിൽ അപകടഭീഷണി ഉയർത്തുകയാണ് ലോറി. അപകടത്തിൽ ഒരാളുടെ മരണത്തെ തുടർന്നുള്ള കേസുമായി ബന്ധപ്പെട്ട് 2 ആഴ്ചയിലേറെയായി ലോറി കിടക്കാൻ തുടങ്ങിയിട്ട്. ഒരു വാഹനത്തിന് കഷ്ടി കടന്നു പോകാൻ കഴിയുന്ന ദേശീയപാതയിൽ അരൂർ എസ്എൻ നഗറിന് സമീപമാണ് കണ്ടെയ്നർ ലോറി കിടക്കുന്നത്.ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഗർഡറുകളും വെൽഡിങ് അടക്കമുള്ള മറ്റു ജോലികൾ നടക്കുന്നതിനാൽ നിരന്തരം ഗതാഗതം തടസ്സപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടുന്ന റോഡിലാണ് കണ്ടെയ്നർ ലോറിയുടെ പാർക്കിങ്.ഗതാഗത തടസ്സങ്ങളുടെ പേരിൽ പാതയോരത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകാതിരിക്കാൻ ട്രാഫിക് പൊലീസ് ഇടയ്ക്കിടെ പട്രോളിങ് നടത്തുമ്പോൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ പെറ്റിക്കേസ് എടുക്കുന്നുണ്ട്. എന്നാൽ ദേശീയപാതയിൽ അനധികൃതമായി പാർക്കിങ് ചെയ്തിരിക്കുന്ന ലോറി നീക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.