‘ടോക്കിയോ’ ആവാൻ ചെന്നൈ; വെള്ളപ്പൊക്കം തടയാൻ ‘ജാപ്പനീസ് ടച്ച്’

Mail This Article
ചെന്നൈ ∙ നഗരത്തിൽ വെള്ളപ്പൊക്കം തടയുന്ന പ്രവർത്തനങ്ങളിൽ ‘ജാപ്പനീസ് ടച്ച്’ കൊണ്ടുവരാനൊരുങ്ങി കോർപറേഷൻ. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ നടപ്പാക്കിയ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ നഗരത്തിലും നടപ്പാക്കുകയാണ് ഉദ്ദേശം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പരിശോധനകൾക്കുമായി ജപ്പാനിൽ നിന്നുള്ള സംഘം അധികം വൈകാതെ ചെന്നൈയിലെത്തും.
ഒരുങ്ങുന്നത്, ജപ്പാന് കൈകൊടുക്കാൻ
സാങ്കേതികവിദ്യയുടെ ചിറകിലേറി വികസനത്തിലേക്കു കുതിച്ച ജപ്പാനുമായി കൈകോർക്കുന്നതോടെ, മഴക്കാലത്തെ വെള്ളക്കെട്ട് പോലുള്ള സ്ഥിരം പ്രശ്നങ്ങൾക്കും വെള്ളപ്പൊക്കത്തിനും തടയിടാനാകുമെന്നാണു കോർപറേഷന്റെ പ്രതീക്ഷ. അടിപ്പാതകൾ, മഴവെള്ളക്കനാലുകൾ എന്നിവ നവീകരിക്കുക, തണ്ണീർത്തടങ്ങളുടെ വീതി കൂട്ടുക, ജലാശയങ്ങളിലേക്കുള്ള ഒഴുക്ക് സുഗമമാക്കുക എന്നിവയ്ക്കൊപ്പം മറ്റ് സാങ്കേതികവിദ്യകളും സജ്ജമാക്കും.
ജനസാന്ദ്രത കൂടിയ നഗരങ്ങളിലൊന്നായ ടോക്കിയോയിൽ നടപ്പാക്കിയ പദ്ധതികൾ ചെന്നൈയിലും വിജയിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതികൾ നടപ്പാക്കാൻ ജപ്പാൻ ഇന്റർനാഷനൽ കോഓപ്പറേഷൻ ഏജൻസി(ജൈക്ക)യുടെ സാമ്പത്തിക സഹായം നേടിയെടുക്കാനും ശ്രമിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി ചെന്നൈയിൽ നിന്നുള്ള സംഘം നേരത്തേ ജപ്പാൻ സന്ദർശിച്ചിരുന്നു. ജാപ്പനീസ് സംഘം അടുത്തമാസം നടത്തുന്ന സന്ദർശനത്തിനു പിന്നാലെ അടുത്ത മഴക്കാലത്തിനു മുന്നോടിയായി പദ്ധതി നടപ്പാക്കാനാണു നീക്കം.
ഡബിൾ ഡെക്കർ പാത നിർമാണത്തിന് ബ്രേക്ക്
നിർമാണ അവശിഷ്ടങ്ങൾ കൂവം നദിയിലേക്കു തള്ളുന്നെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പോർട്ട്–മധുരവയൽ ഡബിൾ ഡെക്കർ പാതയുടെ നിർമാണം നിർത്തിവയ്ക്കാൻ സംസ്ഥാന ജലവിഭവ വകുപ്പ് ഉത്തരവിട്ടു. വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നദിയിൽ പൈലിങ് നടത്തുന്നതിന് ആവശ്യമായ റോഡ് നിർമിക്കവേ, അവശിഷ്ടങ്ങൾ നദിയിലേക്കു തള്ളിയതിനെ തുടർന്നാണു നടപടി. കൂവം നദിയിൽ മാലിന്യം കുമിഞ്ഞതിനാൽ വരുന്ന മഴക്കാലത്ത് നഗരം വെള്ളത്തിൽ മുങ്ങുമെന്ന ആശങ്ക വർധിച്ചിട്ടുണ്ട്. നിലവിൽ പല ഭാഗങ്ങളിലും നദിയുടെ ഒഴുക്ക് 50 ശതമാനത്തോളം തടസ്സപ്പെട്ടിട്ടുണ്ട്.
റോഡ് കുഴിക്കുന്നതിന് നിയന്ത്രണം
വിവിധ ആവശ്യങ്ങൾക്കായി റോഡ് കുഴിക്കുന്നത് അനന്തമായി നീട്ടരുതെന്ന് കോർപറേഷൻ. റോഡ് കുഴിച്ചുള്ള പ്രവൃത്തികൾ 14 ദിവസത്തിൽ കൂടുതൽ പാടില്ലെന്നാണ് നിർദേശം. കുഴി വേഗത്തിൽ മൂടാത്തത് മൂലം പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായും കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും അധികൃതർ പറഞ്ഞു.
നിർദേശം പാലിക്കുന്നതിന് ടാൻജെഡ്കോ, ബിഎസ്എൻഎൽ, മെട്രോ വാട്ടർ തുടങ്ങിയവ സഹകരിക്കണമെന്നും രണ്ടാഴ്ചയ്ക്കു ശേഷവും കുഴി മൂടാത്തവരിൽ നിന്ന് പിഴ ഈടാക്കുന്ന കാര്യം ആലോചിക്കുന്നതായും അധികൃതർ അറിയിച്ചു. ഗതാഗതം വഴിതിരിച്ചുവിടുന്ന സാഹചര്യങ്ങളിൽ ആശുപത്രി, സ്കൂൾ തുടങ്ങിയവയുടെ ദിശാ ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും കോർപറേഷൻ കമ്മിഷണർ ജെ.രാധാകൃഷ്ണൻ പറഞ്ഞു.