സ്കൂൾ ബസ് ചരിഞ്ഞു; അപകടം ഒഴിവായി

Mail This Article
അരയൻകാവ് ∙ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞു, ഡ്രൈവറുടെ സമയോചിത ഇടപെടലിനെ തുടർന്നു ദുരന്തം ഒഴിവായി. ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിലെ ബസാണു വീതികുറഞ്ഞ തെണ്ടിലങ്ങാടി-പൊയ്യാറ്റിത്താഴം റോഡിൽ ഇന്നലെ അപകടത്തിൽപെട്ടത്. രാവിലെ ഒൻപതോടെ വിദ്യാർഥികളുമായി സ്കൂളിലേക്ക് വരവേയാണ് അപകടം. വീതികുറഞ്ഞ റോഡിൽ വഴിയാത്രക്കാരൻ അപ്രതീക്ഷിതമായി വാട്ടം ചാടിയതിനെ തുടർന്നു ബ്രേക്ക് ചവിട്ടിയപ്പോൾ ബസ് നിയന്ത്രണം വിട്ട് ചരിയുകയായിരുന്നു. പിൻ ചക്രങ്ങൾ പൂർണമായും റോഡ് വിട്ടിറങ്ങി ബസ് ചതുപ്പിലേക്ക് ചരിഞ്ഞു. ഡ്രൈവർ ലൈജു ഉടൻ മുൻഭാഗം വെട്ടിച്ചു റോഡിലേക്കു കയറ്റിയതിനാലാണു ബസ് മറിയാതിരുന്നത്. പതിനഞ്ചോളം കുട്ടികൾ ബസിലുണ്ടായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നു ഉടൻ വിദ്യാർഥികളെ ബസിൽ നിന്നിറക്കി. മുളന്തുരുത്തി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
സ്കൂളിൽ നിന്നു മറ്റൊരു വാഹനം എത്തിയാണു വിദ്യാർഥികളെ കൊണ്ടുപോയത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി.പാടത്തിനു കുറുകെ 3 മീറ്റർ മാത്രം വീതിയുള്ള റോഡിന്റെ വശങ്ങളിൽ മണ്ണിട്ട് സംരക്ഷണ വേലി കെട്ടാത്തതാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു. റോഡിൽ വശങ്ങളിൽ സുരക്ഷ ഒരുക്കാത്ത 30 മീറ്ററോളം ഭാഗത്ത് അപകടങ്ങളും പതിവാണ്. ഒട്ടേറെ സ്കൂൾ വാഹനങ്ങൾ പോകുന്ന റോഡിന്റെ വശങ്ങളിൽ കരിങ്കല്ലു കെട്ടി സുരക്ഷ ഒരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.