ചൂടിൽ വാടി റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് കൃഷി

Mail This Article
കൂത്താട്ടുകുളം∙ കടുത്ത ചൂടിൽ റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് കൃഷികൾ ഉണങ്ങുന്നു. റംബൂട്ടാൻ പൂത്തു തുടങ്ങുന്ന സമയമാണിത്. വെയിലേറ്റ് ചെടിയുടെ ഇലകൾ കരിയുന്ന സ്ഥിതിയാണ്. 100 ദിവസത്തെ വളർച്ചയാണ് ഫലത്തിനുള്ളത്. 150 രൂപ വരെ വിലയുണ്ട്. വിളവെടുപ്പ് സമയമാകുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് കർഷകരുടെ ആശങ്ക. കച്ചവടക്കാർ കരാറെടുക്കാൻ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഒരു ചെടിയിൽ നിന്നും 20 മുതൽ 30 കിലോഗ്രാം റംബൂട്ടാൻ വിളവ് ലഭിക്കുന്നതിൽ 60 ശതമാനം വരെ കുറവ് സംഭവിക്കുമെന്ന് കർഷകനായ തിരുമാറാടി മംഗലത്ത് എം.സി. സാജു പറഞ്ഞു.ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ തണ്ട് വെയിലേറ്റ് പൊള്ളി പഴുത്ത് നശിക്കുകയാണ്.
പൂവിട്ടാൽ 1 മാസമാണ് ആദ്യ വിളവെടുപ്പ് സമയം. 5 മാസം വരെ തുടർച്ചയായി ഫലം ലഭിക്കുന്നതിനാൽ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തിരിക്കുന്നത്. 140 മുതൽ 150 രൂപ വരെ കർഷകന് വില ലഭിക്കും. ഒരു സീസണിൽ ഒരു ചെടിയിൽ നിന്നു 18 മുതൽ 20 കിലോഗ്രാം വരെ വിളവ് ലഭിക്കും. കാലാവസ്ഥ വ്യതിയാനം മൂലം റംബൂട്ടാൻ ചെടികൾ ഒരു മാസം മുൻപ് പൂവിടുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.