ടെംപിൾ റോഡ് വീണ്ടും പൊളിച്ചു,പൊടിശല്യവും യാത്രാദുരിതവും

Mail This Article
പെരുമ്പാവൂർ ∙ രണ്ടു മാസം മുൻപ് വെട്ടിപ്പൊളിച്ചു ഭാഗികമായി ടാർ ചെയ്ത കെ.ഹരിഹരയ്യർ റോഡ്(ടെംപിൾ റോഡ്) വീണ്ടും വെട്ടിപ്പൊളിച്ചത് യാത്രക്കാരെ വലയ്ക്കുന്നു. പൊടിശല്യവും യാത്രാദുരിതവും മൂലം വാഹനയാത്രികരും വഴിയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ജലജീവൻ പദ്ധതി പ്രകാരം കാഞ്ഞിരക്കാട് സ്ഥാപിക്കുന്ന പ്രതിദിനം 28 മെഗാലീറ്റർ(എംഎൽഡി) സംസ്കരണ ശേഷിയുള്ള പ്ലാന്റിൽ നിന്നു രായമംഗലം,അശമന്നൂർ പഞ്ചായത്തുകളിലേക്കു ജലവിതരണത്തിനുളള പൈപ്പുകളാണ് സ്ഥാപിക്കുന്നത്.
രായമംഗലത്തും കാഞ്ഞിരക്കാടും ഉടൻ ടാങ്കുകൾ പണിയും. കാഞ്ഞിരക്കാട് നിന്നു തുരുത്തിപ്പറമ്പ് വഴി ഭജനമഠത്തിനു സമീപമെത്തി കെ.ഹരിഹരയ്യർ റോഡ് വഴിയാണു പൈപ്പ് ലൈൻ പോകുന്നത്. 2 മാസം മുൻപാണ് അമൃത് പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കാൻ ഹരിഹരയ്യർ റോഡിലെ ഈ ഭാഗം തന്നെ വെട്ടിപ്പൊളിച്ചത്. അന്ന് ആശുപത്രിക്കവല മുതൽ ഔഷധി ജംക്ഷൻ വരെയാണ് പൊളിച്ചത്ത്. ഇക്കുറി ആശുപത്രിക്കവല മുതൽ ഭജനമഠം വരെയാണ് .അമൃത് പദ്ധതിയിൽ പൊളിച്ച ഭാഗം മെറ്റലിട്ട് ആദ്യഘട്ട ടാറിങ് നടത്തിയെങ്കിലും വീണ്ടും ഇതിനു സമീപത്തു വെട്ടിപ്പൊളിച്ചു.
ഇതോടെ റോഡിൽ പൊടിയും കുഴികളുമായി. മഴക്കാലത്തിനു മുൻപ് വെട്ടിപ്പൊളിച്ച റോഡ് ടാർ ചെയ്തില്ലെങ്കിൽ യാത്രാദുരിതം വർധിക്കും. എംസി റോഡിലെ ഔഷധിക്കവലയെയും എഎം റോഡിലെ എഎം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. മിനി സിവിൽ സ്റ്റേഷൻ, കെഎസ്ഇബി ഓഫിസ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, താലൂക്ക് ആശുപത്രി, ശ്രീധർമശാസ്ത ക്ഷേത്രം, ഭജനമഠം, ആധാരം എഴുത്ത് ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നതിനാൽ നല്ല തിരക്കുള്ള റോഡാണിത്.