ADVERTISEMENT

9 പഞ്ചായത്തുകളിലാണ് ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നത്. തൊടുപുഴ നഗരസഭയിലും ആർക്കും ഭൂരിപക്ഷമില്ല. ഇവിടങ്ങളിലെ ഭരണം പിടിക്കാൻ മുന്നണികളുടെ നെട്ടോട്ടം ഇങ്ങനെ...

റിബൽ തിരിച്ചെത്തി;മരിയാപുരം യുഡിഎഫിന്

വിമലഗിരി വാർഡിൽ ഇരു മുന്നണികളെയും തറപറ്റിച്ച കോൺഗ്രസ് റിബൽ ജിൻസി ജോയി യുഡിഎഫിന് ഒപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയതോടെ മരിയാപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന്. ജിൻസിക്കു പ്രസിഡന്റ് സ്ഥാനമാണ് യുഡിഎഫ് വാഗ്ദാനം. 13 അംഗ പഞ്ചായത്തിൽ ഇരുമുന്നണികളും 6 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് ജിൻസിയുടെ നിലപാട് നിർണായകമായത്. ജിൻസിക്കു വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത ഇടതുപക്ഷം അവർ അത് അംഗീകരിച്ചില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനവും നൽകാൻ ഒരുക്കമായിരുന്നു. എന്നാൽ, തന്നെ വിജയിപ്പിച്ച ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ചു മാത്രമേ തീരുമാനം എടുക്കുവെന്നും യുഡിഎഫിന് ഒപ്പം നിൽക്കാനാണു സഹപ്രവർത്തകരുടെ തീരുമാനമെന്നും ജിൻസി വ്യക്തമാക്കി.

എൻഡിഎ സ്വതന്ത്രന്റെകരുണ തേടി കരുണാപുരം

എൻഡിഎ സ്വതന്ത്രന്റെ കരുണ ആർക്കു ലഭിക്കുന്നോ അവർ പഞ്ചായത്തിൽ ഭരണം പിടിക്കുമെന്ന നിലയിലാണ് കരുണാപുരത്തെ ഫലം. എൽഡിഎഫ് 8, യുഡിഎഫ് 8, എൻഡിഎ സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷി നില. സ്വതന്ത്രന്റെ പിന്തുണ വേണ്ടെന്ന പൊതുധാരണയിലാണ് ഇടതു നേതൃത്വം. യുഡിഎഫ് ഇതുവരെ നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.

നറുക്കെടുപ്പിൽകണ്ണുംനട്ട് വാഴത്തോപ്പ്

വാഴത്തോപ്പ് ആരു ഭരിക്കണമെന്നു ഭാഗ്യം തീരുമാനിക്കും. 7 സീറ്റ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായതിനാൽ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കും.

സിപിഐ പിന്തുണയോടെഇടമലക്കുടിയിൽ യുഡിഎഫ്

ഇടമലക്കുടിയിൽ യുഡിഎഫ് അധികാരത്തിലേറുന്നത് സിപിഐ മെംബറെ ചാക്കിട്ടു പിടിച്ച്. 13 ൽ 6 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഏഴാം വാർഡായ പരപ്പയാറിൽ നിന്നു ജയിച്ച സിപിഐയിലെ എ.ചടയാണ്ടിയുടെ പിന്തുണ ഉറപ്പാക്കി കേവല ഭൂരിപക്ഷം കോൺഗ്രസ് ഉറപ്പിച്ചു. ചടയാണ്ടിക്കു സ്ഥിരം സമിതി അധ്യക്ഷ പദവി നൽകിയാണു കൂടെ നിർത്തുന്നത്.

എല്ലാ കണ്ണുംജയന്തി രവിയിൽ

ഇരു മുന്നണികൾക്കും 6 വീതം സീറ്റ് ലഭിച്ച ചിന്നക്കനാലിൽ സിപിഎം റിബലായി ജയിച്ച ജയന്തി രവിയുടെ നിലപാട് നിർണായകം. ജയന്തിയെ പ്രസിഡന്റാക്കി ഭരണം നേടാനാണു കോൺഗ്രസിന്റെ ശ്രമം. ജയന്തിയെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നുമാണു സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്.

കുമാരമംഗലത്തും കുടയത്തൂരുംയുഡിഎഫിന് പ്രതീക്ഷ

കുമാരമംഗലത്ത് 6 സീറ്റുള്ള യുഡിഎഫിനു ഭരണം ലഭിക്കാൻ സാധ്യത. ഇവിടെ എൽഡിഎഫിന് 4 സീറ്റും ബിജെപിക്ക് 2 സീറ്റുമാണുള്ളത്. ഒരു സ്വതന്ത്രയുമുണ്ട്. ബിജെപി ഒരു മുന്നണിയേയും പിന്തുണയ്ക്കാൻ സാധ്യത ഇല്ലാത്തതിനാൽ കൂടുതൽ അംഗങ്ങളുള്ള യുഡിഎഫിനു ഭരണം ലഭിച്ചേക്കും.കുടയത്തൂരും സമാന സാഹചര്യമാണ്. യുഡിഎഫിന് 6 അംഗങ്ങളും എൽഡിഎഫിന് 5 അംഗങ്ങളുമാണുള്ളത്. ബിജെപിക്കു രണ്ടും.

ഉപ്പുതറ ഉറപ്പിച്ച് എൽഡിഎഫ്

ഉപ്പുതറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ഉറപ്പാണ്. പ്രസിഡന്റ് പദവി പട്ടികവർഗ വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്ന ഇവിടെ ഈ വിഭാഗത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി മാത്രമാണു ജയിച്ചത്. 18 അംഗ പഞ്ചായത്തിൽ യുഡിഎഫിന്റെ ഒൻപതും എൽഡിഎഫിന്റെ എട്ടും എൻഡിഎയുടെ ഒരു അംഗവുമാണ് ജയിച്ചത്.

വെള്ളിയാമറ്റത്ത്യുഡിഎഫ് പ്രതീക്ഷയിൽ

വെള്ളിയാമറ്റത്തു വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയിൽ നിന്നു വിജയിച്ച ഇന്ദു ബിജു യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണു സൂചന. അങ്ങനെയെങ്കിൽ യുഡിഎഫിനു കേവല ഭൂരിപക്ഷമാകും. 15 അംഗ ഭരണ സമിതിയിൽ 7 പേരാണ് യുഡിഎഫിനൊപ്പമുള്ളത്. എൽഡിഎഫിന് 6. ബിജെപി റിബലായി വിജയിച്ച രാജു കുട്ടപ്പന്റെ നീക്കവും നിർണായകമാണ്.

സത്യപ്രതിജ്ഞ 21ന്

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. മറ്റുള്ളവയുടേത് അതതു ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇതേസമയം നടത്തും. തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗത്തിനു വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റുള്ളവരെ ആദ്യ അംഗം സത്യപ്രതിജ്ഞ ചെയ്യിക്കും. തുടർന്ന് അധ്യക്ഷ തിരഞ്ഞെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com