അധികൃതരുടെ തോന്ന്യാസങ്ങൾ; പൊറുതിമുട്ടി ജനം

Mail This Article
തൊടുപുഴ ∙ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ ഫലമായി കാരിക്കോട്– തെക്കുംഭാഗം റോഡിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. തകർന്ന് ഗതാഗതം താറുമാറായ റോഡിൽ മാസങ്ങളായി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും തോന്ന്യാസങ്ങൾ കൊണ്ട് യാത്രക്കാർ പൊറുതിമുട്ടി. കഴിഞ്ഞ ശനിയാഴ്ച കാരിക്കോട് കോട്ടപാലത്തിനു സമീപം 4 മീറ്റർ നീളത്തിൽ ടൈൽ പാകുന്നതിനായി ഗതാഗത നിയന്ത്രണത്തിനു വേണ്ടി വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് ചരട് റോഡിനു കുറുകെ കെട്ടിയത് കഴുത്തിൽ ചുറ്റി സ്കൂട്ടർ യാത്രക്കാരന്റെ കഴുത്തിനു സാരമായി പരുക്കേറ്റ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഇതിനു പുറമേ ഇതേ റൂട്ടിൽ കല്ലാനിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ജംക്‌ഷനിൽ 50 മീറ്ററോളം ടൈൽ പാകാൻ കുത്തിയ കുഴിയാണ് രണ്ടാഴ്ചയായി യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. കുണ്ടും കുഴിയുമായി കിടന്ന ഭാഗത്ത് ടൈൽ പാകാൻ റോഡ് കുഴിച്ചിട്ട് രണ്ടാഴ്ചയായി. എന്നാൽ ഇവിടെ ടൈൽ ഇടുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെ ഇവിടെ ജല വിതരണ പൈപ്പ് പൊട്ടി റോഡിൽ വലിയ ചെളിക്കുളമായി മാറിയിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും മറ്റ് കാൽനട യാത്രക്കാരും ഇപ്പോൾ ചെളിക്കുളം ഒഴിവാക്കി സമീപത്തെ പറമ്പിലൂടെ പോകേണ്ട അവസ്ഥയാണ്. മാത്രമല്ല വാഹനങ്ങൾ വരുമ്പോൾ വിദ്യാർഥികളുടെ ദേഹത്ത് ചെളി വെള്ളം തെറിക്കുന്നതും പതിവാണ്.
ഇവിടെ പൈപ്പ് പൊട്ടി നൂറു കണക്കിനു ലീറ്റർ വെള്ളം പാഴാകുന്നുണ്ട്. ഇത് നന്നാക്കാനും ആരുമില്ല. ഇവിടെ റോഡിന്റെ രണ്ട് ഭാഗത്തും ചെളിക്കുളമായി മാറിയത് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയായി. നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് ഇതെല്ലാം കാട്ടിയിരിക്കുന്നത്. ഞങ്ങൾ ഇങ്ങനെയൊക്കയേ ചെയ്യൂ ആരാണ് ചോദിക്കാൻ എന്നാണ് ചില ഉദ്യോഗസ്ഥരുടെ നിലപാട്. എന്തു കാട്ടിയാലും തങ്ങളെ ആരും ഒന്നും ചെയ്യാനില്ലെന്നാണ് ചില ജീവനക്കാർ നാട്ടുകാരോട് പറഞ്ഞത്. ഏതാനും മാസം മുൻപ് ഇപ്പോൾ ടൈൽ ഇടാൻ കുഴിച്ചതിനു സമീപം പത്ത് മീറ്ററോളം ഭാഗത്ത് ഇട്ട ടൈൽ ചില ഭാഗത്ത് കുഴിഞ്ഞു വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
ഇത്തരത്തിലാണ് ഇനിയും ടൈൽ ഇടുന്നതെങ്കിൽ അനുവദിക്കില്ലെന്ന് കരാറുകാരനോട് നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ടൈൽ ഇടാതെ പോയതെന്നും പറയുന്നു. ഈ റോഡിൽ പല ഭാഗത്തും വലിയ കുഴികൾ കാരണം യാത്ര ദുഷ്കരമായിട്ട് രണ്ട് വർഷത്തിലേറെയായി. വലിയ കിടങ്ങായി മാറുന്ന ഭാഗത്ത് മാത്രം ഘട്ടം ഘട്ടമായി ടൈൽ പാകുന്നതല്ലാതെ റോഡ് പൂർണമായും റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നടപടി ഉണ്ടാകുന്നില്ല.