ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ പതിവായി അപകടം നടക്കുന്ന 9 റോഡുകളെകുറിച്ചു മുന്നറിയിപ്പ് നൽകി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ്പാക്). ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ പഠനത്തിലാണു സ്ഥിരം അപകടമേഖലകൾ കണ്ടെത്തിയത്. ദേശീയപാതയിൽ 5 സ്ഥലങ്ങളിലായി 30.2 കിലോമീറ്ററും സംസ്ഥാനപാതയിൽ 4 സ്ഥലങ്ങളിലായി 25 കിലോമീറ്ററുമാണ് അപകടമേഖലയായി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. മറ്റു ജില്ലകളെ അപേക്ഷിച്ച് അപകടമേഖലകൾ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. റോഡിലെ അപകടകരമായ ഭാഗങ്ങൾ പുനർനിർമിക്കുകയോ റോഡ് സുരക്ഷാ മാർഗങ്ങൾ നടപ്പാക്കുകയോ വേണമെന്നും നാറ്റ്പാക് നിർദേശിച്ചു.

1) മച്ചിപ്ലാവ് അസീസി പള്ളിക്കു സമീപം ദേശീയപാതയിൽ അപകടങ്ങൾ 
പെരുകുന്ന വളവ്  

2) കുമളിക്കും വണ്ടിപ്പെരിയാറിനും ഇടയിൽ 62–ാം മൈലിലെ അപകടവളവ്.
1) മച്ചിപ്ലാവ് അസീസി പള്ളിക്കു സമീപം ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്ന വളവ് 2) കുമളിക്കും വണ്ടിപ്പെരിയാറിനും ഇടയിൽ 62–ാം മൈലിലെ അപകടവളവ്.

ദേശീയപാത
1. ദേശീയപാത 85: മച്ചിപ്ലാവ് – അടിമാലി ടൗൺ ജംക്‌ഷൻ – 7.10 കിമീ
കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ മച്ചിപ്ലാവ് അസീസി പള്ളിക്കു സമീപം കൊടും വളവിൽ അപകടങ്ങൾ തുടർക്കഥ. കഴിഞ്ഞ ഒക്ടോബർ 4ന് അടിമാലി കാമിയോ ബുക്ക് സ്റ്റാൾ ഉടമ പൂഞ്ഞാർ‌ക്കണ്ടം ഒറമഠത്തിൽ ഷാജു വർഗീസ് (57) ഇവിടെ വാഹന അപകടത്തിൽ  മരിച്ചു. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന 2 അംഗ സംഘം സഞ്ചരിച്ചിരുന്ന കാറും പതിനാലാംമൈലിൽ നിന്ന് അടിമാലിക്ക് വരികയായിരുന്ന ഷാജു സഞ്ചരിച്ചിരുന്ന ബൈക്കുമാണു കൂട്ടിയിടിച്ചത്. കൊടുംവളവിലാണ് അപകടം നടന്നത്. അപകടങ്ങൾ തുടർക്കഥയാകുന്ന വളവാണിത്.

2. ദേശീയപാത 183: 62–ാം മൈൽ– വണ്ടിപ്പെരിയാർ ടൗൺ – 4.80 കിമീ.
കുമളിക്കും വണ്ടിപ്പെരിയാറിനും ഇടയിൽ അറുപത്തിരണ്ടാം മൈലിലെ അപകടകരമായ വളവ് യാത്രക്കാർക്ക് എന്നും ഭീഷണി. ഈ വളവിൽ വഴിയരികിൽ നിൽക്കുകയായിരുന്ന വഴിയാത്രക്കാരനെ  കെഎസ്ആർടിസി ബസ് ഇടിച്ചിട്ടു നിർത്താതെ പോയ സംഭവമുണ്ട്.  വാളാർഡിക്കു സമീപമുള്ള വളവിൽ ഈ ശബരിമല സീസൺ ആരംഭിച്ചതിനു ശേഷം അയ്യപ്പഭക്തർ സഞ്ചരിച്ച മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. 

3. ദേശീയപാത 185 : വെള്ളയാംകുടി – അമ്പലക്കവല ജംക്‌ഷൻ– 4.80 കിമീ
അടിമാലി-കുമളി ദേശീയപാതയുടെ വെള്ളയാംകുടി മുതൽ അമ്പലക്കവല വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം ജംക്‌ഷനുകളിലും അപകടം പതിവാണ്. കട്ടപ്പന ടൗണിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. പള്ളിക്കവലയിലെ ജംക്‌ഷനിലാണ് കൂടുതൽ അപകടങ്ങൾ. പാറക്കടവ് ബൈപാസിലൂടെയെത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങൾ വരെ ഇവിടെയെത്തി തിരിഞ്ഞാണു ബൈപാസ് റോഡിലൂടെ നിർദിഷ്ട മലയോര ഹൈവേയിലേക്ക് പ്രവേശിക്കുന്നത്. ഈ ജംക്‌ഷനിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണം.

4. ദേശീയപാത 183: പെരുവന്താനം– മുണ്ടക്കയം – 5.70 കിമീ
കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയപാതയിൽ മണ്ഡലകാലം ആരംഭിച്ചതിനു ശേഷം മാത്രം അര ഡസനിലധികം അപകടങ്ങൾ ഉണ്ടായി കഴിഞ്ഞു. മരുതുംമൂട്, കൊടികുത്തി ചാമപ്പാറ വളവ്,മെഡിക്കൽട്രസ്റ്റ് ജംക്‌ഷൻ എന്നിവിടങ്ങളിൽ ആണ് അപകടങ്ങൾ കൂടുതലും. കുത്തനെയുള്ള ഇറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ പ്രദേശത്തു റോഡ് പരിചയമില്ലാത്ത വാഹനങ്ങൾ ആണ് അപകടത്തിലാകുന്നതിൽ ഏറെയും. വീതി തീർത്തും കുറവായ 35–ാം മൈൽ – മുണ്ടക്കയം ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ അപകട സാധ്യത ഏറെ.

5.  ദേശീയപാത 85: കെഎസ്ആർടിസി ഡിപ്പോ – മൂന്നാർ ടൗൺ– മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ – 3 കിമീ
കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപെട്ട പഴയ മൂന്നാർ കെഎസ്ആർടിസി ഡിപ്പോ മുതൽ സിഗ്നൽ പോയിന്റിനു സമീപത്തുള്ള ബോട്ടാണിക്കൽ ഗാർഡൻ വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങൾ പതിവാണ്. ഒരു മാസം മുൻപു രണ്ട് അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായത്.  അമിത വേഗത്തിലെത്തിയ പഴയ മൂന്നാർ സ്വദേശിയുടെ കാർ പൊലീസ് സ്‌റ്റേഷനു സമീപത്തുള്ള പാലത്തിനോടു ചേർന്നുണ്ടായിരുന്ന മൈൽ കുറ്റിയിലിടിച്ചു തകർന്നു. 

സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാൽ കാറിലുണ്ടായിരുന്ന നാലു യുവാക്കൾ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.  ഇതിനു ശേഷമാണു ഡിപ്പോയുടെ സമീപം അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രക്കാരായ കൂനമ്മാവ് സ്വദേശികളായ മൂന്നു യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റത്. ഇതു കൂടാതെ ഒട്ടേറെ ചെറിയ അപകടങ്ങൾ ദിവസവും ഈ ഭാഗത്തു പതിവാണ്.  ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി ഡ്രൈവിങ് സുഗമമായതോടെ ഈ ഭാഗത്ത് അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായത്. വേഗപരിധികൾ സൂചിപ്പിക്കുന്ന ഫലകങ്ങളോ,ഹമ്പുകളോ ഇവിടെ ഇല്ല.

കട്ടപ്പന പള്ളിക്കവല ജംക്‌ഷൻ.
കട്ടപ്പന പള്ളിക്കവല ജംക്‌ഷൻ.

സംസ്ഥാനപാത
1. സംസ്ഥാന പാത 33: മുട്ടം – അശോക ജംക്‌ഷൻ – അറക്കുളം – 11.90 കിമീ
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ശങ്കരപ്പിള്ളിയിലാണ് ഏറെ അപകടങ്ങൾ അടുത്ത കാലത്തു സംഭവിച്ചത്. ടാറിങ്ങിലെ അപാകതമൂലം വാഹനങ്ങൾ തെന്നിമാറിയാണ് അപകടങ്ങൾ സംഭവിക്കുന്നത്.  ഇതിനു പരിഹാരമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചെങ്കിലും സ്പീഡ് ബ്രേക്കറിൽ വാഹനങ്ങൾ തെന്നിമാറി ഇടിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്. റോഡിൽ കൂടുതൽ ടാർ ഉള്ളതാണ് ഇവിടെ അപകടങ്ങൾക്ക് കാരണം. കൂടാതെ ഏറെ അപകടസാധ്യതയുള്ള ഭാഗമാണു കുടയത്തൂർ ഗവ.ഹൈസ്‌കൂളിനു സമീപത്തെ വളവ്. നിയന്ത്രണം വിട്ട് ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ റോഡിൽ നിന്നും താഴേക്കു മറിയുന്നത്. ഇത് ഒഴിവാക്കാൻ ഇവിടെ ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യവും ഇനിയും നടത്തിയിട്ടില്ല. 

2. സംസ്ഥാന പാത 44: വെങ്ങല്ലൂർ പാലം– കോലാനി ജംക്‌ഷൻ – 2.30 കിമീ
വെങ്ങല്ലൂർ മുതൽ കോലാനി ജംക്​ഷൻ വരെയുള്ള ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാണ്.  കോലാനി ജംക്‌ഷനിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇറക്കംപുഴ ജംക്‌ഷൻ, മണക്കാട് ജംക്‌ഷൻ എന്നിവിടങ്ങളും  അപകട മേഖലയാണ്. 

3. സംസ്ഥാന പാത 8: തൊടുപുഴ സിവിൽ സ്റ്റേഷൻ റോഡ് – വെങ്ങല്ലൂർ ജംക്‌ഷൻ – 2 കിമീ
നഗരത്തിൽ ഏറ്റവും വാഹന തിരക്ക് ഏറിയ റോഡാണിത്. റോഡിൽ വെങ്ങല്ലൂർ, ഷാപ്പുംപടി, ആനക്കൂട്, റോട്ടറി ജംക്​ഷൻ എന്നിവിടങ്ങൾ അപകട മേഖലയാണ്. 

4. സംസ്ഥാന പാത 33: മുട്ടം – തൊടുപുഴ ഗാന്ധി സ്ക്വയർ – 8.20 കിമീ
നാൽക്കവലയായ കെഎസ്ആർടിസി ജംക്‌ഷൻ, മാരിയിൽകലുങ്ക് ഭാഗം, ഒളമറ്റം, മ്രാല, നാലാം മൈൽ, പെരുമറ്റം എന്നിവിടങ്ങളിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നീണ്ടുവിശാലമായി കിടക്കുന്ന റോഡിൽ വലിയ വേഗതയിൽ വാഹനങ്ങൾ വരുന്നതാണ് അപകടങ്ങൾ‌ക്കു കാരണം. വളവുകളിൽ  വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളും ഇല്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com