വില 200 കടന്നു; റബർ കർഷകർക്ക് പ്രതീക്ഷ
Mail This Article
തൊടുപുഴ∙ വില 200 കടന്നതോടെ ജില്ലയിലെ റബർ കർഷകർക്ക് വീണ്ടും പ്രതീക്ഷ. ഏതാനും മഴ ലഭിക്കുക കൂടി ചെയ്തതോടെ നിർത്തിവെച്ച ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ആർഎസ്എസ് 4ന് 204, ആർഎസ്എസ് 5ന് 200 എന്നിങ്ങനെയാണ് ഇന്നലത്തെ റബർ ബോർഡ് വില. വരും ദിവസങ്ങളിലും മഴ അനുകൂലമാകുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്‌താൽ പിടിച്ചു നിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.കഴിഞ്ഞ വർഷം റയിൻ ഗാർഡിങ് നടത്തിയത് പോലും മുതലാക്കാൻ കഴിഞ്ഞില്ലെന്നാണ് പല കർഷകരും പറയുന്നത്. താപനില ക്രമാതീതമായി വർധിക്കുകയും വ്യാപകമായി ഇല കൊഴിയുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നേരത്തേ നിർത്തിവെച്ചിരുന്നു.
ചൂഷണ സാധ്യതയെന്ന് കർഷകർ
റയിൻ ഗാർഡിങ് ഉൾപ്പെടെയുള്ള ജോലികൾ വരും മാസങ്ങളിൽ ചെയ്യേണ്ടതായതിനാൽ ഇത്തരം പ്രവൃത്തികൾക്ക് ആവശ്യമായ സാമഗ്രികളുടെ വിൽപ്പന വർധിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ സമയത്തെ റബർ വില ഉയർത്തലെന്ന് കർഷകർ അഭിപ്രായപ്പെടുന്നുണ്ട്. വില താഴ്ന്നു നിന്നാൽ റയിൻ ഗാർഡിങ് ചെയ്യാനും ടാപ്പിങ് പുനരാരംഭിക്കാനും കർഷകർ വിമുഖത കാണിച്ചേക്കും. ഒരു സാധാരണ മരം റയിൻ ഗാർഡിങ് ചെയ്യുന്നതിന് കൂലി ഉൾപ്പെടെ 50 രൂപയോളം ചിലവു വരും. നേരത്തേ ടാപ്പിങ് നിലച്ചതിനാൽ നിലവിലെ ഉയർന്ന വിലയ്ക്കു വിൽക്കാൻ ചെറുകിട കർഷകരുടെ കയ്യിൽ റബർ സ്റ്റോക്കില്ല എന്നതും യാഥാർഥ്യമാണ്. ടാപ്പിങ് പുനരാരംഭിച്ച് ഉൽപാദനം വർധിക്കുന്നതോടെ വീണ്ടും വിലയിടിയുമോ എന്നതാണ് കർഷകരുടെ ആശങ്ക.