ഷിബുവിനു വേണം, ഒരു കൈ സഹായം; വൃക്ക രോഗം ബാധിച്ച് അഞ്ചു മാസമായി കിടപ്പിലായി വർക്ഷോപ്പ് തൊഴിലാളി

Mail This Article
തൊടുപുഴ ∙ ഷിബുവിനു തുടർന്നും ജോലിക്കു പോകണം, അതിന് സുമനസ്സുകൾ കനിയണം. കഞ്ഞിക്കുഴി വെൺമണി ചങ്ങനാംപറമ്പിൽ ഷിബു കരുണാകരൻ (52) രണ്ടു വൃക്കകളും തകരാറിലായി കിടപ്പിലായിട്ട് 5 മാസമായി. വർക്‌ഷോപ് തൊഴിലാളിയായിരുന്ന ഷിബുവിന് അസുഖം പിടിപെട്ടതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കൂലിപ്പണിക്കു പോയിരുന്ന ഭാര്യ ബിന്ദുവിന് നിലവിൽ ഭർത്താവിനെ ശുശ്രൂഷിക്കേണ്ടതിനാൽ പണിക്കു പോകാൻ കഴിയാറില്ല. ആഴ്ചയിൽ 2 തവണ ഡയാലിസിസും മരുന്നും ഉൾപ്പെടെ ഒരു മാസം 40,000 രൂപ ചികിത്സയ്ക്കു മാത്രമായി ചെലവ് വരും. വൃക്ക രോഗത്തിനു പുറമേ കരൾ രോഗവും ഉള്ളതിനാൽ അതിന്റെ ചികിത്സയ്ക്കു ചെലവ് വേറെയും കണ്ടെത്തണം.
മൂന്ന് മക്കളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷിബു. മെഡിക്കൽ റപ്രസന്റേറ്റീവ് ആയ മകൻ ജിഷ്ണുവിന്റെ തുച്ഛമായ വരുമാനം കൊണ്ടാണു നിലവിൽ കുടുംബ ചെലവുകൾ കഷ്ടിച്ചു മുന്നോട്ടു പോകുന്നത്. ഇളയ മകളുടെ പഠന ചെലവുകൾക്കു പുറമേ രണ്ടാമത്തെ മകളുടെ കല്യാണ ചെലവുകളുടെ ബാധ്യത വേറെയും. നിലവിൽ ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണു ചികിത്സ മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ വണ്ണപ്പുറം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40355101079292. Ifsc കോഡ്: KLGB0040355. ഫോൺ: 8330817098.