തൊടുപുഴ നഗരത്തിൽ തെരുവുനായ വിളയാട്ടം

Mail This Article
തൊടുപുഴ ∙ നഗരത്തിൽ മങ്ങാട്ടുകവല, മുനിസിപ്പൽ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം.ബസ് സ്റ്റാൻഡുകളുടെ പരിസരത്തു കൂടി പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും പിന്നിൽ തെരുവുനായ്ക്കൾ ഓടിയെത്തുന്നത് പതിവാണ്.മഠത്തിക്കണ്ടം ജംക്‌ഷൻ, മങ്ങാട്ടുകവല, കോതായിക്കുന്ന്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലും രാവിലെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് നാളുകളായി. അതിരാവിലെ നടക്കാനിറങ്ങുന്നവരുടെ പിറകെ കുരച്ചുകൊണ്ട് നായ്ക്കൾ ആക്രമിക്കാൻ ഓടിയെത്തുന്നതും പതിവുകാഴ്ചയാണ്.
അലഞ്ഞു തിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.ബസ് സ്റ്റാൻഡുകളുടെ പരിസരത്ത് ആക്രമണ സ്വഭാവത്തോടെ ചുറ്റുന്ന തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.