സ്വകാര്യ ബസുകളുടെ അമിതവേഗം : പൊലീസേ, ഇതൊന്നും കാണുന്നില്ലേ

Mail This Article
തൊടുപുഴ ∙ നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്ന കാര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. തിരക്കേറിയ റോഡുകളിലൂടെ മറ്റു വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ഹോൺ മുഴക്കിയും ഹെഡ് ലൈറ്റുകൾ തെളിച്ചും നഗരത്തിലൂടെ പായുന്നത് ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ സ്ഥിരം പരിപാടിയാണെന്ന ആക്ഷേപം ശക്തമാണ്. കടന്നുപോകാൻ സ്ഥലമില്ലെങ്കിലും ചില ബസ് ഡ്രൈവർമാർ നിയമം കാറ്റിൽപറത്തി തെറ്റായ ദിശയിലൂടെ മറികടക്കാൻ ശ്രമിക്കുന്നത് അപകടത്തിനും കാരണമാകുന്നു.ഇന്നലെ ഉച്ചയോടെ കാഞ്ഞിരമറ്റം ബൈപാസ് ജംക്‌ഷനിൽ ട്രാഫിക് റൗണ്ടിൽ സ്വകാര്യ കാറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. റൗണ്ടിനു സമീപമുള്ള ഡിവൈഡർ ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം. കാറിന്റെ ഒരു വശത്ത് തകരാർ സംഭവിച്ചു. എന്നാൽ, കുറ്റം കാർ ഡ്രൈവറുടെ മേൽ ആരോപിച്ച് ബസ് ജീവനക്കാർ കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അപകടം സംഭവിച്ചിട്ടും പൊലീസിൽ അറിയിക്കാതെ സ്വകാര്യ ബസ് അവിടെനിന്നു മാറ്റുകയും ചെയ്തു. ഇത്തരം സംഭവങ്ങളിൽ പൊലീസ് വേണ്ട നടപടി എടുക്കാത്തതാണ് വീണ്ടും വീണ്ടും നിയമം ലംഘിക്കാൻ ചില സ്വകാര്യ ബസ് ഡ്രൈവർമാർ ധൈര്യപ്പെടുന്നതെന്നാണ് പരാതി.ട്രാഫിക് റൗണ്ടിൽ പാലിക്കേണ്ട മര്യാദകൾ ഇവരിൽ പലരും പാലിക്കാറില്ല. ട്രാഫിക് റൗണ്ടിനു സമീപം ഇടതു വശത്തുകൂടി സ്വകാര്യ ബസുകൾ ഇതര വാഹനങ്ങളെ മറികടക്കുന്നത് പതിവ് കാഴ്ചയാണ്. തൊടുപുഴ നഗരത്തിലെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കാൻ പൊലീസ് - മോട്ടർ വാഹന വകുപ്പ് അധികൃതർ തയാറാകണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.പല ബസ് ജീവനക്കാരും യൂണിഫോം പോലും ഇടാതെയാണ് ജോലി ചെയ്യുന്നത്.