അവധി ദിവസങ്ങളുടെ മറവിൽ അനധികൃത നിർമാണം

Mail This Article
നെടുങ്കണ്ടം ∙ കരുണാപുരത്ത് അവധി ദിവസങ്ങളുടെ മറവിൽ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയ നിർമാണം തുടരുന്നെന്ന് പരാതി. ഓഫിസുകളിൽ ഉദ്യോഗസ്ഥരില്ലാത്ത ഞായർ-വിഷു അവധി ദിവസങ്ങളുടെ മറവിൽ കരുണാപുരം പഞ്ചായത്ത് ഓഫിസിനു മുൻവശത്തുള്ള തോട് കയ്യേറി സംരക്ഷണഭിത്തി നിർമിക്കുകയാണ്. അനധികൃത നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ലഭിച്ച പരാതികളെ തുടർന്ന് ആഴ്ചകൾക്ക് മുൻപ് തന്നെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ നിർമാണം തുടരുന്നതറിഞ്ഞ് ഇവിടെ എത്തിയ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തടയുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തതോടെ ഉദ്യോഗസ്ഥർ കമ്പംമെട്ട് പൊലീസിലും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.
റവന്യു വകുപ്പിൽ നിന്നു സർവേ വിഭാഗം പരിശോധന നടത്തി അതിർത്തി നിശ്ചയിക്കുന്നത് വരെ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറി നോട്ടിസ് നൽകിയത്. എന്നാൽ ഇതിനിടെ ശനിയാഴ്ച രാത്രി വീണ്ടും നിർമാണം നടത്തി. സ്വകാര്യ വ്യക്തി റവന്യു ഭൂമി കയ്യേറി നിർമാണ പ്രവർത്തനം നടത്തുന്നത് സിപിഎമ്മിന്റെ ഒത്താശയോടെ ആണെന്നാരോപിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. സ്‌റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ സംഭവം സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണെന്നും പഞ്ചായത്തിൽ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും കോൺഗ്രസ് പറയുന്നു.