ADVERTISEMENT

നറും പാൽ നൽകി ദാഹം ശമിപ്പിച്ച തറവാടിനെയും നാടിനെയും അനുഗ്രഹിക്കാൻ മാക്കവും മക്കളും ഉറഞ്ഞാടി. ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം തുടങ്ങി. കുഞ്ഞിമംഗലം തറവാട് കടവാങ്കോട്ട് വീട്ടിലെ 12 ആങ്ങളമാരുടെ ഏക പെങ്ങൾ മാക്കം. സത്യസന്ധത, നിഷ്കളങ്ക പതിവ്രത എന്നിവയുടെ നിറകുടമായിരുന്ന ഇളയ സഹോദരി മാക്കത്തെ കണ്ണിലെ കൃഷ്ണ മണിപോലെയാണ് സഹോദരന്മാർ പരിപാലിച്ചത്. ഇതിൽ‌ അസൂയ പൂണ്ട നാത്തൂന്മാരുടെ തലയണമന്ത്രങ്ങൾ ഇളയ സഹോദരൻ ഒഴിച്ചുള്ള സഹോദരന്മാരുടെ കണ്ണിലെ കരടാക്കി മാക്കത്തെ മാറ്റി.

തന്നെ കണ്ണിലുണ്ണിയായി കണ്ടിരുന്ന ആങ്ങളമാരുടെ സ്വഭാവ മാറ്റം മാക്കത്തെ വേദനിപ്പിച്ചു. ഭാര്യമാർ മാക്കത്തെ കുറിച്ച് പറഞ്ഞ കള്ള അപവാദങ്ങളിൽ വിശ്വസിച്ച ആങ്ങളമാർ മാക്കത്തെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചു. കോട്ടയത്ത് വിളക്ക് മാടം കാണിക്കാൻ കൊണ്ടുപോകാം എന്ന് ആങ്ങളമാർ പറഞ്ഞപ്പോൾ ചതിയുണ്ടെന്ന് മനസ്സിലായെങ്കിലും മാക്കം അനുസരിച്ചു. മാക്കവും മക്കളായ ചീരുവും ചാത്തുവും തറവാടിന്റെ പടിഞ്ഞാറ്റെയിൽ ഭദ്രദീപം കൊളുത്തി അരിയിട്ട് തൊഴുത് ഗുരുകാരണവന്മാരെ വിളിച്ച് നെഞ്ച് പൊട്ടുമാറ് പ്രാർഥിച്ചതിന് ശേഷം ഇറങ്ങി.

makkavum-makkalum-2
ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം തിറ ഉത്സവത്തിന്റെ ഭാഗമായി നടന്ന മാക്കം ഭഗവതി തോറ്റത്തിൽ നിന്നും. ചിത്രം: ഹരിലാൽ∙മനോരമ

വില്ലൂന്നി അരയാല് പിന്നിട്ട് രാമപുരം പുഴ കടന്ന് കോലോത്ത് വഴിയിലൂടെയാണ് യാത്ര. പൂമാല ഭഗവതിയെയും പുതിയ ഭഗവതിയയെയും തൊഴുത് കതിർവെക്കും തറക്കരികിൽ എത്തി. ചെറുകുന്നമ്മയെ വണങ്ങി കണ്ണപുരത്തപ്പനെ നമിച്ച് പാപ്പിനിശ്ശേരി അപ്പനെ തൊഴുത് വേട്ടയ്ക്കൊരു മകനെ വന്ദിച്ചതിന് ശേഷം കളരി കണ്ടാർ ഭഗവതിയെ തൊഴുതു. വളപട്ടണം പുഴ കടന്ന് കളരിവാതുക്കൽ ഭഗവതി, കുന്നാവിലപ്പൻ എന്നീ സന്നിധികളിൽ തന്റെ നിരപരാധിത്വം പറഞ്ഞ് തൊഴുതു. പള്ളിക്കുന്നപ്പൻ, അമ്മ, തടുത്ത് കാവ് ചീർച്ചയെയും തൊഴുത് ചൊവ്വയിലപ്പന്റെ സന്നിധിയിൽ എത്തി വണങ്ങി.

ചൊവ്വപാലം കടന്ന് അമ്മൂലമ്മയെയും ചാല ഭഗവതിയെയും തൊഴുത് ചാല തോടിനരികിലെത്തുമ്പോഴേക്കും മാക്കവും മക്കളും ദാഹിച്ച് വലഞ്ഞ് തളർന്നവശരായി. ഈ സമയം അതുവഴി വന്ന ഒരു മു‌സ്‌ലീം യുവാവ് ചാലയിൽ പുതിയ വീട് തറവാട് കാണിച്ച് കൊടുത്തു. കുട്ടികൾക്ക് വെള്ളം വാങ്ങികൊടുക്കാൻ മാക്കം തറവാട്ട് മുറ്റത്തേക്ക് നീങ്ങി. കാൽപെരുമാറ്റം കേട്ട് പുറത്ത് വന്ന വൃദ്ധയായ തറവാട്ടമ്മയോട് കോട്ടയത്ത് വിളക്ക് മാടം കാണാൻ പോകുകയാണെന്നും കുട്ടികൾക്ക് ദാഹിക്കുന്നെന്നും പറഞ്ഞു. തറവാട്ടമ്മ കിണ്ടി നിറയേ കാച്ചി തണുപ്പിച്ച പാലുമായി വന്ന് മാക്കത്തിനും മക്കൾക്കും കൊടുത്തു.

കോട്ടയത്തേക്ക് ഇനിയും ദൂരമുണ്ടെന്നും കുട്ടികൾക്ക് നടക്കാനാവില്ലെന്നും അവരെ തറവാട്ടിൽ പാർപ്പിക്കാം എന്നും തറവാട്ടമ്മ മാക്കത്തോട് പറഞ്ഞു. ഇപ്പോൾ വേണ്ട, ജീവിച്ചാലും മരിച്ചാലും തങ്ങൾ ഇവിടെയെത്തും എന്ന് പറഞ്ഞ് പാൽ കൊടുത്ത കിണ്ടിയിൽ തന്റെ ഒരു മോതിരം നിക്ഷേപിച്ച് മാക്കം മക്കളെയും കൂട്ടി യാത്രയായി. തുടർന്ന് പനോന്നേരിയപ്പനെയും പനച്ചിക്കാവ് ദൈവങ്ങളെയും തൃക്കപാലത്തപ്പനെയും മാവിലാക്കാവപ്പനെയും വണങ്ങി യാത്ര തുടർന്നു. മുണ്ടല്ലൂരപ്പനെയും പെരളശ്ശേരിയപ്പനെയും തൊഴുത് മമ്പറം കടവ് കടന്നു.

കായലോട് അച്ചങ്കര പള്ളിക്ക് സമീപം കിണർ കണ്ടപ്പോൾ ദാഹം തീർക്കാൻ മാക്കവും മക്കളും അങ്ങോട്ട് ചെന്നു. നരന്ത വള്ളികൊണ്ട് കയറുണ്ടാക്കി ആലത്തിൻ ചപ്പുകൊണ്ട് പാളകുത്തി. മാക്കം വെള്ളമെടുത്ത് കുട്ടികൾക്ക് കൊടുത്തു. ഈ സമയം അവിടെ എത്തിയ ആങ്ങളമാർ എന്തത്ഭുതം നട്ടുച്ചയ്ക്ക് നക്ഷത്രം കണ്ടോ എന്ന് പറഞ്ഞു. നക്ഷത്രത്തെ നോക്കിയ മാക്കത്തിന്റെ കഴുത്തറത്ത് ആങ്ങളമാർ കിണറ്റിലേക്ക് തള്ളി. മക്കളെയും കിണറ്റിലേക്ക് തള്ളിയിട്ട് കൊന്നു. ഇത് കണ്ട് നിലവിളിച്ച ഇടയനായ മാവിലോനെയും മാക്കത്തിന്റെ സഹോദരന്മാർ കൊന്നു കിണറ്റിലേക്ക് തള്ളി. നിമിഷങ്ങളേറെ കഴിഞ്ഞില്ല മാക്കത്തിന്റെ സഹോദരന്മാർക്ക് മാനസിക ഭ്രമമുണ്ടായി തമ്മിൽ തല്ലി ചത്തൊടുങ്ങി.

അങ്ങ് കുഞ്ഞിമംഗലം തറവാട്ടിലും അത്യാഹിതങ്ങൾ തുടങ്ങി. വീരചാമുണ്ഡി സന്നിധി ഒഴിച്ച് കടവാങ്കോട് വീട് കത്തിച്ചാമ്പലായി. നാത്തൂന്മാർക്ക് ഭ്രാന്തിളകി കെട്ടി തൂങ്ങി ചത്തു.ഇതിനിടെ ഭഗവതിയിൽ ലയിച്ച മാക്കം ചാല പുതിയ വീട്ടിലെ തറവാട്ടമ്മയ്ക്ക് സ്വപ്ന ദർശനം നൽകി. തനിക്കും മക്കൾക്കും അവിടെ പടിഞ്ഞേറ്റെയിൽ ദൈവിക സ്ഥാനം നൽകണമെന്ന് അരുളപ്പാടുണ്ടായി. ദാഹജലത്തിന് ചോദിച്ചപ്പോൾ നറുപാൽ നൽകിയ തറവാട്ടിനും നാടിനും ഐശ്വര്യവും സന്താനമില്ലാത്ത ഭക്തർക്ക് സന്താന സൗഭാഗ്യത്തിനുള്ള അനുഗ്രഹവും നൽകി മാക്കം ഭഗവതി ചാലയിലെ പുതിയ വീട്ടിൽ കുടികൊള്ളുന്നു.ക്ഷേത്രം തന്ത്രി വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരി. കോമരം കടാങ്കോടൻ രാമകൃഷ്ണൻ നമ്പ്യാർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com