കവ്വായിയിൽ ബോട്ട് ടെർമിനൽ വരുന്നു
Mail This Article
പയ്യന്നൂർ ∙ കവ്വായി കായൽ ടൂറിസത്തിനു വഴിയൊരുക്കി കവ്വായി കാലിക്കടപ്പുറത്ത് ബോട്ട് ടെർമിനൽ ഒരുങ്ങുന്നു. കണ്ണൂർ – കാസർകോട് ജില്ലകളിലെ പ്രധാന നദികൾ കേന്ദ്രീകരിച്ച് നടത്തുന്ന മലനാട് – നോർത്ത് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കാലിക്കടപ്പുറത്ത് 5.02 കോടി രൂപ ചെലവിൽ ബോട്ട് ടെർമിനൽ നിർമിക്കുന്നത്. 2019 നവംബറിൽ തുടങ്ങിയെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പണി തടസ്സപ്പെട്ടിരുന്നു. ഇപ്പോൾ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ബോട്ട് ടെർമിനലിൽ ബോട്ട് ജെട്ടി കം വാക് വേ, സോളർ ലൈറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നുണ്ട്. രാമന്തളി പഞ്ചായത്തിൽ പുന്നക്കടവിൽ 1.75 കോടി രൂപ ചെലവിൽ ബോട്ട് ജെട്ടി പണിതിട്ടുണ്ട്. കാലിക്കടപ്പുറത്തെ പദ്ധതി പൂർത്തിയാകുന്നതോടെ പുന്നക്കടവിലെ ബോട്ട് ജെട്ടി ഉൾപ്പെടെ സംയോജിപ്പിച്ച് ഹൗസ് ബോട്ട് സർവീസുകളും മറ്റും തുടങ്ങും. കാലിക്കടപ്പുറം കേന്ദ്രീകരിച്ച് കവ്വായി കായലിൽ കയാക്കിങ് തുടങ്ങിയിരുന്നു. ഇതെല്ലാം ബോട്ട് ടെർമിനൽ പൂർത്തിയാകുന്നതോടെ പുനഃരാരംഭിക്കും.