കൊടുംവളവുകൾ വില്ലൻ; കോടികൾ ചെലവിട്ടു നിർമിച്ച മലയോര ഹൈവേയിൽ അപകടങ്ങൾ വർധിക്കുന്നു
Mail This Article
ആലക്കോട്∙ കോടികൾ ചെലവിട്ടു നിർമിച്ച മലയോര ഹൈവേയിൽ അപകടങ്ങൾ വർധിക്കുന്നു. നടുവിലിനും കരുവഞ്ചാലിനും ഇടയിൽ നടന്ന അപകടങ്ങളിൽപെട്ട് രണ്ടു പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഒട്ടേറെപ്പേർക്കു ഗുരുതര പരുക്കേറ്റു. താവുകുന്നിന് അടുത്തുള്ള കാര്യാട്ട്‌വളവ്, താഴത്തങ്ങാടി വളവ്, വായാട്ടുപറമ്പ് ചെരിവ് എന്നിവിടങ്ങളിലും അപകടങ്ങൾ കൂടുതലാണ്. ഇതിൽ കാര്യാട്ട് വളവിലാണ് അപകടങ്ങൾ ഏറ്റവും കൂടുതൽ. മാസത്തിൽ രണ്ടും മൂന്നും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. റോഡ് നിർമാണത്തിനുശേഷം അൻപതോളം അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നാലുവർഷം മുൻപാണ് ആദ്യ അപകടം. അന്ന് വിവാഹ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 8 പേർക്കാണു പരുക്കേറ്റത്. തുടർന്ന് ആന്ധ്രയിൽ നിന്ന് ചരക്കുമായി വന്ന വലിയ ലോറി അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കഴിഞ്ഞയാഴ്ച അടുത്തടുത്ത ദിവസങ്ങളിൽ കാറും ലോറിയും അപകടത്തിൽപെട്ടതാണ് ഏറ്റവും അവസാനത്തേത്.
കൊടുംവളവുകൾ വില്ലൻ
താവുകുന്ന് കാര്യാട്ട് ഭാഗത്തുള്ള കൊടുംവളവുകളും കുത്തനെയുള്ള ചെരുവുമാണ് അപകടങ്ങൾക്കു പ്രധാന കാരണം. തുടർച്ചയായ 8 കൊടുംവളവുകളാണ് ഈ ഭാഗത്തുള്ളത്. താവുകുന്ന് കവല ഭാഗത്തു നിന്ന് ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും.
വളവുകളിൽ എത്തുമ്പോൾ നിയന്ത്രണം വിടുകയും താഴ്ചയിലേക്ക് മറിയുകയും ചെയ്യും. കയറ്റം കയറിപ്പോകുന്ന വാഹനങ്ങൾ പിന്നോട്ടു പോകുന്നതും പതിവാണ്. റോഡരിക് എട്ടും പത്തും മീറ്റർ താഴ്ചയായതിനാൽ അപകടത്തിൽപെടുന്ന വാഹനങ്ങൾ ക്രെയിൻ കൊണ്ടുവന്നാണ് വീണ്ടെടുക്കുന്നത്.
ഇത്തരത്തിൽ പുറത്തെടുത്ത വാഹനങ്ങൾ മിക്കവയും പൂർണമായും തകർന്ന നിലയിലായിരിക്കും. അപകടമേഖലയിലെ മുന്നറിയിപ്പ് ബോർഡുകളും ക്രാഷ് ബാരിയറും തകർന്ന നിലയിലാണ്. ഇവ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതർ അലംഭാവം തുടരുകയാണ്. റോഡരികിലെ കാടും വെട്ടിത്തെളിച്ചിട്ടില്ല.
വീടുകളും അപകട ഭീഷണിയിൽ
താവുകുന്ന് കാര്യാട്ട് ഭാഗത്തെ ചില വീടുകളും അപകട ഭീഷണിയിലാണ്. റോഡിനോട് ചേർന്ന് വൻതാഴ്ചയിൽ സ്ഥിതിചെയ്യുന്ന വീടുകളാണ് ഇവ. അപകടങ്ങൾ വർധിച്ചതോടെ വീട്ടുകാർ ഭീതിയിലാണ്. നിയന്ത്രണം വിടുന്ന വാഹനങ്ങൾ വീടിനു മുകളിൽ വീഴുമെന്ന പേടിയോടെയാണു കഴിയുന്നതെന്നും റോഡ് നിർമാണ സമയത്ത് ഇതു സംബന്ധിച്ചു പരാതി പറഞ്ഞെങ്കിലും അധികൃതർ കേട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു. അപകടങ്ങൾ വർധിച്ചിട്ടും ഇതു പരിശോധിക്കാനോ പരിഹാരം കാണാനോ അധികൃതർ ശ്രമിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.