അതിഥിത്തൊഴിലാളിയുടെ കൊലപാതകം: മൂന്ന് ദിവസം മുൻപേ വെട്ടുകത്തി വാങ്ങി

Mail This Article
തളിപ്പറമ്പ്∙ മോറാഴ കൂളിച്ചാലിൽ അതിഥിത്തൊഴിലാളി ദലിംഖാനെ (ഇസ്മായിൽ) വെട്ടിക്കൊല്ലാൻ പ്രതി സുജോയ് കുമാർ 3 ദിവസം മുൻപേ വെട്ടുകത്തി വാങ്ങിയതായി പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് വാക്കേറ്റം നടന്നിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനാണെന്ന് പറഞ്ഞാണ് സുജോയ് കുമാർ കത്തി വാങ്ങിയത്.
ബംഗാളിലെ 24 പർഗാന നോർത്ത് ഹരിനഗർ സ്വദേശിയായ ഇസ്മായിൽ 15 വർഷത്തോളമായി മോറാഴയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഏതാനും മാസം മുൻപാണ് സുജോയ് ജോലിക്കെത്തിയത്. വാക്കേറ്റത്തിനിടയിൽ ഇസ്മായിൽ കുടുംബത്തെ അധിക്ഷേപിച്ചതാണ് സുജോയ്ക്ക് വിരോധമുണ്ടാകാൻ കാരണമെന്നാണു വിവരം.
കഴിഞ്ഞദിവസം രാത്രി 8 മണിയോടെ താമസിക്കുന്ന വീടിന്റെ ടെറസിലിരുന്ന് ഇസ്മായിൽ ഫോൺ ചെയ്യുന്നതിനിടെ സുജോയ് പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ഇസ്മായിലിന്റെ കഴുത്ത്, നെഞ്ച്, വയറ് എന്നിവിടങ്ങളിൽ ആഴത്തിലുള്ള വെട്ടേറ്റിരുന്നു. അൽപസമയം കഴിഞ്ഞ് ടെറസിൽ വിരിച്ച തുണികൾ എടുക്കാൻ വന്നവരാണ് ഇസ്മായിൽ മരിച്ച് കിടക്കുന്നത് കണ്ടത്.
കടന്നുകളയാൻ ഓട്ടോയിൽ കയറിയ പ്രതിയെത്തിയത് പൊലീസ് സ്റ്റേഷനിൽഹീറോകളായി മനോജും ദാമോദരനും
∙ ഒരു ബന്ധുവിനെ സ്വീകരിക്കാനെന്ന് പറഞ്ഞ് കൂളിച്ചാലിലെ കെ.വി.മനോജ് കുമാറിന്റെ ഓട്ടോറിക്ഷയിലാണ് റെയിൽവേ സ്റ്റേഷനിലേക്കു പ്രതി സുജോയ് പോയത്. റെയിൽവേ സ്റ്റേഷനിലെത്തി നാടു വിടാനായിരുന്നു പദ്ധതി. എന്നാൽ, ഇസ്മായിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ കൂളിച്ചാലിലെ കടയുടമ ദാമോദരൻ, മനോജിനെ ഫോണിൽ വിളിച്ച് വിവരം പറയുകയും ഓട്ടോ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ നിർദേശിക്കുകയും ചെയ്തു. വളപട്ടണം പൊലീസിലും ദാമോദരൻ വിവരമറിയിച്ചു.
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് മോശമാണെന്നും മറ്റൊരു റോഡിലൂടെ പോവുകയാണെന്നും പറഞ്ഞാണ് മനോജ് ഓട്ടോ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കാത്തുനിന്ന പൊലീസ് ഉടൻ സുജോയ് കുമാറിനെ പിടികൂടി. മനോജിനെ ജില്ലാ പൊലീസ് ചീഫ് ഉൾപ്പെടെ അഭിനന്ദിച്ചു.തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ കൂളിച്ചാലിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇസ്മായിലിനെ വെട്ടാൻ ഉപയോഗിച്ച കത്തി കൊലപാതകം നടന്ന കെട്ടിടത്തിലെ മറ്റൊരു മുറിയുടെ തട്ടിന് മുകളിൽ കണ്ടെത്തി.രാത്രിയോടെ മജിസ്ട്രേട്ടിന് മുൻപിൽ ഹാജരാക്കിയ സുജോയ് കുമാറിനെ റിമാൻഡ് ചെയ്തു. ഇസ്മായിലിന്റെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.