ദേശീയപാത നിർമാണം: എടാട്ട് കുന്നിടിച്ച് മണ്ണെടുക്കാൻ നീക്കം; സുപ്രീംകോടതി ഉത്തരവിന് വിരുദ്ധം

Mail This Article
പയ്യന്നൂർ ∙ ദേശീയപാത നിർമാണത്തിന് എടാട്ട് കുന്നിടിച്ച് മണ്ണെടുക്കാൻ നീക്കം. കുഞ്ഞിമംഗലം പഞ്ചായത്തിൽ കുന്നിനു കിഴക്ക് വൻ തോതിൽ മണ്ണെടുപ്പിനാണ് നീക്കം നടക്കുന്നത്. അശാസ്ത്രീയമായ രീതിയിൽ ദേശീയപാത സ്ലാബുകൾ ഇട്ടു മീറ്ററുകളോളം ഉയരത്തിൽ നിർമിച്ച സ്ഥലത്ത് മണ്ണുനിറയ്ക്കാനാണ് കുന്നിന് കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ ഖനനം ചെയ്യാൻ അനുമതി തേടിയതെന്നറിയുന്നു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഇത്തരത്തിൽ വൻ വികസനം നടക്കുമ്പോൾ കുന്നുകൾ ഇടിക്കാം എന്നും പുഴകൾ നികത്താമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി 2024ൽ തടഞ്ഞിട്ടുണ്ട്.
പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്താതെ ഇത്തരത്തിൽ ഖനനം നടത്തരുത് എന്ന സുപ്രീംകോടതി ഉത്തരവാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ട് വൻതോതിൽ മണ്ണ് ഖനനം ചെയ്തെടുക്കാൻ നൽകിയ അപേക്ഷ നിയമ വിരുദ്ധവും നാട്ടുകാരുടെ നിത്യ ജീവിതത്തിനുമേൽ, കടയ്ക്കൽ കത്തിവയ്ക്കുന്നതാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിൽ രഹസ്യമായും നിയമവിരുദ്ധമായ, ജനവിരുദ്ധമായ, നടപടികളുമായി മുന്നോട്ടുപോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു തടയുമെന്ന് നാട്ടുകാർ പ്രഖ്യാപിച്ചിട്ടുണ്ട്.