ആറളത്ത് വീണ്ടും കാട്ടാനക്കലി; വനപാലകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
ഇരിട്ടി∙ആറളത്ത് ദുരന്ത ഭീതി ഉയർത്തി കാട്ടാനക്കലി തുടരുന്നു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ൽ രാത്രി നിരീക്ഷണം നടത്തുകയായിരുന്ന തളിപ്പറമ്പ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.ആർ.ദിപിൻ (24) തലനാരിഴയ്ക്കാണ് മോഴ (ചെറിയ മോഴ) ആനയുടെ കാൽക്കീഴിൽ നിന്നു രക്ഷപ്പെട്ടത്. ദിപിൻ നിന്ന ബസ് കാത്തിരിപ്പു കേന്ദ്രം തകർത്ത ആന മേച്ചിൽ ഷീറ്റിനടിയിൽ പെട്ട ദിപിനെ ലക്ഷ്യമിട്ടു പല തവണ ചവിട്ടി. ലക്ഷ്യം മാറി ചവിട്ട് കൊള്ളാതിരുന്നതും 10 മീറ്റർ മാറി വാഹനത്തിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ ജീപ്പ് സ്റ്റാർട്ട് ചെയ്തു ഇരപ്പിച്ചും നേരിട്ടും ബഹളം ഉണ്ടാക്കി ആനയെ പിന്തിരിപ്പിച്ചതിനാലുമാണ് ദിപിന് ജീവൻ തിരിച്ചുകിട്ടിയത്.

പോകുന്ന വഴി ബ്ലോക്ക് 10 ൽ തന്നെയുള്ള ഓമനയുടെ വീടും ആന തകർത്തു.വെള്ളിയാഴ്ച രാത്രി 12.30 നാണ് സംഭവം. ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിയ ആനകൾ തിരികെ പുനരധിവാസ മേഖലയിൽ എത്തുന്നതു തടയാനാണ് ദിപിൻ ഉൾപ്പെടുന്ന തളിപ്പറമ്പ് റേഞ്ചിലെ 5 അംഗം സംഘം വളയംചാൽ – താളിപ്പാറ റോഡിൽ പഴയ ആർആർടി ഓഫിസ് പരിസരത്ത് ഡ്യൂട്ടി കിട്ടി എത്തിയത്.ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം
വാഹനം നിർത്തിയിട്ടായിരുന്നു കാവൽ.നിരീക്ഷണത്തിന്റെ ഭാഗമായി ദിപിൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇറങ്ങി നിന്നു. മറ്റുള്ളവർ വാഹനത്തിലും. ഈ സമയം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉണ്ടായിരുന്ന ദിപിനെ ലക്ഷ്യമിട്ടു മോഴയാന പാഞ്ഞടുക്കുകയും കാത്തിരിപ്പുകേന്ദ്രം തകർത്തു ആക്രമണം നടത്തുകയുമായിരുന്നു.രാത്രി പട്രോളിങ്ങിൽ ഉണ്ടായിരുന്ന മറ്റു 2 വാഹനങ്ങൾ കൂടി സ്ഥലത്തെത്തി ആനയെ കാട്ടിലേക്കു തന്നെ തുരത്തുമ്പോൾ പോകുന്ന വഴിയാണ് പ്ലോട്ട് നമ്പർ 425 ലെ ഓമനയുടെ വീട് തകർത്തത്.
ഭർത്താവ് വെള്ളി മരിച്ചതിനെ തുടർന്നു ഓമനയും കുടുംബവും ഇവിടെ താമസം ഇല്ല. ജനൽ കുത്തി തകർത്ത നിലയിലാണ്.വീടിനുള്ളിൽ ശേഖരിച്ചു വച്ച കശുവണ്ടി ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണു നിഗമനം. പിന്നാലെ എത്തിയ വനം വകുപ്പ് സംഘം ഇവിടെ നിന്നു തുരത്തി ആനയെ വന്യജീവി സങ്കേതത്തിലേക്കു ഓടിച്ചു വിട്ടു.
2 മാസത്തിനിടെ 7വീടുകൾക്ക് നേരെ ആക്രമണം
കഴിഞ്ഞ മാസം 23 ന് വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു പുനരധിവാസ മേഖലയിൽ വനംവകുപ്പ് സംഘം മുഴുവൻ സമയ പരിശോധനയുമായി രംഗത്തുള്ളപ്പോൾ തന്നെ ആനയുടെ ആക്രമണവും തുടരുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികളും അധികൃതരും. 2 മാസത്തിനിടെ 7 വീടുകളാണ് ആക്രമിച്ചത്.സ്കൂട്ടർ യാത്രികരെ ആക്രമിച്ചതും ബസ് കാത്തിരിപ്പുകേന്ദ്രം തകർത്തതും ഇതിനു പുറമേയാണ്.
2 ഘട്ടങ്ങളിലായി തുടരുന്ന തുരത്തൽ യജ്ഞത്തിൽ 23 ആനകളെ കാട്ടിലേക്കു ഓടിച്ചു കയറ്റിയിരുന്നു. പുനരധിവാസ മേഖലയിൽ നിലവിൽ കാട്ടാനകൾ അവശേഷിക്കുന്നില്ലെന്നാണ് വനം വകുപ്പ് നീരീക്ഷണം. നൈറ്റ് പട്രോളിങ് സംഘങ്ങൾ പഴയ ആന മതിൽ പൊളിഞ്ഞ ഭാഗങ്ങൾ കേന്ദ്രീകരിച്ചു ആനകൾ തിരികെ വരാതിരിക്കാൻ കാവൽ നിൽക്കുകയാണ് ചെയ്യുന്നത്.സോളർ വേലി തകർത്താണ് ചെറിയ മോഴ പുനരധിവാസ മേഖലയിൽ എത്തി ആക്രമണം നടത്തിയതെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 'ഫാമിൽ കൂടുതൽ ഭീതി പരത്തുന്നതിൽ 2 മോഴയാനകളും ഉണ്ട്.
വലുപ്പ വ്യത്യാസം ഉള്ളതിനാൽ വലിയ മോഴയും ചെറിയ മോഴയും എന്നാണു അറിയപ്പെടുന്നത്. ഫാം കൃഷിയിടത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താൻ 2 മുതൽ ഓപ്പറേഷൻ എലിഫന്റ് ദൗത്യം പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പ്രാദേശിക നിരീക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.