പൊന്നുഗായകാ...; ഗാനമേളവേദികളെ ആവേശത്തിൽ ആറാടിച്ച് കണ്ണൂർ ഷാഫി യാത്ര തുടരുന്നു

Mail This Article
കണ്ണൂർ∙ ‘‘പൊന്നു സഖീ ഏതിനാ പിണക്കമെന്നോടെന്തിനാ..
അല്ല പൊന്നേ ഖൽബ് വേദനതന്ന് കെട്ടിവീട്ടിലാക്കി നാടുവിട്ടതെന്തിനാ..
അല്ല പൊന്നേ ഖൽബ് വേദനതന്ന് കെട്ടിവീട്ടിലാക്കി നാടുവിട്ടതെന്തിനാ..
മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ മിണ്ടൂല ഞാൻ മാരനേ..’’
പാടിത്തീരുമ്പോഴേക്കും സദസ്സിൽനിന്നു വിളിച്ചുപറയും ‘ഷാഫിക്കാ വൺസ് മോർ പ്ലീസ്..’ 30 കൊല്ലം മുൻപ് പാടിയ പൊന്നു സഖീ ഏതിനാ എന്ന മാപ്പിളപ്പാട്ട് ഇപ്പോഴും വേദികളിൽ ആവേശത്തോടെ പാടുകയാണ് കണ്ണൂർ ഷാഫി. 1995ൽ പുറത്തിറങ്ങിയ കിനാക്കിളി എന്ന കസെറ്റിലെ ഈയൊരു പാട്ടുമതി കണ്ണൂർ ഷാഫിയെന്ന ഗായകനെ തിരിച്ചറിയാൻ.
പേരിനൊപ്പം ‘കണ്ണൂർ’ ഉള്ള ഗായകർ ഇപ്പോൾ ഒത്തിരിയുണ്ട്. എന്നാൽ, സംഗീതസംവിധായകൻ കണ്ണൂർ രാജനു ശേഷം കണ്ണൂർപെരുമ പേരിനൊപ്പം ചേർത്ത് അറിയപ്പെട്ടത് ഷാഫിയായിരുന്നു. പാടിയത് അധികം ഹിന്ദിഗാനങ്ങളായിരുന്നെങ്കിലും മാപ്പിളപ്പാട്ടു വേദികളാണ് ഷാഫിയെ കണ്ണൂരിനും പുറത്തും പ്രശസ്തനാക്കിയത്. ഒരുകാലത്ത് ഗൾഫിൽ മലയാളികൾ കൂടുന്നിടത്തെല്ലാം കണ്ണൂർ ഷാഫിയുടെ പൊന്നുസഖി പാടുന്ന ഗാനമേളയുണ്ടാകുമായിരുന്നു.
കണ്ണൂർ കുറുവ സ്വദേശികളായ അബ്ദുൽ സത്താറും സക്കീനയുമാണ് മകനെ ഗാനരംഗത്തേക്കു കൊണ്ടുവന്നത്. ഗായകരായ ഉപ്പയുടെയും ഉമ്മയുടെയും കൂടെ കുടുംബസദസ്സുകളിൽ പാടാൻ തുടങ്ങിയ ഷാഫിയെ തലശ്ശേരിയിലെ ബാലന്റെ സംഗീതസ്കൂളിൽ ചേർത്തു. കർണാടകസംഗീതമായിരുന്നു അവിടെ പഠിച്ചത്.
സംഗീത കലാക്ഷേത്രയിൽ കൂത്തുപറമ്പ് ഹാരിസ്ഭായിയുടെ കീഴിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. എം.എസ്.അബ്ദുറഹിമാൻ, വി.കെ.സി.തങ്ങൾ, സോമൻ കുറുവ, ഹസൻബാവ, എൻ.പി.ഉമ്മർകുട്ടി എന്നിവരാണ് ഗാനവേദികളിലേക്ക് ഷാഫിയെ കൊണ്ടുവന്നതും കണ്ണൂർ ഷാഫിയെന്നു പേരിട്ടതും. ബോംബെ എസ്.കമാലിനൊപ്പം ഹിന്ദിഗാനങ്ങൾ പാടി ഷാഫി തുടക്കമിട്ടു. മുഹമ്മദ് റഫി ഗാനങ്ങളായിരുന്നു കൂടുതലും പാടിയിരുന്നത്.
കാസറ്റ് ഗാനങ്ങളുടെ പുഷ്കലകാലത്താണ് ഷാഫി പാടിത്തെളിഞ്ഞത്. കണ്ണൂർ നൗഷാദ് 1995ൽ റിലീസ് ചെയ്ത കിനാക്കിളിയിലെ പൊന്നുസഖി ഇറങ്ങിയതോടെ ഷാഫിയുടെ നല്ലകാലം തെളിഞ്ഞു. രഹ്നയായിരുന്നു കൂടെ പാടിയത്. കിനാക്കിളിയുടെ ഒരുലക്ഷം കസെറ്റുകളാണു വിറ്റത്. അതിനു പിന്നാലെ ഒട്ടേറെ കസെറ്റ് ഗാനങ്ങൾ ഇറങ്ങി. പക്ഷേ, എവിടെ പാടാൻ പോയാലും ആളുകൾക്കു വേണ്ടിയിരുന്നത് പൊന്നുസഖിയായിരുന്നു. ഒരേ വേദിയിൽതന്നെ മൂന്നുതവണ ആളുകൾ പാടിച്ചതായി ഷാഫി ഓർക്കുന്നു.
എരഞ്ഞോളി മൂസ, പീർ മുഹമ്മദ് എന്നിവർക്കൊപ്പം ഒട്ടേറെ വേദികളിൽ മാപ്പിളപ്പാട്ടുകൾ പാടി. ഗൾഫിലായിരുന്നു കൂടുതൽ ഗാനമേളകളും അരങ്ങേറിയത്. മിൻമിനിക്കൊപ്പം പാടിയ ‘മധുരത്തേൻ നിലാവേ’, ‘അഹദവനേ’ തുടങ്ങിയവയൊക്കെ വൻ ഹിറ്റായിരുന്നു. പുതുതലമുറയിൽ ഒട്ടേറെ മാപ്പിളപ്പാട്ടുകാർ വന്നെങ്കിലും അവരൊക്കെ പാടി ഹിറ്റാക്കുന്നത് പൊന്നുസഖി തന്നെയാണ്. പൊന്നുസഖി പാടിയതു താനാണെന്ന് സമൂഹമാധ്യമങ്ങളിലൊന്നിലും കാണാത്തതിൽ പരിഭവമില്ലെന്ന് ഷാഫി പറഞ്ഞു.
‘‘ ടിവിയും സമൂഹമാധ്യമവുമൊന്നുമില്ലാത്ത കാലത്ത് മാപ്പിളപ്പാട്ടുകൾ പാടിത്തകർത്തവരാണ് ഞാനും എരഞ്ഞോളി മൂസക്കയും പീർ മുഹമ്മദ്ക്കയുമൊക്കെ. അതുകൊണ്ടുതന്നെ ഞങ്ങളുടെ വിഡിയോയൊന്നും കാണില്ല. പക്ഷേ, ഞങ്ങൾ പാടിയ പാട്ടുകൾ എന്നുമുണ്ടാകും. ഇനി വരുന്ന തലമുറയും അതു പാടും. ഗായകൻ എന്നനിലയ്ക്ക് അതുതന്നെയാണ് എന്റെ സന്തോഷവും’’– കണ്ണൂർ ഷാഫി പറഞ്ഞു. സെറീനയാണു ഭാര്യ. മക്കൾ: ഷബീർ, ഷഫീർ.