വേനൽമഴയും കാറ്റും; മലയോരത്ത് വ്യാപകനാശം

Mail This Article
ചെറുപുഴ∙വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മലയോരത്ത് വ്യാപക നാശം.കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും ചെറുപുഴ പഞ്ചായത്തിലെ കുളത്തുവായി,കോറാളി,മീന്തുള്ളി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്കും കൃഷികൾക്കുമാണ് നാശമുണ്ടായത്.

കുളത്തുവായിലെ ഒ.കെ.ലക്ഷ്മണന്റെ വീടിനു മുകളിൽ പ്ലാവ് ഒടിഞ്ഞു വീണതിനെ തുടർന്നു അടുക്കള ഭാഗം പൂർണമായും തകർന്ന നിലയിലാണ്. കോറാളിയിലെ കുഴിഞ്ഞാലിൽ ജോർജിന്റെ വീടിനു മുകളിൽ കമുക് ഒടിഞ്ഞു വീണു മേൽക്കൂര തകർന്നു. ചൂരപ്പടവിലെ മരോട്ടിയാംകുളം ഫിലിപ്പിന്റെ വീടിനു മുകളിൽ തെങ്ങ് വീണതിനെ തുടർന്നു ഭാഗികമായി തകർന്നു.

അമ്പലവയലിൽ തങ്കപ്പന്റെ പ്ലാവ്, വളവനാട്ട് പൊന്നമ്മയുടെ റബർ,കമുക്,കൊച്ചിലാത്ത് ബേബിയുടെ തേക്ക്,മുതുവം പാടിയിലെ വി.എൻ.ഗോപിയുടെ തെങ്ങ്, കമുക് എന്നിവ കാറ്റിൽ നശിച്ചു. മീന്തുള്ളിയിലെ എം.ജെ.ഷിജുവിന്റെ പാവൽക്കൃഷി കനത്ത കാറ്റിൽ നശിച്ചു. തിരുമേനി-കോറാളി റോഡിലെ വൈദ്യുതി ലൈനിൽ കമുക് ഒടിഞ്ഞുവീണതിനെ തുടർന്നു വൈദുതി വിതരണവും താറുമാറായി.നാശനഷ്ടം ഉണ്ടായവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നു കർഷകസംഘടനകൾ ആവശ്യപ്പെട്ടു.

കരിവെള്ളൂർ ∙ മരം പൊട്ടി വൈദ്യുതകമ്പിക്ക് മുകളിൽ വീണു. തെരു, കുണിയൻ, കരിവെള്ളൂർ, തെക്കെ മണക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യുത കമ്പിയിലാണ് മരം വീണത്.രണ്ട് വൈദ്യുതത്തൂണുകൾ പൊട്ടിവീണു. ഏറെ നേരം വൈദ്യുത വിതരണം തടസ്സപ്പെട്ടു.