ഭാഗ്യം കൊണ്ട് മാത്രം ആളപായം ഒഴിവാകുന്നു: അപകടക്കവലയായി തായത്തെരു റോഡ് ജംക്‌ഷൻ

Mail This Article
കണ്ണൂർ ∙ വലിയവളപ്പ് കാവ് റോഡ്, കസാനക്കോട്ട റോഡ്, സിറ്റി റോഡ്, കണ്ണൂർ ടൗൺ റോഡ് എന്നിവ ചേരുന്ന മനോരമ ഓഫിസ് ജംക്‌ഷനിൽ അപകടം തുടർക്കഥയാകുന്നു. വൈകിട്ടാകുമ്പോൾ വാഹനത്തിരക്ക് ഇരട്ടിക്കുന്ന ഇവിടെ വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവാകുന്നത്. സ്പീഡ് ബ്രേക്കർ, ഡിവൈഡർ, ബംപ് എന്നിവ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം. മുന്നറിയിപ്പ് സൂചനാ ബോർഡുകളൊന്നുമില്ലാത്തതു കാരണം വാഹനം ഓടിച്ച് ഇവിടെയെത്തുമ്പോൾ മാത്രമാണ് ജംക്‌ഷനാണെന്ന് മനസ്സിലാകുക.
അപ്പോഴേക്കും മറ്റ് റോഡുകളിൽ നിന്നുള്ള വാഹനങ്ങളുമെത്തും. തലങ്ങും വിലങ്ങും വാഹനമാകുന്നതോടെ കുരുക്കിലാകും ജംക്‌ഷൻ. വലിയവളപ്പ് കാവ് റോഡ്– കസാനക്കോട്ട റോഡ് എന്നിവിങ്ങളിൽ ബംപ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തായത്തെരു – സിറ്റി റോഡിൽ ഡിവൈഡറും സ്പീഡ് ബ്രേക്കറും സ്ഥാപിച്ചാൽ ഒരു പരിധിവരെ വാഹനാപകടം ഒഴിവാക്കാം. പൊലീസ്– മോട്ടർ വാഹന വകുപ്പും കോർപറേഷനും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.