ജനവാസകേന്ദ്രത്തിൽ വീണ്ടും കാട്ടുപോത്തുകൾ; ആശങ്ക

Mail This Article
ചിറ്റാരിപ്പറമ്പ് ∙ വനമേഖലയിലെ ജനവാസകേന്ദ്രത്തിൽ പതിവായി കാട്ടുപോത്തുകൾ (കാട്ടി) ഇറങ്ങുന്നത് ആശങ്കയാകുന്നു. ഇന്നലെ ചങ്ങലഗേറ്റ് – പെരുവ റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്തിൻകൂട്ടം മണിക്കൂറോളം യാത്രക്കാരെ മുൾമുനയിൽ നിർത്തി. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, കണ്ണവം കോളനി, പന്ന്യോട്, പൂഴിയോട്, ചെന്നപ്പൊയിൽ, നരിക്കോട്, വാഴമല എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ കാട്ടുപോത്തുശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസമാണ് പന്ന്യോട് ജനവാസമേഖലയിൽ കാട്ടുപോത്ത് 2 ഗർഭിണിപ്പശുക്കളെ കൊന്നത്. 2 വർഷം മുൻപ് പ്രഭാതസവാരിക്കിറങ്ങിയ കോളയാട് കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (98) കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റവർ ഒട്ടേറെ.
രാത്രി വൈകുംവരെ കാവലിരുന്നാണ് ഈ പ്രദേശത്തുള്ളവർ കൃഷിയിടം സംരക്ഷിക്കുന്നത്. കോളയാട് ചങ്ങലഗേറ്റ് മുതൽ പെരുവ വരെയുള്ള 6 കിലോമീറ്ററോളം റോഡിൽ ദിനംപ്രതി കാട്ടുപോത്ത് എത്തുന്നുണ്ട്. പെരുവ ഭാഗത്തേക്ക് എപ്പോഴും ബസില്ലാത്തതിനാൽ പലരും വനത്തിലൂടെ നടന്നാണു പോകുന്നത്. ഇരുചക്രവാഹന യാത്രക്കാരും ഭീതിയിലാണ്. റോഡിന്റെ ഇരുവശത്തെയും അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വീടുകൾക്കു സമീപത്തും കാട്ടുപോത്തിൻകൂട്ടം എത്തുന്നുണ്ട്. ഇവയെ തുരത്താനുള്ള സംവിധാനമില്ല.