കതിരൂർ പുല്യോട് കൂർമ്പ ഭഗവതിക്ഷേത്രം തിറ ഉത്സവം: കലശം കൊണ്ടുപോകുന്നതിനിടെ സംഘർഷം; 4 പേർക്ക് പരുക്ക്
Mail This Article
പിണറായി∙ കതിരൂർ പുല്യോട് കൂർമ്പ ഭഗവതി ക്ഷേത്രം തിറ ഉത്സവത്തിന്റെ ഭാഗമായി കലശം കൊണ്ടുപോകുന്നതിനിടെ സംഘർഷം. ബിജെപി പ്രവർത്തകർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. സംഭവത്തിൽ ബിജെപി പ്രവർത്തകരായ പെനാങ്കിമെട്ടയിലെ രമേശൻ (55), പൊട്ടൻപാറയിലെ സജീവൻ (53), കാപ്പുമ്മലിലെ രാജേഷ് (45) ഓട്ടോഡ്രൈവർ കുഞ്ഞിപ്പറമ്പത്ത് രാജീവൻ (53) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സ തേടി.
കോഴൂർ ശ്രീനാരായണ വായനശാല പരിസരത്തു നിന്നു തുടങ്ങിയ ഡിജെ കലശം കാപ്പുമ്മലിൽ എത്തിയപ്പോഴാണു സംഘർഷമുണ്ടായത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 4 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.
ഉത്സവങ്ങളെയും വിശ്വാസങ്ങളെയും അവഹേളിച്ചു സിപിഎം പ്രവർത്തകർ നടത്തുന്ന കലശഘോഷയാത്രകൾ ഭക്തരെ ഭീതിപ്പെടുത്താനാണെന്നു ബിജെപി ചക്കരക്കൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കാപ്പുമ്മലിൽ നാലുപേർ ആക്രമിക്കപ്പെട്ടിട്ട് ഒരാളുടെ മൊഴിമാത്രം പിണറായി പൊലീസ് രേഖപ്പെടുത്താൻ തയാറാകുന്നത് അക്രമികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ബിജെപി സൗത്ത് ജില്ലാ അധ്യക്ഷൻ ബിജു ഏളക്കുഴി പ്രസ്താവനയിൽ അറിയിച്ചു.
പൊലീസ് അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അറിയിച്ചു.