ADVERTISEMENT

ഉദുമ ∙ ഉദുമ ഒദോത്ത് തെരുവത്തമ്പലം ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ 20 വരെ നടക്കുന്ന അകത്ത് കളിയാട്ടത്തിൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും. കണ്ണൂരിലെ പട്ടുവം മുതൽ ദക്ഷിണ കന്നഡ ജില്ലയിലെ പനമ്പൂർ വരെയുള്ള 14 നഗരത്തിലെ ശാലിയ സമുദായത്തിന്റെ 22 ക്ഷേത്രങ്ങളി‍ൽ പ്രധാനമാണ് ഈ ക്ഷേത്രം. ഉദുമയിൽ നിന്ന് 3 കിലോമീറ്റർ അകലെ പടിഞ്ഞാർ തെരുവിലാണ് 550 വർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം.

ചൂളിയാർ ഭഗവതി തെയ്യം.
ചൂളിയാർ ഭഗവതി തെയ്യം.

ക്ഷേത്രത്തിന് അരകിലോമീറ്റർ അകലെയുള്ള കോതാറമ്പത്ത് ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ചൂളിയാർ ഭഗവതി ഒദോത്ത് നഗരത്തിലേക്ക് എഴുന്നള്ളിയത് എന്നാണ് സങ്കൽപം.തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നിന്ന് കീഴൂർ ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ധർമശാസ്താവ് ഒദോത്ത് എന്ന സ്ഥലത്ത് വിശ്രമിച്ചെന്നും പ്രസ്തുത സ്ഥലമാണ് തെരുവത്തമ്പലമായി മാറിയതെന്നുമാണ് ഐതിഹ്യം.

അതുകൊണ്ടാണ് തൃക്കണ്ണാട് ആറാട്ട് ഉത്സവത്തിനായി കീഴൂരിൽ നിന്ന് കടലോരത്തു കൂടിയുള്ള യാത്രയിൽ ഒദോത്ത് ചൂളിയാർ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കിഴക്ക് ഭാഗത്തേക്ക് ദർശനം നടത്തി ആശീർവദിക്കുന്നതെന്നും തൃക്കണ്ണാട് ആറാട്ട് ഉത്സവം കഴിഞ്ഞുള്ള ശാസ്താവീശ്വരന്റെയും കുതിരക്കാളിയമ്മയുടെയും മടക്കയാത്രയിൽ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്ത് വിശ്രമിച്ച് കീഴൂരിലേക്ക് യാത്ര ചെയ്യുന്നതെന്നുമാണ് ഐതിഹ്യം. ശാസ്താവീശ്വരൻ വിശ്രമിച്ച സ്ഥലത്താണ് വർഷം തോറും കളിയാട്ടം നടക്കുന്നത്.

ക്ഷേത്രപ്പെരുമ

ചൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി, മൂവാളംകുഴി ചാമുണ്ഡി, പടവീരൻ, ഗുളികൻ എന്നീ ദേവീദേവന്മാർ ക്ഷേത്രത്തിൽ ‍സാന്നിധ്യം ചെയ്യുന്നു. ചെരിപ്പാടി നായന്മാരുടെയും പാലക്കിൽ നായന്മാരുടെയും കുടുംബാംഗങ്ങളാണ് ക്ഷേത്ര കോയ്മകൾ. 6 അവകാശികളും 32 കൂടിയ ക്ഷേത്ര അവകാശികളാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നിർവഹിക്കുന്നത്. ഞണ്ടാരില്ലം തറവാട്, തൊരപ്പന്മാരില്ലം തറവാട്, താരുരുട്ടി ഇല്ലം, അത്തിക്കാൽ തറവാട് എന്നിവ ക്ഷേത്ര പരിധിയിൽ സ്ഥിതി ചെയ്യുന്ന തറവാടുകളാണ്. ‍

കളിയാട്ടം, പൂര ഉത്സവം, തിരുനിറ–തൃപുത്തരി ഉത്സവം, കർക്കടകം പതിനാറാം നാൾ, വിഷുക്കണി, ശ്രീകൃഷ്ണാഷ്ടമി, തുലാം പത്ത്, നവരാത്രി പൂജ, പുനഃപ്രതിഷ്ഠാ ദിനം എന്നീ ഉത്സവങ്ങൾ വർഷം തോറും നടത്താറുണ്ട്. എല്ലാ മാസവും സംക്രമപൂജയും ചൊവ്വാഴ്ചകളിൽ ഭജനയും നടക്കും. വഴിപാടായി ചൊവ്വ വിളക്കും അരിത്രാവൽ അടിയന്തിരവും നടത്താറുണ്ട്. വർഷങ്ങളുടെ ഇടവേളകളിൽ 5 ദിവസം നീണ്ടുനിൽക്കുന്ന അകത്ത് കളിയാട്ടവും നടത്താറുണ്ട്. മേലേരി ഈ ക്ഷേത്രത്തിലെ അതിപ്രധാനമായ വടക്കേമ്പാതിൽ ഉത്സവമാണ്..

കളിയാട്ടദിന പരിപാടികൾ‌

ഇന്ന് രാവിലെ 7.15ന് കോതാറമ്പത്ത് ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. രാവിലെ 9ന് ക്ഷേത്ര തന്ത്രി ഉച്ചില്ലത്ത് പത്മനാഭ തന്ത്രിക്ക് വരവേൽപ്. ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 3ന് സാംസ്കാരിക സമ്മേളനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. 6.30ന് ക്ഷേത്ര മാതൃസമിതിയുടെയും ഭജനസമിതിയുടെയും വക കാഴ്ചവസ്തു സമർപ്പണം. 9ന് അന്നദാനം, 10ന് ക്ഷേത്ര യുഎഇ കമ്മിറ്റിയുടെ നാട്ടരങ്ങ്, 11ന് തെയ്യങ്ങളുടെ വെള്ളാട്ടവും കുളിച്ചുതോറ്റവും.

നാളെ രാവിലെ 5 മുതൽ പടവീരൻ, വിഷ്ണുമൂർത്തി, ചൂളിയാർ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്, 7.30ന് തെയ്യങ്ങളുടെ തോറ്റങ്ങൾ, രാത്രി 9ന് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര. രാത്രി 11 മുതൽ വെള്ളാട്ടവും തോറ്റങ്ങളും,മറ്റന്നാൾ രാവിലെ 5 മുതൽ തെയ്യങ്ങളുടെ പുറപ്പാട്, വൈകിട്ട് 7.30ന് തെയ്യങ്ങളുടെ തോറ്റങ്ങൾ, രാത്രി 9ന് വടക്കൻസ് കണ്ണൂരിന്റെ മാമാങ്കം. 11മുതൽ വെള്ളാട്ടവും തോറ്റങ്ങളും. 20ന് രാവിലെ 5 മുതൽ തെയ്യങ്ങളുടെ പുറപ്പാട്, വൈകിട്ട് 6.30ന് ഗുളികൻ തെയ്യം, രാത്രി 7ന് വിളക്കിലരി ചടങ്ങോടെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com