ഇന്ധന വിതരണക്കമ്പനികൾ ലയിച്ചു, ‘തിങ്ക് ഗ്യാസ്’ ബ്രാൻഡ് : കേരളത്തിലും സാന്നിധ്യം

Mail This Article
ന്യൂഡൽഹി ∙ പൈപ്പ് വഴി വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും പ്രകൃതിവാതകം എത്തിക്കുകയും ഓട്ടോറിക്ഷകൾ ഉൾപ്പെടെ വിവിധതരം വാഹനങ്ങൾക്ക് സിഎൻജി ഇന്ധനവിതരണം നടത്തുകയും ചെയ്യുന്ന രാജ്യത്തെ 2 കമ്പനികൾ ലയനം പ്രഖ്യാപിച്ചു. നിലവിൽ കേരളത്തിലും പ്രവർത്തനം നടത്തുന്ന എജി ആൻഡ് പി പ്രഥം, ഉത്തരേന്ത്യയിൽ പ്രവർത്തനം നടത്തുന്ന തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണു ലയിച്ചത്.
പ്രവർത്തനം കാര്യക്ഷമമാക്കാനും വിപണി സാന്നിധ്യം വിപുലമാക്കാനും വേണ്ടി ഇനി തിങ്ക് ഗ്യാസ് എന്ന ഒറ്റ ബ്രാൻഡിനു കീഴിൽ ഇവ അറിയപ്പെടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി എജി ആൻഡ് പി പ്രഥം പൈപ്പിലൂടെ പ്രകൃതിവാതകം എത്തിച്ചുള്ള 34,000 ഗാർഹിക പാചകവാതക കണക‍്ഷനുകളും പുറമേ 43 സിഎൻജി പമ്പുകളുമുണ്ട്.
ഇന്ത്യ എനർജി വീക്ക് ചടങ്ങിൽ പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡ് (പിഎൻജിആർബി) ചെയർപഴ്സൻ ഡോ.അനിൽ കുമാർ ജയിൻ ബ്രാൻഡുകളുടെ ലയന ലോഗോ അനാവരണം ചെയ്തു.
തിങ്ക് ഗ്യാസ് ചെയർമാൻ അമിതാവ സെൻഗുപ്ത, എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അഭിലേഷ് ഗുപ്ത എന്നിവർ പ്രസംഗിച്ചു. നഗരമേഖലയിലെ വാതക വിതരണ രംഗത്തെ 2 പ്രമുഖ ബ്രാൻഡുകളും കമ്പനികളുമായ എജി ആൻഡ് പി പ്രഥമും തിങ്ക് ഗ്യാസും ലയനത്തിനു ശേഷമുള്ള ബ്രാൻഡിന്റെ പ്രവർത്തനം 10 സംസ്ഥാനങ്ങളിലെ 50 ജില്ലകളിലായി രാജ്യത്തിന്റെ 10% പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതോടെ, 18 കോടിയിലേറെ ഉപയോക്താക്കളിലേക്ക് എത്തുകയാണ് ലക്ഷ്യം. ലയനത്തോടെ നഗര വാതക വിതരണ ബിസിനസിൽ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമുള്ള കമ്പനിയായി തിങ്ക് ഗ്യാസ് മാറും.
വിദേശ കമ്പനികളായ ഐ സ്ക്വയേർഡ് ക്യാപ്പിറ്റൽ, കൊനോയിക്കെ ഗ്രൂപ്പ്, ഒസാക്ക ഗ്യാസ്, സുമിതോമോ കോർപറേഷൻ, ജപ്പാൻ ഓവർസീസ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് അർബൻ ഡവലപ്മെന്റ്, ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷനൽ കോർപറേഷൻ എന്നിവയാണു നിക്ഷേപകർ.
ന്യൂഡൽഹിയിൽ ഇന്ത്യ എനർജി വീക്കിനിടെ നടന്ന എജി ആൻഡ് പി പ്രഥമിന്റെയും തിങ്ക് ഗ്യാസിന്റെയും ലയന ചടങ്ങിൽ പുതിയ ലോഗോ പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡ് (പിഎൻജിആർബി) ചെയർപഴ്സൻ ഡോ. അനിൽ കുമാർ ജയിൻ പുറത്തിറക്കുന്നു. പിഎൻജിആർബി ഡയറക്ടർ (കമേഴ്സ്യൽ) പങ്കജ് ഭൂട്ടാനി, തിങ്ക് എൽഎൻജി ഇൻവെസ്റ്റ്മെന്റ്സ് സിഇഒ സന്ദീപ് തെഹ്റാൻ, തിങ്ക് ഗ്യാസ് ചെയർമാൻ അമിതാവ സെൻഗുപ്ത, തിങ്ക് ഗ്യാസ് എംഡിയും സിഇഒയും ആയ അഭിലേഷ് ഗുപ്ത, ഒസാക്ക ഗ്യാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി തകേഷി ഷിനോഹാറ സാൻ എന്നിവർ സമീപം.