ഈസ്റ്റേണിനെയും എംടിആർ ഫുഡ്സിനെയും സ്വന്തമാക്കാൻ ഐടിസി; 12,150 കോടിയുടെ ഡീൽ

Mail This Article
പ്രമുഖ ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിനെയും (Eastern Condiments) എംടിആര്‍ ഫുഡ്സിനെയും (MTR Foods) സ്വന്തമാക്കാൻ മുൻനിര എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ് (ITC Limited). നിലവിൽ നോർവേ കമ്പനിയായ ഓർക്‌ലയുടെ (Norway's Orkla ASA) കീഴിലാണ് ഈസ്റ്റേണും എംടിആർ ഫുഡ്സും. ഏകദേശം 140 കോടി ഡോളറിന് (12,150 കോടി രൂപ) ഇരു ബ്രാൻഡുകളെയും സ്വന്തമാക്കി, ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ഉന്നമിടുന്നതെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.

2020 സെപ്റ്റംബറിലായിരുന്നു പ്രമുഖ സംരംഭകൻ നവാസ് മീരാന്റെ നേതൃത്വത്തിലായിരുന്ന ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ 67.8% ഓഹരികൾ നോർവേയിലെ ഓസ്‍ലോ ആസ്ഥാനമായ ഓർക്‌ല ഫുഡ്സ് സ്വന്തമാക്കിയത്. 1,356 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഓർക്‌ലയുടെ പൂർണ ഉടമസ്ഥതയിലായിരുന്ന എംടിആർ ഫുഡ്സ് വഴിയായിരുന്നു ഏറ്റെടുക്കൽ.

2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓർക്‌ല ഇന്ത്യയിൽ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ (Maiya) കുടുംബം 1950ൽ സ്ഥാപിച്ച കമ്പനിയാണിത്. ഇന്ത്യക്കുപുറമേ ജപ്പാൻ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മിഡിൽ-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കമ്പനിക്ക് വിപണി സാന്നിധ്യമുണ്ട്.
വിടാതെ ഐപിഒ നീക്കം
ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ആലോചിക്കുന്നതായി ഓർക്‌ല 2024 സെപ്റ്റംബറിൽ അറിയിച്ചിരുന്നു. എന്നാൽ, മികച്ച മൂല്യം (better valuation) ലഭിച്ചാൽ മുഴുവൻ ഓഹരികളും സ്വകാര്യ ഇടപാടിലൂടെ വിറ്റഴിക്കാൻ ഇപ്പോൾ കമ്പനി ആലോചിക്കുന്നുണ്ട്. പ്രതീക്ഷിക്കുന്ന മൂല്യം ലഭിക്കുന്നില്ലെങ്കിൽ ഐപിഒ പദ്ധതി പുനരാലോചിക്കും.
ഓഹരി ഏറ്റെടുക്കൽ നീക്കം സംബന്ധിച്ച് ഐടിസിയോ ഓർക്‌ലയോ ഈസ്റ്റേണോ പ്രതികരിച്ചിട്ടില്ല. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ ശക്തമായ വിപണിസാന്നിധ്യമുള്ള ബ്രാൻഡുകളാണ് എംടിആറും ഈസ്റ്റേണും. 2023-24ൽ ഓർക്‌ലയുടെ ഇന്ത്യാ വരുമാനമായിരുന്ന 2,400 കോടി രൂപയിൽ 80 ശതമാനവും സമ്മാനിച്ചത് ഈസ്റ്റേണും എംടിആറുമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business