ADVERTISEMENT

കാസർകോട് ∙ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്മാർ, വെണ്ണക്കുടവും കൈകളിലേന്തി നൃത്തച്ചുവടുകളുമായി ഗോപികമാർ, രാമായണ–മഹാഭാരത കഥകൾ പുനരവതിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാടെങ്ങും അമ്പാടികളായി മാറിയപ്പോൾ കുസൃതികളും കളികളുമായി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും മനം നിറഞ്ഞാടി. കൃഷ്ണൻ പിറന്ന കാരാഗൃഹവും ഗോവർധനവും മഹാഭാരത യുദ്ധവുമൊക്കെ നിശ്ചല ദൃശ്യങ്ങളുടെ രൂപത്തിൽ ഭക്തർക്കു മുന്നിലെത്തി.

മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ  ബോവിക്കാനത്ത് നടന്ന ആഘോഷപരിപാടിയിൽ ചിത്രം: മനോരമ
മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് നടന്ന ആഘോഷപരിപാടിയിൽ ചിത്രം: മനോരമ

വസുദേവരും യശോദയും കംസനും ഹനുമാനുമൊക്കെ പുനരവതരിച്ചു! വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഡംബരങ്ങൾ ഒഴിവാക്കിയെങ്കിലും ഭക്തി സാന്ദ്രമായിരുന്നു ശോഭായാത്രകൾ.  മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് ധാർമികസഭയും ശോഭായാത്രയും നടത്തി. ധാർമികസഭ ആർഎസ്എസ് ജില്ലാ സംഘചാലക് കെ.പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. ആഘോഷസമിതി അധ്യക്ഷ വി.യശോദ അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗം വിദ്യാസാഗർ ഗുരുമൂർത്തി പ്രഭാഷണം നടത്തി.

കണ്ണനൊരുമ്മ...
മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ  ബോവിക്കാനത്ത് നടന്ന ആഘോഷപരിപാടിയിൽ കൃഷ്ണവേഷമണിഞ്ഞെത്തിയ മൂന്നര വയസ്സുകാരി അനൈഘയ്ക്ക് മുത്തം നൽകുന്ന രാധാ വേഷധാരിയായ കുട്ടി. ചിത്രം: മനോരമ
കണ്ണനൊരുമ്മ... മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് നടന്ന ആഘോഷപരിപാടിയിൽ കൃഷ്ണവേഷമണിഞ്ഞെത്തിയ മൂന്നര വയസ്സുകാരി അനൈഘയ്ക്ക് മുത്തം നൽകുന്ന രാധാ വേഷധാരിയായ കുട്ടി. ചിത്രം: മനോരമ

ഷണ്മുഖ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മുളിയാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും സാന്ദീപനി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ അമ്മങ്കോട് ഭജന മന്ദിരത്തിൽ നിന്നു പാർത്ഥസാരഥി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചിപ്ലിക്കയ ഭജന മന്ദിരത്തിൽ നിന്നും ഗോവർധന ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ ബോവിക്കാനത്ത് സംഗമിച്ച ശേഷം കാൽനടയായി മല്ലം ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ സമാപിച്ചു. 

കരിവേടകം ദുർഗ പരമേശ്വര ക്ഷേത്രത്തിൽ ശ്രീകൃഷ്ണ, രാധാ വേഷം ധരിച്ച കുട്ടികൾ.
കരിവേടകം ദുർഗ പരമേശ്വര ക്ഷേത്രത്തിൽ ശ്രീകൃഷ്ണ, രാധാ വേഷം ധരിച്ച കുട്ടികൾ.

വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കു ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ശോഭായാത്രകൾ പുറപ്പെട്ടത്. പങ്കെടുത്തവർ വയനാട് സ്നേഹനിധി സമർപ്പണവും നടത്തി.  ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുലം ജില്ലയിൽ 96 ശോഭായാത്രകളാണ് നടന്നത്. ഉദുമ, പരവനടുക്കം, ബന്തടുക്ക, കാഞ്ഞങ്ങാട് നഗരം, രാം നഗർ, പുല്ലൂർ, അമ്പലത്തറ, കൊട്ടോടി, കോളിച്ചാൽ, നീലേശ്വരം, തൈക്കടപ്പുറം എന്നിവിടങ്ങളിൽ വിവിധ ഗോകുലങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശോഭായാത്രകൾ സംഗമിച്ച് മഹാ ശോഭായാത്രയായി സമാപിച്ചു.

സുള്ള്യ ജാൽസൂർ വിനോബനഗര വിവേകാനന്ദ സ്കൂളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശ്രീകൃഷ്ണ, രാധ വേഷം ധരിച്ച കുട്ടികൾ.
സുള്ള്യ ജാൽസൂർ വിനോബനഗര വിവേകാനന്ദ സ്കൂളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശ്രീകൃഷ്ണ, രാധ വേഷം ധരിച്ച കുട്ടികൾ.

‘പുണ്യമീ മണ്ണ് പവിത്ര മീ ജന്മം’ എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. മാതോത്ത് മഹാവിഷ്ണു ക്ഷേത്രം, അരയി കാർത്തിക മുത്തപ്പൻ മടപ്പുര ക്ഷേത്രം, ചെമ്മട്ടംവയൽ ബല്ലത്തപ്പൻ ക്ഷേത്രം, കല്ലുരാവി അയ്യപ്പ ഭജനമഠം, ഹൊസ്ദുർഗ് അമ്മനവർ ദേവസ്ഥാന പരിസരം, പടിഞ്ഞാറേക്കര വിഷ്ണുമൂർത്തി ക്ഷേത്രം, അജാനൂർ കുറുംബാ ഭഗവതി ക്ഷേത്രം, കൊളവയൽ രാജരാജേശ്വരി ക്ഷേത്രം, മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രം, ഹൊസ്ദുർഗ് ശ്രീകൃഷ്ണ മന്ദിരം, ഹൊസ്ദുർഗ് മൂകാംബിക ക്ഷേത്രം, കുന്നുമ്മൽ ധർമശാസ്താ ക്ഷേത്രം എന്നീ ശോഭയാത്രകൾ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ സംഗമിച്ച് മഹാ ശോഭായാത്രയായി ഹൊസ്ദുർഗ് മാരിയമ്മൻ കോവിലിൽ സമാപിച്ചു.

അമ്പാടിയായി വീഥികൾ
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ  ശോഭായാത്രകളും ആഘോഷങ്ങളും നടന്നു. 
സുള്ള്യ ∙ വർണ വേഷം ധരിച്ച രാധമാരും  ഉണ്ണിക്കണ്ണൻമാരും മനം കവർന്നു. വിവിധ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.
ബദിയടുക്ക ∙ ബദിയടുക്ക ബാലഗോകുലം ശ്രീകൃഷ്ണ ജന്മാഷ്ടമി സമിതി ജന്മാഷ്ടമി ആഘോഷം ധാർമിക സാംസ്കാരിക പരിപാടികളോടെ നടത്തി. വിഎച്ച്പി കാസർകോട് ജില്ലാ മാതൃസമിതി പ്രമുഖ് ജയാശർമ്മിള ഉദ്ഘാടനം ചെയ്തു. 
സമിതി രക്ഷാധികാരി പെരുമുണ്ട ശങ്കരനരായണഭട്ട് അധ്യക്ഷത വഹിച്ചു. ബി.കെ.രാജേഷ്, കവിതകിഷോർ, ദിനേശ്, ഭുവനേശ്വരി, ബി.ജയരാമ, കവിത, ചന്ദ്രശേഖരപ്രഭു, ഭാസ്കര, ഗുരുപ്രസാദ് റൈ എന്നിവർ പ്രസംഗിച്ചു.|
കുണ്ടംകുഴി ∙ ബേഡഡുക്ക കുണ്ടംകുഴിയിൽ ശോഭായാത്ര കുണ്ടംകുഴി തോരോത്ത് നിന്നാരംഭിച്ച് കുണ്ടംകുഴി ശിവ ക്ഷേത്ര പരിസരത്ത് സമാപിച്ചു. കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നും  ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര നടത്തി. ക്ഷേത്രകമ്മിറ്റിയുടെ മേൽനോട്ടത്തിൽ അന്നദാനവും, ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ ദാനവും ഉണ്ടായിരുന്നു. കരിവേടകം ദുർഗ പരമേശ്വരി ക്ഷേത്രത്തിൽ പരിപാടികളോടെ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com